HOME
DETAILS
MAL
ആശൂറാഅ്: അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി
backup
July 26 2023 | 14:07 PM
സത്യത്തിന്റെയും ധര്‍മത്തിന്റെയും വിജയമായിരുന്നു മുഹര്‍റത്തിലെ ആദ്യപത്ത്. ചരിത്രപ്രസിദ്ധമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്നത് മുഹര്‍റം പത്തിന്റെ സവിശേഷതയാണ്. ആദം നബി(അ) മുതല്‍ മുഹമ്മദ് നബി(സ്വ) വരെയുള്ള പല നബിമാരുടെയും ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങള്‍ക്ക് അല്ലാഹു തിരഞ്ഞെടുത്തത് ഈ ദിവസത്തെയാണ്.ആദം നബി ഭൂമിയിലേക്ക് വന്നത്, മഴ ആദ്യം വര്‍ഷിച്ചത്, പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത്, നൂഹ് നബി(അ) യുടെ കാലത്തെ പ്രളയം, അയ്യൂബ് നബി(അ)യുടെ രോഗശമനം, ഇബ്‌റാഹീം നബി(അ)യുടെ അഗ്‌നി പരീക്ഷണം, മൂസാനബി(അ)യുടെ ചെങ്കടല്‍ യാത്ര, ഈസാനബി (അ) വാനലോകത്തേക്ക് ഉയര്‍ന്നത് തുടങ്ങി നിരവധി സംഭവങ്ങള്‍ക്ക് മുഹര്‍റം പത്ത് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ചില ചരിത്ര രേഖകളില്‍ കാണാം.
സാന്ത്വനം തേടുന്നവന് രക്ഷയായും അല്ലാഹുവിനെതിരേ യുദ്ധപ്രഖ്യാപനം നടത്തിയ ധിക്കാരികള്‍ക്ക് നാശമായും ചരിത്രത്തില്‍ ഇടം പിടിച്ച ദിനം കൂടിയാണ് മുഹര്‍റം പത്ത്.
മനുഷ്യകുലത്തിന് ഈ ദിനത്തില്‍ അല്ലാഹു നല്‍കിയ അസംഖ്യം അനുഗ്രഹങ്ങളെ അനുസ്മരിച്ചുകൊണ്ട് പ്രത്യേകാരാധനകളിലൂടെ നന്ദി ചെയ്യാന്‍ നമ്മോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. മുഹമ്മദ് നബി(സ്വ)ക്ക് മുന്‍പുള്ള എല്ലാ പ്രവാചകന്മാരും ഈ ദിവസത്തെ പ്രത്യേകം പരിഗണിച്ചിരുന്നതായി ഹദീസുകളിലുണ്ട്. മുഹര്‍റം പത്ത്, മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിന്റെ മാത്രം വിശേഷദിനമല്ല, പൂര്‍വ്വ പ്രവാചകരുടെയും പൂര്‍വ്വിക സമുദായങ്ങളുടെയെല്ലാം വിശേഷ ദിനമായിരുന്നു.
അജ്ഞാന കാലത്ത് (ജാഹിലിയ്യാ കാലം) തന്നെ അറബികള്‍ മുഹര്‍റമാസത്തെ ആദരിച്ചിരുന്നു. ഈ മാസത്തില്‍ അവര്‍ യുദ്ധം ചെയ്തിരുന്നില്ല. ഈ പവിത്രത പില്‍ക്കാലത്ത് ഇസ്‌ലാമും അംഗീകരിച്ചു. മുഹര്‍റം മാസത്തെ അല്ലാഹുവിന്റെ മാസം എന്നാണ് പ്രവാചകര്‍(സ്വ) പരിചയപ്പെടുത്തിയത്. അത് പ്രസ്തുത മാസത്തിന് നല്‍കിയ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.മഹത്വവല്‍കരിക്കുന്നതിനാണ് ഇത്തരത്തില്‍ ചേര്‍ത്തിപ്പറയല്‍ നടത്താറുള്ളത്.
