സംസ്ഥാന ഹജ്ജ് ക്യാംപ്: സൗമ്യം... സമര്‍പ്പണം... സംതൃപ്തം
നെടുമ്പാശ്ശേരി: സമര്‍പ്പിതമനസുമായി ദൈവപ്രീതി മാത്രം കാംക്ഷിച്ചു കൂട്ടത്തോടെ എത്തുന്ന തീര്‍ഥാടകസംഘം. അവര്‍ക്കു മുന്നില്‍ പുഞ്ചിരിയോടെ സലാം ചൊല്ലി വരവേല്‍ക്കുന്ന വളണ്ടിയര്‍മാര്‍, വിശുദ്ധഗേഹത്തിലെ പ്രാര്‍ഥനകളില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്ന അപേക്ഷയോടെ സ്‌നേഹപൂര്‍വം യാത്രയാക്കുന്ന ബന്ധുക്കളും സ്‌നേഹിതരും, തീര്‍ഥാടകര്‍ക്ക് മുഷിപ്പുതോന്നാതെ സൗമ്യമായി എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന സഊദി എയര്‍ലൈന്‍സിന്റെ സേവനസന്നദ്ധരായ പ്രവര്‍ത്തകര്‍, തീര്‍ഥാടകരുടെ പെട്ടികളും ബാഗുകളും ട്രോളികളില്‍ തള്ളിനീക്കി അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഒരു സംഘം യുവാക്കള്‍, പൂര്‍ണസമയവും ഭക്ഷണം ഒരുക്കി പ്രവര്‍ത്തിക്കുന്ന ഭക്ഷണശാല, തീര്‍ഥാടകരുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ ജാഗ്രതയോടെ ആതുരശുശ്രൂഷാ സേവകര്‍, തീര്‍ഥാടകര്‍ക്ക് മുന്നില്‍ വിനയാന്വിതരായി സ്‌നേഹാന്വേഷണങ്ങളോടെ നീങ്ങുന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗങ്ങളും ഉദ്യോഗസ്ഥരും. നെടുമ്പാശ്ശേരി സിയാല്‍ മെയിന്റനന്‍സ് ഹാങ്കറില്‍ സജ്ജമാക്കിയ സംസ്ഥാന ഹജ്ജ് ക്യാംപ് എല്ലാംകൊണ്ടും ശ്രദ്ധേയമാകുകയാണ്.
സമര്‍പ്പിതമനസുമായി തീര്‍ഥാടകരും അവര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്ന് ബന്ധുജനങ്ങളും നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപിലേക്ക് കൂട്ടത്തോടെ എത്തിത്തുടങ്ങിയതോടെ ഹജ്ജ് ക്യാംപ് സജീവമായി. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നതിനാല്‍ വലിയ യാത്രസംഘങ്ങളാണ് ഒരേ സമയം ക്യാംപിലെത്തുന്നത്. വിശുദ്ധഭൂമിയിലേക്ക് പോകാന്‍ വിമാനത്തില്‍ കയറുന്നതിന് മുന്‍പായി ഇഹ്‌റാം വസ്ത്രമണിഞ്ഞ് യാത്രയാകുന്നവര്‍ ഒരുവശത്തും മറുവശത്ത് അടുത്തദിവസം യാത്രയാകുന്നതിനായി എത്തിയ തീര്‍ഥാടകരും അണിനിരന്നതോടെ ക്യാംപിന്റെ ശാസ്ത്രീയമായ പ്രവര്‍ത്തനമികവും ക്രമീകരണവും ഏറെ ആകര്‍ഷണീയമായി. ദിവസവും രണ്ട് വിമാനങ്ങളിലായി 900 ത്തോളം പേരാണ് നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപില്‍ നിന്ന് പുറപ്പെടുന്നത്.
തീര്‍ഥാടകര്‍ക്ക് സഹായമെത്തിക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 400 ഓളം വളണ്ടിയര്‍മാരാണ് യാതൊരുവിധ ഭൗതികതാല്‍പര്യങ്ങളുമില്ലാതെ ക്യാംപില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞതവണ ക്യാംപില്‍ തീര്‍ഥാടകര്‍ കൂടുതല്‍ സമയം തങ്ങേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ഇത്തവണ യാത്രാസൗകര്യം പരിഗണിച്ചു തീര്‍ഥാടകര്‍ തലേദിവസം തന്നെ ഹജ്ജ് ക്യാംപില്‍ എത്തി വിമാനം പുറപ്പെടുന്ന സമയം വരെ പ്രാര്‍ഥനകളില്‍ മുഴുകുകയാണ്. ഉച്ചയ്ക്ക് ഒന്നിനും രാത്രി എട്ടിനുമാണ് സഊദി എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ പുറപ്പെടുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ലിയാരുടെ നേതൃത്വത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എ.കെ അബ്ദുല്‍ റഹ്മാന്‍, എച്ച്.ഇ ബാബുസേട്ട്, ഷെരീഫ് മണിയാട്ടുകുടി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, അഹമ്മദ് മൂപ്പന്‍, ഡോ.ഇ.കെ അഹമ്മദ് കുട്ടി, സംസ്ഥാന ഹജ്ജ ്കമ്മിറ്റി അസി.സെക്രട്ടറി ഇ.സി മുഹമ്മദ്, കോര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍, എസ്.പി.വി. അബ്ദുല്‍ കരീം എന്നിവര്‍ ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ മേല്‍നോട്ടം വഹിച്ചുകൊണ്ട് ക്യാംപില്‍ സജീവമാണ്.
