HOME
DETAILS
MAL
ഹിജ്‌റാബ്ദം ചില വിചാരപ്പെടലുകൾ
backup
July 26 2023 | 14:07 PM
പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ
നാം ഹിജ്റ വർഷം 1444ലേക്ക് പ്രവേശിച്ചിരിക്കുന്നു. ഹിജ്റയും മുഹറമും ധാരാളം ചിന്തകൾ നൽകുന്നുണ്ട്. ഹിജ്‌റ എന്ന പദത്തിന്റെ അർഥം ഉപേക്ഷിക്കുക എന്നാണ്. ഹജർ എന്നാൽ, എല്ലാം ത്യജിക്കാനുള്ള സന്നദ്ധതയാണ്. ഇമാം ബുഖാരി ഉദ്ധരിച്ച ഒരു തിരുവചനം ഇങ്ങനെ കാണാം: 'ആർക്കും ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാത്തവനാണ് മുസ്‌ലിം, അല്ലാഹു നിരോധിച്ചവ വെടിഞ്ഞവൻ മുഹാജിറും'. തിന്മകളിൽനിന്ന് നന്മകളിലേക്ക് യാത്ര പോയവനാണ് മുഹാജിറെന്നർഥം. സർവതാൽപര്യങ്ങളിൽനിന്നും അല്ലാഹുവിലേക്ക് പ്രയാണം ചെയ്തവനാണവൻ. ഈ അർഥത്തിലുള്ള പലായനം എല്ലാകാലത്തും നിർബന്ധമാണ്.'അൽ മുഹാജിർ ഇലല്ലാഹ്' എന്ന് പറയുന്നത് സകലതും വെടിഞ്ഞ് അല്ലാഹുവിലേക്ക് യാത്രയായവനാണ്. ഈ ദുനിയാവല്ല സത്യവിശ്വാസിയുടെ ലക്ഷ്യം. പാരത്രികത്തിലേക്കുള്ള മാർഗമാണിത്. ഒരു യാത്രക്കാരനെ പോലെ മാത്രമാണ് വിശ്വാസികളുടെ ജീവിതം. ഐഹിക ആഡംബരങ്ങളെപ്പറ്റിയുള്ള ഇസ്‌ലാമിക നിലപാട് ഉരുവംകൊള്ളുന്നത് പ്രസ്തുത സിദ്ധാന്തത്തിന്മേലാണ്.ഇബ്‌നുഉമറി(റ)ന്റെ തോളത്ത് കൈവച്ച് നബി(സ) പറഞ്ഞു: നീ ദുനിയാവിൽ ഒരു പരദേശിയെപ്പോലെയോ വഴിയാത്രക്കാരനെപ്പോലെയോ ആവുക. നിന്നെക്കുറിച്ച് ഖബറാളികളിൽപ്പെടേണ്ടവൻ എന്ന രീതിയിൽ ചിന്തിക്കുക (ഹദീസ്).
ഹിജ്‌റ അത്തരം യാത്രയാണ്. എല്ലാം വെടിഞ്ഞുകൊണ്ടുള്ള പ്രയാണമാണത്. സ്രഷ്ടാവിനുവേണ്ടി സൃഷ്ടി ത്യജിക്കുകയാണ്. ഇബ്‌റാഹീം നബി പറയുന്നു: തീർച്ചയായും ഞാൻ എന്റെ സ്രഷ്ടാവിലേക്ക് യാത്രയാവുകയാണ് (ഖുർആൻ 37:99). ചരിത്രത്തിൽ കർമത്തിനുവേണ്ടി എല്ലാം ഉപേക്ഷിച്ചവരാണ് മുഹാജിറുകൾ. അവരെയാണ് ദാനധർമം സപര്യയാക്കിയ അൻസാറുകളേക്കാൾ ഇസ്‌ലാം ആദരിച്ചത്. ഹിജ്‌റയാണതിന് അടിസ്ഥാനം. മുഹാജിർ ഇല്ലെങ്കിൽ അൻസ്വാറുകൾക്ക് പ്രസക്തിയില്ല. അവരും തൻ്റെ സഹോദരനു വേണ്ടി സർവം ത്യജിക്കാൻ തയാറായി. അല്ലാഹുവിൻ്റെ മാർഗത്തിൽ സർവം ത്യജിച്ച് വന്നവരെ ആദരിക്കാൻ അല്ലാഹുവിൻ്റെ ദൂതൻ കൽപിച്ചപ്പോൾ അൻസ്വാറുകൾ അതേറ്റെടുത്തു.അനുപമ സൗഹൃദത്തിൻ്റെ ചരിത്രം അവിടെ പിറവിയെടുത്തു. പരിത്യജിക്കാനും പകുത്തുനൽകാനും ത്യാഗംകാണിച്ചവർ അതുല്യരായി വാണത് കാണാം. പരിത്യജിക്കാൻ സന്നദ്ധരല്ലാത്ത, അനുഗ്രഹങ്ങൾ വിസ്മരിച്ച് ജീവിക്കുന്നവർ വീണുപോയതും കാണാം. പരിത്യജിക്കാൻ തയാറാകുന്ന സമയത്താണ് അവർക്കിടയിൽ സാഹോദര്യം ശക്തമാകുന്നത്. എല്ലാം വർജിച്ചവന് ആരുമായും കൂട്ടുകൂടാൻ സന്നദ്ധനാകും. മുഹാജിറുകളും അൻസ്വാറുകളും വിജിഗീഷുക്കളായി മാറിയതങ്ങനെയാണ്. ഇങ്ങനെ പരിത്യാഗിയാകുന്നവൻ്റെ മനസിൽനിന്ന് എല്ലാ ദുഷിച്ച ചിന്തകളും തുടച്ചുനീക്കപ്പെടും.