അല്ലാഹു സൃഷ്ടികള്‍ക്ക് നല്‍കിയ അതിമഹത്തായ അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി പ്രകടനത്തിന് ഇസ്‌ലാം കല്‍പ്പിച്ചത് വ്രതാനുഷ്ഠാനമാണ്. വിശുദ്ധ ഖുര്‍ആന്‍ ഇറങ്ങിയ അതിമഹത്തായ അനുഗ്രഹത്തിന്റെ മാസമായതുകൊണ്ടാണ് റമദാന്‍ മാസം നിര്‍ബന്ധ വ്രതാനുഷ്ഠാനത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. മുഹര്‍റം മാസത്തില്‍ നോമ്പ് അനുഷ്ഠിക്കുന്നത് മറ്റ് മാസങ്ങളേക്കാള്‍ നബി(സ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: മുഹര്‍റമാസത്തിലെ നോമ്പാണ് റമദാനുശേഷം നോമ്പുകളില്‍വച്ച് ഏറ്റവും ശ്രേഷ്ഠമായത്. അപ്രകാരം തന്നെ രാത്രിയിലെ നിസ്‌കാരമാണ് ഫര്‍ളിനുശേഷമുള്ള നിസ്‌കാരങ്ങളില്‍ ഏറ്റവും ഉത്തമമായത്. (മുസ്‌ലിം)
അനുഗ്രഹങ്ങളുടെ ചരിത്ര പിന്‍ബലം അത്രമേല്‍ ഉള്ളതിനാലാണ് ആശൂറാഅ് നോമ്പും സുന്നത്താക്കപ്പെട്ടത്. മുന്‍കാല നബിമാരും ഈ ദിനത്തില്‍ നോമ്പെടുത്തിരുന്നു.'മുന്‍ കഴിഞ്ഞ പ്രവാചകന്മാരെല്ലാം നോമ്പെടുത്തിട്ടുള്ള ദിവസമായ ആശൂറാഅ് ദിവസം നിങ്ങളെല്ലാം നോമ്പെടുക്കണമെന്ന് 'നബി(സ്വ) പറഞ്ഞതായി അബൂഹുറൈറയില്‍ നിന്നും ഇബ്‌നു അബീശൈബ ഉദ്ധരിച്ച ഹദീസില്‍ കാണാം. ആഇശ ബീവി(റ) പറയുന്നു: 'ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ ആശൂറാഅ് ദിവസം നോമ്പെടുത്തിരുന്നു. നുബുവത്തിനു മുമ്പ് നബി(സ്വ)യും ഈ നോമ്പെടുത്തു. നബി(സ്വ) മദീനയില്‍ പോയപ്പോള്‍ ആശൂറാഅ് നോമ്പ് സ്വയം അനുഷ്ഠിക്കുന്നതിനു പുറമെ അനുയായികളോട് കല്‍പ്പിക്കുകയും ചെയ്തു' (നസാഈ, തിര്‍മിദി, അബൂദാവൂദ്, ഇബ്‌നു മാജ).
നബി(സ്വ)യുടെ കാലത്തും അതിനു മുമ്പും ജൂതന്മാര്‍ ആശൂറാഅ് ദിവസത്തിന് പ്രത്യേക പദവിയും പ്രാധാന്യവും നല്‍കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്തിരുന്നു.
'മുഹര്‍റം പത്തിന്റെ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെ ദോഷങ്ങള്‍ പൊറുപ്പിക്കുമെന്നു' തിരുനബി(സ്വ) പറഞ്ഞതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ഇബ്‌നു അബ്ബാസ്(റ) വിവരിക്കുന്നു: നബി(സ്വ) മദീനയിലെത്തിയ ശേഷം ഒരു മുഹര്‍റം പത്തിന് ജൂതന്മാര്‍ നോമ്പനുഷ്ഠിക്കുന്നത് കണ്ട് കാരണമന്വേഷിച്ചപ്പോള്‍, 'മൂസാ നബി(അ)യെ ഫിര്‍ഔനില്‍ നിന്നു രക്ഷിച്ച ദിനമാണതെ'ന്ന് അവര്‍ മറുപടി പറഞ്ഞു. നബി(സ്വ) മക്കയില്‍ നിന്നു തന്നെ മുഹര്‍റം പത്തിനു വ്രതമെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ജൂതരുടെ മറുപടി കേട്ടപ്പോള്‍ 'മൂസാനബി(അ)യുമായി നിങ്ങളെക്കാള്‍ ബന്ധപ്പെട്ടവര്‍ ഞങ്ങളാണെന്ന് 'പറഞ്ഞുകൊണ്ട് ആശൂറാഅ് നോമ്പ് നോല്‍ക്കാന്‍ മുസ്‌ലിംകളോട് നബി(സ്വ) നിര്‍ദേശിച്ചു (ബുഖാരി, മുസ്
ലിം). 'നബി(സ്വ) മറ്റുള്ളവയെക്കാള്‍ പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ട് നിര്‍ബന്ധ ബുദ്ധിയോടെ നോമ്പെടുത്തതായി ഞാന്‍ കണ്ട ദിവസങ്ങളുടെ കൂട്ടത്തില്‍ ആശൂറാഅ് ദിനത്തിലും മാസങ്ങളുടെ കൂട്ടത്തില്‍ റമളാനിലും മാത്രമാണ് 'എന്ന് ഇബ്‌നു അബ്ബാസ്(റ) പറയുന്നു (ബുഖാരി, മുസ്‌ലിം).
