കാര്‍ മൈലേജ് ശരിയായി കണ്ടുപിടിക്കണോ? ചെയ്യേണ്ടത് ഇത്രമാത്രം
ഇന്ത്യയിലെ വാഹന ഉടമകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇന്ധനത്തിന്റെ ദിവസേനയെന്നോണം ഉയരുന്ന വില. അതിനാല്‍ തന്നെ കാറുകള്‍ വാങ്ങുമ്പോള്‍ അതിന്റെ ഫീച്ചറുകള്‍ക്കൊപ്പം, അല്ലെങ്കില്‍ അതിലും കൂടുതലായി ഇന്ധനക്ഷമതയാണ് ഉടമസ്ഥര്‍ പരിഗണന കൊടുക്കുന്ന പ്രധാന കാര്യം.എന്നാല്‍ കമ്പനികള്‍ പറയുന്ന മൈലേജ് യഥാര്‍ത്ഥത്തില്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്നത് പലപ്പോഴും ഉടമസ്ഥരെ കുഴപ്പിക്കുന്ന ചോദ്യമാണ്. ഇപ്പോള്‍ പുറത്തിറങ്ങുന്ന മോഡേണ്‍ കാറുകള്‍ മൈലേജ് കുഴപ്പമില്ലാത്ത രീതിയില്‍ കണക്കാക്കാന്‍ സാധിക്കുമെങ്കിലും കുറച്ച് പഴയ കാറുകളില്‍ ഇത് അസാധ്യമാണ്.
എന്നാല്‍ ചില ട്രിക്കുകള്‍ ഉപയോഗിച്ച് ഏത് കാറിന്റേയും മൈലേജ് തരക്കേടില്ലാത്ത രീതിയില്‍ കണക്കു കൂട്ടാന്‍ സാധിക്കുന്നതാണ്. കാറില്‍ ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടുന്ന കാര്യം. പിന്നീട് കാറിന്റെ ട്രിപ്പ് മീറ്റര്‍ റീസെറ്റ് ചെയ്യുകയോ, ഓഡോ മീറ്ററില്‍ റീഡിങ് രേഖപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. നിങ്ങള്‍ സഞ്ചരിക്കുന്ന മൊത്തം ദൂരത്തിന്റെ ട്രാക്ക് സൂക്ഷിക്കുക. ടാങ്ക് വീണ്ടും നിറയ്ക്കുക, അതിനു ശേഷം അടിച്ച ഇന്ധനത്തിന്റെ അളവും ശ്രദ്ധിക്കാം.
കാറിന്റെ ഫ്യുവല്‍ ടാങ്ക് നിറച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ സാധാരണ പോലെ കാര്‍ ഓടിക്കുക. സ്പീഡ് പരിധികള്‍ നിലനിര്‍ത്താനും മിതമായ വേഗത നിലനിര്‍ത്താനും ശ്രദ്ധിച്ചാല്‍ മൈലേജ് കൂടുതല്‍ കൈവരിക്കാനാവും. യാത്ര ചെയ്ത ദൂരം കണക്കാക്കാന്‍ അവസാന മീറ്റര്‍ റീഡിംഗില്‍ നിന്ന് നിലവിലെ റീഡിംഗിനെ കുറയ്ക്കുക. യാത്രയില്‍ കാറിന് ലഭിച്ച ഇന്ധനക്ഷമത എത്രയെന്ന് അറിയാന്‍ ഇന്ധനത്തിന്റെ അളവ് കൊണ്ട് സഞ്ചരിച്ച ദൂരം ഹരിക്കുകയാണ് വേണ്ടത്.
ഇതിനൊപ്പം കാറിന്റെ കണ്ടീഷന്‍ നല്ല നിലയിലാണ് എന്ന് ഉറപ്പ് വരുത്തുന്നതും നന്നായി മൈലേജ് ലഭിക്കുന്നതിനെ സഹായിക്കുന്ന കാര്യമാണ്.
അതിനൊപ്പം തന്നെ മൈലേജില്‍ കാര്യമായ കുറവ് വരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ മെക്കാനിക്കിന്റെ സഹായം തേടേണ്ടതാണ്. ഡ്രൈവിങ് ശീലമാണ് വാഹനത്തിന്റെ ഇന്ധനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നതെങ്കില്‍ അതിനും പരിഹാരം കാണണം.
Content Highlights:how to calculate car milage perfectly
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."