മൂല്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കണം: എം.എ യൂസഫലി
കോഴിക്കോട്: ലോകമലയാളികളില്‍ ഏറ്റവും ശ്രദ്ധേയനായ വ്യവസായപ്രമുഖന്‍ എം.എ യൂസഫലിക്ക് ഫാറൂഖ് കോളജില്‍ ഹൃദ്യമായ വരവേല്‍പ്പ്. സെല്‍ഫ് ഫൈനാന്‍സിങ് ഡിവിഷന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാനെത്തിയ യൂസഫലിക്ക് മാനേജിങ് കമ്മിറ്റി അംഗങ്ങളും വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും സഹൃദയരുമടങ്ങിയ സദസ് വന്‍ വരവേല്‍പ്പ് നല്‍കി. മൂല്യബോധമുള്ള തലമുറകളെ വാര്‍ത്തെടുക്കാന്‍ ഫാറൂഖ് കോളജിന് കഴിഞ്ഞിട്ടുണ്ടെന്നും ഈ ദൗത്യം തുടരണമെന്നും യൂസഫലി പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ യൂനിവേഴ്‌സിറ്റികളും കോളജുകളും സന്ദര്‍ശിച്ച അനുഭവങ്ങള്‍ അദ്ദേഹം വിദ്യാര്‍ഥികളുമായി പങ്കുവച്ചു. സത്യസന്ധതയും വിശ്വസ്തതയും കൈവെടിയാതെ ശ്രദ്ധിക്കണമെന്നും അതാണ് തന്റെ വിജയരഹസ്യമെന്നും അദ്ദേഹം പറഞ്ഞു.
ആത്മീയത മറന്നുള്ള ഭൗതിക വിദ്യാഭ്യാസം അര്‍ഥശൂന്യമാണെന്ന രാജ്യത്തെ വിദ്യാഭ്യാസ വിചക്ഷണനും മുന്‍ രാഷ്ട്രപതിയുമായ ഡോ. കെ.എസ് രാധാകൃഷ്ണന്റെ ഉദ്‌ബോധനം പുതിയ തലമുറ ഓര്‍ക്കണമെന്നും യൂസഫലി പറഞ്ഞു. മാതാ, പിതാ, ഗുരു, ദൈവം എന്നത് ആത്മീയതയിലൂന്നിയതാണ്.
സൗരയൂഥത്തിലേക്ക് മനുഷ്യന്‍ ചെന്നുകയറുമ്പോഴും കുടുംബബന്ധം പുലര്‍ത്താനാവാത്തത് ആത്മീയതക്കുറവാണെന്നും അദ്ദേഹം നിരീക്ഷിച്ചു. എന്തു തിരക്കിലാണെങ്കിലും 50 ദിവസത്തിലൊരിക്കലെങ്കിലും തന്റെ മാതാവിന്റെ അടുത്തെത്തി മൂന്നുദിവസം താമസിച്ച് ഭക്ഷണം കഴിച്ച് മടങ്ങുമായിരുന്നുവെന്നും അദ്ദേഹം മനസുതുറന്നു.
യുവതലമുറയുടെ വിജ്ഞാനതൃഷ്ണ ശ്രദ്ധേയമാണ്. മനുഷ്യന് നേടാന്‍ പറ്റുന്ന ഏറ്റവും വലിയ സമ്പത്ത് വിജ്ഞാനം തന്നെയാണ്. മറ്റെല്ലാ സമ്പാദ്യങ്ങളും ഒരിക്കല്‍ വരും മറ്റൊരിക്കല്‍ പോകും.
എന്നാല്‍ വിജ്ഞാനത്തിന് അതില്ല. വിജ്ഞാനം നേടുമ്പോള്‍ വിനയം വേണമെന്നും യൂസഫലി ഓര്‍മിപ്പിച്ചു. മാനേജിങ് കമ്മിറ്റി പ്രസിഡന്റ് പി.കെ അഹമ്മദ് അധ്യക്ഷനായി.
പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോളജ് മാനേജിങ് കമ്മിറ്റി ട്രഷറര്‍ സി.പി കുഞ്ഞിമുഹമ്മദ്, വൈസ് പ്രസിഡന്റ് കെ. കുഞ്ഞലവി, കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം ഡോ. കെ.എം. നസീര്‍ സംസാരിച്ചു. മാനേജിങ് കമ്മിറ്റി സെക്രട്ടറി കെ.വി കുഞ്ഞമ്മദ് കോയ സ്വാഗതവും മാനേജര്‍ അഡ്വ.എം. മുഹമ്മദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."