ആശൂറാഅ് നോമ്പ് നിര്‍ബന്ധമാണെന്ന് തോന്നുന്ന രൂപത്തില്‍ വളരെ കര്‍ശനമായാണ് നബി(സ്വ) ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയിരുന്നത്. സ്വഹാബികള്‍ നോമ്പെടുക്കുന്നുണ്ടോയെന്ന് നബി(സ്വ) സൂക്ഷ്മ നിരീക്ഷണം നടത്താറുണ്ടായിരുന്നുവെന്ന് ജാബിര്‍ ഇബ്‌നു സമുറ(റ) ഉദ്ധരിച്ച ഹദീസില്‍ പറഞ്ഞത് കര്‍ശന സ്വഭാവത്തിന്റെ തെളിവാണ്. ആഇശ(റ) നിവേദനം ചെയ്ത ഒരു ഹദീസിലും ഇതിന്റെ സൂചനയുണ്ട്. ആഇശ(റ) പറയുന്നു: 'റമദാന്‍ നോമ്പ് ഫര്‍ളായതോടെ ആശൂറാഇന്റെ കാര്യത്തിലുള്ള കര്‍ശന ശാസന നബി(സ്വ) ഒഴിവാക്കി. കഴിയുന്നവര്‍ നോല്‍ക്കണമെന്നും അല്ലാത്തവര്‍ക്ക് ഒഴിവാക്കാമെന്നും തങ്ങള്‍ ഇളവു നല്‍കി' (നസാഈ, അബൂദാവൂദ്, തിര്‍മിദി, ഇബ്‌നുമാജ). ഹിജ്‌റക്കു ശേഷം റമദാന്‍ നോമ്പ് ഫര്‍ളായപ്പോള്‍ ആശൂറാഅ് നോമ്പിന്റെ കാര്യത്തില്‍ ചെറിയ വിട്ടുവീഴ്ച നല്‍കിയെങ്കിലും നബി(സ്വ) തുടര്‍ന്നും അതിനു പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അതിനാല്‍ ആശൂറാഅ് നോമ്പ് ഫര്‍ളല്ലെങ്കിലും ശക്തിയായ സുന്നത്താണെന്നാണ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയത്.
ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്‍പ്പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: യാ റസൂലല്ലാഹ്. അത് ജൂത ക്രൈസ്തവര്‍ മഹത്‌വല്‍ക്കരിക്കുന്ന ദിനമല്ലേ... അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: 'ഇന്‍ശാ അല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂതക്രൈസ്തവരില്‍ നിന്നും വ്യത്യസ്തരാവാനായി) ഒന്‍പതാം ദിവസം കൂടി നോമ്പെടുക്കും'പക്ഷെ അടുത്ത വര്‍ഷം കടന്നു വരുമ്പോഴേക്ക് റസൂല്‍ (സ) വഫാത്തായിരുന്നു. (സ്വഹീഹ് മുസ്‌ലിം: 1916). അതുകൊണ്ട് തന്നെ മുഹര്‍റം പത്തിനോടൊപ്പം മുഹര്‍റം ഒന്‍പത് കൂടി നോല്‍ക്കുന്നത് സുന്നത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."