ഒ.സി കോൺഗ്രസുകാരോട് പറയുന്നത്
റജിമോൻ കുട്ടപ്പൻ
കോരിച്ചൊരിയുന്ന മഴയിലും പൊള്ളുന്ന വെയിലത്തും ഉമ്മൻ ചാണ്ടിക്ക്(ഒ.സി) അന്ത്യോപചാരം അർപ്പിക്കാൻ ജനക്കൂട്ടം നിരന്നുനിന്നത് നൂറ്റിയെഴുപത്തിയെട്ട് കിലോമീറ്റർ! ചിലർ തങ്ങളുടെ പ്രിയനേതാവിന്റെ ഭൗതികശരീരം അവസാനമായി കാണാൻവേണ്ടി പുറകെ ഓടിയപ്പോൾ മറ്റു ചിലർ അദ്ദേഹത്തെ വഹിച്ചുവരുന്ന വാഹനത്തോടൊപ്പം ഭാരിച്ച ഹൃദയവുമായി നടന്നു. ഇൗ ജനത്തിരക്കിൽ പെട്ട് ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമായി. വലിയൊരു മനുഷ്യക്കടൽ ഇരമ്പിയടുത്തത് മറ്റെവിടേക്കുമായിരുന്നില്ല, ഉമ്മൻ ചാണ്ടിയുടെ സ്വദേശമായ പുതുപ്പള്ളിയിലേക്കുതന്നെയായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിന്ന പുതുപ്പള്ളിക്കാർ കണ്ടത് തങ്ങളേക്കാൾ വലിയ ജനക്കടൽ ഒഴുകിയെത്തുന്നതാണ്.
ഇതെല്ലാം തെളിയിക്കുന്നത് ഒരൊറ്റക്കാര്യം മാത്രം; എഴുവർഷം അധികാരത്തിൽ ഇല്ലായിരുന്നിട്ടുപോലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനമനസ്സുകളിൽ പ്രിയങ്കരനായിരുന്നുവെന്ന വാസ്തവം. വ്യക്തിപരവും ഔദ്യോഗികവുമായ അധികാരം ഉപയോഗിച്ച് ആയിരക്കണക്കിനാളുകൾക്കാണ് ഉമ്മൻ ചാണ്ടിയിൽനിന്ന് പലവിധത്തിലുള്ള സഹായങ്ങൾ ലഭിച്ചത്. അതിൽ പലതും പിന്നീട് കേരളത്തിലെ വലിയ സഹായ ക്ഷേമപദ്ധതികളായി മാറി. അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ കോക്ലിയർ ഇംപ്ലാറ്റേഷൻ പദ്ധതി ശ്രുതിതരംഗത്തിന്റെ ആരംഭം അത്തരം സഹായങ്ങളിൽ നിന്നാണ്. കൂടാതെ, കാൻസർ, ഹീമോഫീലിയ, കിഡ്നി, ഹൃദയസംബന്ധ രോഗങ്ങൾ അനുഭവിക്കുന്നവർക്ക് സൗജന്യ ചികിത്സ നൽകുന്ന കാരുണ്യ പദ്ധതിയും ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ്.
ഉമ്മൻ ചാണ്ടി എന്ന വ്യക്തിയുടെ ഇടപെൽ കൊണ്ടുമാത്രം തങ്ങളുടെ ജീവിതം അത്ഭുതകരമായി മാറിമറിഞ്ഞ യഥാർഥ സംഭവങ്ങൾ വിവരിക്കുന്ന മനുഷ്യരായിരുന്നു ദൃശ്യമാധ്യമങ്ങളിലെല്ലാം വന്നത്. കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും ആശുപത്രി ബില്ലുകളുമടക്കം സ്വന്തം പോക്കറ്റിൽ നിന്നെടുത്ത് നൽകുന്നത്ര ഉദാരശീലനായിരുന്നു ഉമ്മൻ ചാണ്ടി.
