പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം; 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം; 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു
തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. പ്ലസ് വണ്ണിന് 97 അധിക ബാച്ചുകള്‍ അനുവദിച്ചുവെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം അനുവദിച്ച 81 ബാച്ചുകള്‍ക്ക് പുറമെയാണ് 97 അധിക ബാച്ചുകള്‍.
പാലക്കാട് 4, കോഴിക്കോട് 11, വയനാട് 4 , കണ്ണൂർ 10, കാസർകോഡ് 15 എന്നിങ്ങനെയാണ് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. സയന്‍സ് -17, ഹ്യുമാനിറ്റീസ് -52, കോമേഴ്സ് -28 എന്നിങ്ങനെയാണ് അധിക ബാച്ചുകള്‍.
മലബാറിലാണ് സീറ്റ് പ്രതിസന്ധി രൂക്ഷമായിരുന്നു. ഈ വര്‍ഷം പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 2,40,548 അപേക്ഷകളാണ് ലഭിച്ചത്. ആദ്യ മൂന്ന് അലോട്മെന്റുകള്‍ കഴിഞ്ഞപ്പോള്‍ 1,54,866 പേര്‍ക്കാണ് അവസരം ലഭിച്ചത്. 30,066 പേര്‍ക്ക് ഹയര്‍ ഓപ്ഷനും ലഭിച്ചു. എന്നിട്ടും 54,616 പേര് പുറത്തായിരുന്നു.
രണ്ടാം സപ്ലിമെന്ററിയിലേക്കുള്ള അലോട്ട്മെന്റ് കഴിഞ്ഞപ്പോള്‍ മലബാര്‍ ജില്ലകളില്‍ 15,784 അപേക്ഷകരുണ്ട്. ഇവര്‍ക്കായി 1,879 സീറ്റുകളേ ഒഴിവുള്ളൂ. മലപ്പുറത്ത് മാത്രം 8338 വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ സീറ്റിനായി കാത്തിരിക്കുന്നു. ഇവര്‍ക്കായി 23 സീറ്റുകളേ ഒഴിവുള്ളൂ. ഈ സാഹചര്യത്തിലാണ് അധികബാച്ചിനുള്ള സർക്കാർ തീരുമാനം.
പുതുതായി അനുവദിച്ച അധിക ബാച്ചിനായി മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ജൂലായ് 29-ന് നടക്കും. പുതുതായി അനുവദിച്ച 97 ബാച്ചുകളില്‍ 57 എണ്ണം സര്‍ക്കാര്‍ സ്കൂളുകളിലും 40 എണ്ണം എയിഡഡ് സ്കൂളിലുമാണ്. അധിക ബാച്ചുകളില്‍ നിന്ന് 5820 സീറ്റുകള്‍ ലഭ്യമാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."