ഇന്നലെ സഊദി എയര്‍ലൈന്‍സിന്റെ എസ്.വി 5229 വിമാനത്തില്‍ അസീസിയ കാറ്റഗറിയില്‍പ്പെട്ട 450 തീര്‍ഥാടകരും രാത്രി എട്ടിന് പുറപ്പെട്ട എസ്.വി 5225 എന്ന രണ്ടാമത്തെ വിമാനത്തില്‍ ഗ്രീന്‍ കാറ്റഗറിയില്‍പ്പെട്ട 300 തീര്‍ഥാടകരുമാണ് ജിദ്ദയിലെത്തിയത്. മലപ്പുറം ഗവ. ബോയ്‌സ് എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പി.ടി അബൂബക്കര്‍, കോഴിക്കോട് റീജിയണല്‍ ലാബിലെ സൈനുദ്ദീന്‍ നാട്ടുകാലിംഗല്‍, പത്തനംതിട്ട മുനിസിപ്പല്‍ ഓഫിസിലെ ജെ.എച്ച്.ഐ അശ്‌റഫ്, എറണാകുളം കുട്ടംപുഴ സ്റ്റേഷനിലെ പൊലിസ് ഓഫിസര്‍ ഇബ്രാഹീംകുട്ടി എന്നിവരാണ് ഇന്നലെ തീര്‍ഥാടകര്‍ക്കൊപ്പം വളണ്ടിയര്‍മാരായി അനുഗമിച്ചത്്.
ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന എസ്.വി 5327 വിമാനത്തില്‍ നാലു ജില്ലകളില്‍ നിന്നായി 226 സ്ത്രീകള്‍ ഉള്‍പ്പെടെ 450 പേരാണ് പുറപ്പെടുന്നത്. മലപ്പുറം- 438, കോഴിക്കോട്- രണ്ട്, കാസര്‍കോട്- മൂന്ന്, കണ്ണൂര്‍ - അഞ്ച് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള തീര്‍ഥാടകര്‍. വൈകിട്ട് 5.30ന് പുറപ്പെടുന്ന എസ്.വി 5931 വിമാനത്തില്‍ ആറ് ജില്ലകളില്‍ നിന്നായി 250 സ്ത്രീകള്‍ ഉള്‍പ്പെടെ 450 പേരും പുറപ്പെടും. കോഴിക്കോട്-329, കണ്ണൂര്‍- 99,ആലപ്പുഴ- 18, എറണാകുളം -രണ്ട്, കൊല്ലം, തിരുവനന്തപുരം ഓരോന്ന് എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്. സെപ്റ്റംബര്‍ അഞ്ചു വരെ നീളുന്ന ഹജ്ജ് ക്യാംപിലൂടെ 10527 പേരാണ് വിശുദ്ധഹജ്ജ് കര്‍മത്തിനായി കേരളത്തില്‍ നിന്ന് യാത്രയാകുന്നത്. ഇതുകൂടാതെ ലക്ഷദ്വീപില്‍ നിന്നും മാഹിയില്‍ നിന്നുമായി 313 പേരും കൊച്ചി വഴി പുറപ്പെടും.
പാര്‍പ്പിട ലൈസന്‍സുകളില്‍
ഗണ്യമായ കുറവ്
ജിദ്ദ: വിദേശ ഹജ്ജ് തീര്‍ഥാടകരെ പാര്‍പ്പിക്കുന്നതിന് മക്കയിലെ കെട്ടിടങ്ങള്‍ക്ക് ഈ വര്‍ഷം നല്‍കിയ ലൈസന്‍സുകളുടെ എണ്ണത്തില്‍ വന്‍കുറവ്.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ലൈസന്‍സുകളുടെ എണ്ണത്തില്‍ 26.3 ശതമാനം കുറവുണ്ടെന്ന് ഹജ്ജ് പാര്‍പ്പിട വിഭാഗം പ്രസിഡന്റ് മാസിന്‍ അല്‍സനാരി പറഞ്ഞു.
പുതിയ ലൈസന്‍സും പുതുക്കിയ ലൈസന്‍സുകളും അടക്കം ഈ വര്‍ഷം ആകെ 3,806 ലൈസന്‍സുകളാണ് മന്ത്രാലയം അനുവദിച്ചത്.
ഈ കെട്ടിടങ്ങളില്‍ 16.6 ലക്ഷം തീര്‍ഥാടകരെ പാര്‍പ്പിക്കുന്നതിന് മതിയായ 3,45,258 മുറികളുണ്ട്. കഴിഞ്ഞ വര്‍ഷം ആകെ 5,165 ഹജ്ജ് പാര്‍പ്പിട ലൈസന്‍സുകളാണ് അനുവദിച്ചിരുന്നത്.
ചേരിപ്രദേശങ്ങള്‍ പൊളിച്ചുനീക്കുകയും നിരവധി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തിട്ടും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഹജ്ജ് പാര്‍പ്പിട ലൈസന്‍സിന് ലഭിച്ച അപേക്ഷകള്‍ കുറവാണ്.
ഹജ്ജ് തീര്‍ഥാടകരെ പാര്‍പ്പിക്കുന്നതിന് നിര്‍മിച്ച നിരവധി കെട്ടിടങ്ങള്‍ ഹോട്ടലുകളാക്കി മാറ്റിയതാണ് ഹജ്ജ് പാര്‍പ്പിട ലൈസന്‍സ് കുറയുന്നതിന് കാരണമായി അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."