മറ്റു ചിലർ ഓർത്തെടുത്തത് അവർക്ക് ലഭ്യമായ ജീവിതസുരക്ഷിതത്വത്തെ കുറിച്ചാണ്. ഈ നേതാവിനെ ജനമധ്യത്തിലല്ലാതെ നമ്മളാരും കണ്ടിട്ടില്ല. അൻപത്തി മൂന്നുവർഷം തുടർച്ചയായി ഒരേ മണ്ഡലത്തിൽനിന്ന് എം.എൽ.എ ആയിട്ടുപോലും ഉമ്മൻ ചാണ്ടി എന്ന മന്ത്രിക്കോ മുഖ്യമന്ത്രിക്കോ അംഗരക്ഷകരോ അകമ്പടി വാഹനങ്ങളോ ചുറ്റുമുണ്ടായിരുന്നില്ല. പകരം വിവിധ ആവശ്യങ്ങളുമായി എത്തുന്ന മനുഷ്യരായിരുന്നു ചുറ്റും. പലർക്കും വേണ്ടിയിരുന്നത് തങ്ങളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ പര്യാപ്തമായ ഉമ്മൻ ചാണ്ടിയുടെ ശുപാർശ കത്തുകളായിരുന്നു. എന്നാൽ, അദ്ദേഹം ആരോടും വിസമ്മതം പറഞ്ഞില്ല. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിട്ടു കേട്ട് അതിനു പരിഹാരം കാണുന്നതിനുവേണ്ടി സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടി അദ്ദേഹത്തിൻ്റെ ഭരണകാലത്തെ വലിയൊരു നാഴികക്കല്ലാണ്.
കാരണം, സംസ്ഥാനത്തിന്റെ പരമോന്നത നേതാവിന് എങ്ങനെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാമെന്നും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമേകാമെന്നും ഉള്ളതിന്റെ വലിയ ഉദാഹരണമായിരുന്നു അത്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവർ പോലും തങ്ങളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിക്കു മുമ്പിൽ അവതരിപ്പിക്കുന്നതിന് ജനസമ്പർക്ക പരിപാടിയുടെ വേദികളിലെത്തി. അപേക്ഷ സമർപ്പിക്കുന്നതിന് കാത്തുനിൽക്കുന്ന അവസാന വ്യക്തിയും മടങ്ങുന്നതുവരെ അദ്ദേഹം വേദിയിലിരുന്നു. പലപ്പോഴും അത് നീണ്ട സമയം പിന്നിട്ടു. ഭരണ-പ്രതിപക്ഷത്തിരിക്കുമ്പോഴാല്ലാം ആളുകൾക്ക് പ്രശ്നങ്ങളും പരാതികളുമായി ഉമ്മൻ ചാണ്ടിയെ സമീപിക്കുമായിരുന്നു. എപ്പോഴും ജനങ്ങളുടെ കൈയകലത്തിൽ ഉണ്ടായിരുന്നതിനാൽ ഈ നേതാവിന് ജനമനസുകളിൽ സവിശേഷ സ്ഥാനമായിരുന്നു. എന്നാൽ ഇന്നത്തെ പല നേതാക്കൾക്കും ഇല്ലാത്തതും ഈയൊരു ഗുണമാണ്. ആൾക്കൂട്ടത്തിന്റെ മിടിപ്പറിയുന്നതിൽ ഉമ്മൻ ചാണ്ടിക്കുള്ള വിരുത് മറ്റു രാഷ്ട്രീയക്കാർക്ക് ഇല്ലെന്നുതന്നെ വേണം കരുതാൻ.
കോൺഗ്രസ് നേതാവ് ശശി തരൂർ, ഉമ്മ ൻചാണ്ടിയെക്കുറിച്ച് ട്വിറ്ററിൽ കുറിച്ചത് ആൾക്കൂട്ടത്തിനിടയിലെ മനുഷ്യൻ എന്നാണ്. തന്റെ രാഷ്ട്രീയ ജീവിതത്തിലുടനീളം ജനങ്ങൾക്കൊപ്പം നിന്ന് രാവും പകലുമില്ലാതെ, ഉറക്കവും ഉണർച്ചയും വകവയ്ക്കാതെ ജനങ്ങളുടെ പരാതി സ്വീകരിച്ച ഈ നേതാവിന് ഇതിലപ്പുറം മറ്റെന്ത് വിശേഷണമാണ് നൽകുക!? രാഷ്ട്രീയ ജീവിതത്തിലുടനീളം അടിത്തട്ടിലുള്ളവർക്കൊപ്പവും നാട്ടുകാർക്കൊപ്പവും നിലയുറച്ചവനായിരുന്നു ഉമ്മൻ ചാണ്ടി എന്നാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാജുൻ ഖാർഗെ എഴുതിയത്.
കേരളത്തിന്റെ രാഷ്ട്രീയ-ഭരണകാര്യ മേഖലകളിൽ നിന്ന് മായ്ച്ചുകളയാനാവാത്ത പേരാണ് ഉമ്മൻ ചാണ്ടിയുടേത്. വിശ്രമിക്കുമ്പോൾ മാത്രം ക്ഷീണിക്കുക എന്ന പ്രയോഗത്തിന്റെ നേരുദാഹരണമാണ് ഇദ്ദേഹം. കാരണം, ആ ജീവിതത്തിൽ വിശ്രമത്തിനുള്ള ഒഴിവ് അത്രമേൽ കുറവായിരുന്നിരിക്കണം.
ഒഴിവുണ്ടായാൽ പോലും വിശ്രമിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്നത് മറ്റൊരു വാസ്തവം. ജനസമ്പർക്ക പരിപാടിയിലൂടെ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസേവന പുരസ്കാരവും ചാണ്ടിയെ തേടിയെത്തി. ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിൽ മാത്രമല്ല, ഒരു ഭരണാധികാരി എന്ന നിലയിലും പ്രാധാന്യം നൽകിയത് ജനങ്ങൾക്കു തന്നെയായിരുന്നു. തൊഴിലില്ലായ്മാ അലവൻസ്, സൗജന്യ കോക്ലിയർ ഇംപ്ലാറ്റേഷൻ പദ്ധതി, കാരുണ്യ ആരോഗ്യസേവന പദ്ധതി എന്നിങ്ങനെ പല ജനക്ഷേമ പദ്ധതികളും ഉമ്മൻ ചാണ്ടിയുടെ കാലത്താണ് നടപ്പായത്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റോഡുകൾ, പാലങ്ങൾ, പാലക്കാട്ടെ പട്ടികജാതി-പട്ടികവർഗക്കാർക്കുള്ള മെഡിക്കൽ കോളജ് ഇങ്ങനെ പലതും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്. ആൾക്കൂട്ടത്തിനിടയിലല്ലാതെ ഈ മനുഷ്യനെ നമുക്ക് കാണാൻ സാധിക്കില്ല. അതും പരാതികളും പ്രശ്നങ്ങളും പറയാൻ എത്തുന്നവരുടെ ഇടയിൽ. ഒരുപക്ഷേ, അതുകൊണ്ടു തന്നെയായിരിക്കണം അദ്ദേഹത്തിന്റെ ഭൗതികശരീരത്തിനൊപ്പം ആളുകൾ നന്ദി പറഞ്ഞുകൊണ്ടും ആദരാഞ്ജലികളർപ്പിച്ചും മണിക്കൂറുകളോളം നീങ്ങിയത്.
പല പ്രഗത്ഭ നേതാക്കളുടെ ജീവിതം കാണിച്ചുതരുന്നത് മരണത്തിലപ്പുറവും അവർ ജനമനസുകളിൽ പ്രിയങ്കരരായിരുന്നു എന്നാണ്. മാർട്ടിൻ ലൂതർ കിങ്ങിന്റെ കൊലപാതകത്തോടെ അമേരിക്കയുടെ അവകാശ സമരങ്ങൾ മറ്റൊരു തലത്തിലേക്കാണ് വളർന്നതെന്ന് ചരിത്രം വ്യക്തമാക്കുന്നു. അമേരിക്കയിൽ വിവിധ ഇടങ്ങളിലായി പ്രതിഷേധങ്ങളും കലാപങ്ങളും ശക്തമായി. തങ്ങളുടെ പൗരാവകാശ പ്രവർത്തനങ്ങൾ പുരോഗമിക്കാത്തതിന്റെ അടയാളമായാണ് ചിലർ മാർട്ടിൻ ലൂതർ കിങ്ങിന്റെ മരണത്തെ കണ്ടത്. എന്നാൽ അതോടുകൂടി അമേരിക്കയിലെ സമരങ്ങൾക്ക് പുത്തൻ ഊർജം ലഭിച്ചു. ലൂതർ കിങ്ങിന്റെ പാതയിൽ പലരും തുല്യാവകാശങ്ങൾക്കുവേണ്ടി സമരം ചെയ്തു.
അദ്ദേഹത്തിന്റെ മരണത്തിനുശേഷമുള്ള വർഷത്തിൽ അമേരിക്കയിലെ പൗരാവകാശ സമരം ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചു. മാർട്ടിൻ ലൂതർ കിങ് വധത്തിനു മാസങ്ങൾക്കു ശേഷമാണ് അമേരിക്കൻ പൗരാവകാശ നിയമം 1968 പാസാകുന്നത്. 1969ൽ സ്ത്രീകൾക്ക് നിയമത്തിനുമുമ്പിൽ തുല്യാവകാശം ഉറപ്പുവരുത്തിക്കൊണ്ട് തുല്യതാ നിയമഭേദഗതിക്ക് അമേരിക്കയിലെ പരമോന്നത നീതിപീഠം സാധുത നൽകി. മറ്റെല്ലാ പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ട് എഴുപതുകളിലും എൺപതുകളിലും പൗരാവകാശ സമരപ്രസ്ഥാനം വൻ വളർച്ച കൈവരിച്ചു. ആഫ്രിക്കൻ- അമേരിക്കക്കാർക്കും മറ്റു ന്യൂനപക്ഷങ്ങൾക്കും വോട്ടവകാശം ഉറപ്പുവരുത്തുന്ന വോട്ടവകാശ നിയമവും ശക്തമായി.
അമേരിക്കയിലെ പൗരാവകാശ സമര പ്രസ്ഥാനത്തിനു മാർട്ടിൻ ലൂതർ കിങ് ജൂനിയറിന്റെ മരണം നികത്താനാവാത്ത നഷ്ടമായിരുന്നു എന്നതിൽ സംശയമേതുമില്ല. എന്നാൽ ആത്യന്തികമായി അദ്ദേഹത്തിന്റെ മരണം പൗരാവകാശ സമരപ്രസ്ഥാനത്തിനു പുത്തൻ ഊർജം പ്രദാനം ചെയ്തിട്ടുണ്ട്.
ആ ജീവിതം ഇന്നും പ്രചോദനം തന്നെയാണെന്നതാണ് മറ്റൊരു വാസ്തവം. ഇവിടെ ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചനമറിയിക്കൻ എത്തിയവർ വലിയ സന്ദേശം ഇന്ത്യൻ നാഷനൽ കോൺഗ്രസിനു നൽകുന്നുണ്ട്. ഒരു ജനനേതാവാകുന്നതിലൂടെ ആളുകളുടെ ബഹുമാനം മാത്രമല്ല, പകരം അവരുടെ ഹൃദയത്തിലൊരിടം കൂടിയാണ് നേടിയെടുക്കുന്നത് എന്നാണത്. നിങ്ങൾ ഉമ്മൻ ചാണ്ടിയെ പോലൊരു നേതാവാണെങ്കിൽ ജനങ്ങൾ നിങ്ങളുടെ മരണത്തിനുശേഷവും നിങ്ങൾക്കുവേണ്ടി കാത്തിരിക്കുകയും ബഹുമാനത്തോടെ ഓർക്കുകയും വേർപാടിൽ വിതുമ്പുകയും ചെയ്യും.
മാർട്ടിൻ ലൂതർ കിങ്ങിന്റെ മരണത്തിൽനിന്ന് ഊർജം ഉൾക്കൊണ്ട് അമേരിക്കൻ പൗരാവകാശ പ്രസ്ഥാനം അക്ഷീണം പ്രയത്നിച്ചതിനു സമാനമായി ഉമ്മൻ ചാണ്ടിയുടെ ജീവിതം നൽകുന്ന സന്ദേശത്തിലേക്ക് കോൺഗ്രസ് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ കോൺഗ്രസുകാരനും ഉമ്മൻചാണ്ടിയെ പോലെയാവാൻ ശ്രമിച്ചാൽ നമ്മുടെ രാഷ്ട്രീയസംസ്കാരത്തിൽ വലിയൊരു മാറ്റം പ്രകടമാകും. അതിനുള്ള വലിയ ഉദാഹരണമാണ് ഉമ്മൻ ചാണ്ടിയുടെ വേർപാടിൽ വിതുമ്പിയ നൂറുകണക്കിനാളുകൾ. അഥവാ, ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിലായിരുന്നു ഇടം കണ്ടെത്തിയത്. ജനാധിപത്യത്തിൽ അത്തരമൊരു സ്ഥാനം ലഭിക്കുക എന്നാൽ തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നു തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."