ഹിജ്റ പ്രതിസന്ധികളിൽ അല്ലാഹു കൂടെയുണ്ടെന്ന പ്രഖ്യാപനമാണ്. മക്കക്കാർ തിരുനബി(സ)യെ വധിക്കാൻ പദ്ധതി തയാറാക്കി. ഇതറിഞ്ഞപ്പോൾ നബി(സ) അലി(റ)നെ തന്റെ ശയ്യയിൽ കിടത്തി നാടുവിട്ടു. രഹസ്യമായി മദീനയിലേക്ക് പുറപ്പെട്ടു. ശത്രുക്കളുടെ കണ്ണിൽ പെടാതിരിക്കേണ്ടതിനു മക്കയിൽ നിന്ന് കുറച്ചകലെയുള്ള സൗർ ഗുഹയിൽ അബൂബക്കർ(റ)നൊപ്പം താമസിച്ചു. മൂന്നുദിവസം അവിടെ കഴിഞ്ഞ ശേഷം മദീനയിലേക്കു പോയി. ഇവരെ അന്വേഷിച്ചുകൊണ്ട് ശത്രുക്കൾ നാനാഭാഗങ്ങളിലേക്കും തെരച്ചിൽ സംഘങ്ങളെ അയച്ചിരുന്നു. അവരിൽ ചിലർ ഈ ഗുഹാമുഖത്തെത്തി. അബൂബക്കർ(റ) പരിഭ്രമിച്ചു. പ്രസ്തുത സംഭവം അബൂബക്കർ സിദ്ദീഖ് (റ) വിവരിക്കുന്നത് ഇങ്ങനയാണ്: 'ഞാൻ നബിയോടൊപ്പം സൗർ ഗുഹയിലായിരുന്നു. തലയുയർത്തി നോക്കിയപ്പോൾ ശത്രുജനത്തിന്റെ പാദഭാഗങ്ങൾ എനിക്ക് ദൃശ്യമായി. ഞാൻ നബി(സ)യോടു പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ അവരിൽ വല്ലവരും താഴേക്ക് നോക്കിയാൽ നമ്മെ കാണില്ലേ. അപ്പോൾ റസൂൽ (സ) പറഞ്ഞു; ദുഖിക്കേണ്ട, നമ്മൾ രണ്ടുപേരാണെങ്കിലും മൂന്നാമനായി അല്ലാഹുവുണ്ട്'(സ്വഹീഹുൽ ബുഖാരി).
ഈ സംഭവത്തെ പ്രതിപാദിച്ച് വിശുദ്ധ ഖുർആൻ പറയുന്നത് കാണുക. 'നിങ്ങള്‍ നബിയെ സഹായിക്കുന്നില്ലെങ്കില്‍ (ഒന്നും വരാനില്ല), നിഷേധികള്‍ നബിയെ മക്കയില്‍ നിന്നു പുറത്താക്കുകയും ഇരുവരിലൊരാളാവുകയും ചെയ്തപ്പോള്‍ -അവരിരുവരും ആ ഗുഹയിലായപ്പോള്‍- അവന്‍ നബിയെ സഹായിച്ചിട്ടുണ്ട്! ദുഃഖിക്കേണ്ട, അല്ലാഹു നാമൊന്നിച്ചുണ്ട്, തീര്‍ച്ച എന്ന് അവിടന്ന് കൂട്ടുകാരനോട് പറഞ്ഞ സമയം. തന്റെ സമാധാനം തത്സമയം അല്ലാഹു നബിക്ക് ഇറക്കിക്കൊടുക്കുകയും നിങ്ങള്‍ക്കു ഗോചരീഭവിക്കാത്ത സൈന്യങ്ങള്‍ കൊണ്ട് പിന്‍ബലമേകുകയും സത്യനിഷേധികളുടെ വാക്ക് ഏറ്റം അധഃസ്ഥിതമാക്കുകയുമുണ്ടായി. അല്ലാഹുവിന്റെ മുദ്രാവാക്യമാണ് അത്യുന്നതം. അവന്‍ പ്രതാപപൂര്‍ണനും യുക്തിമാനുമത്രേ'(അത്തൗബ:40).
പ്രപഞ്ചത്തിലെ സകല പദാർഥങ്ങളുടെ സൃഷ്ടിപ്പും മുഹറവുമായി ബന്ധപ്പെട്ടിരിക്കുന്നു. അർശും കുർസിയ്യും ലൗഹും ഖലമും എല്ലാം മുഹറം മാസത്തിലാണ് പടക്കപ്പെട്ടത്. പ്രപഞ്ചാതീതകാലം മുതൽ ഉണ്ടായിരുന്ന കാലഗണന മുഹറം, സഫർ, റബീഉൽ അവ്വൽ… എന്നുതുടങ്ങുന്ന കാലഗണനയാണ്. പ്രപഞ്ചത്തിലെ മഹാസംഭവങ്ങൾ അത്രയും നടന്നത് മുഹറം മാസത്തിലാണ്. ആദം നബി(അ)നെ പടച്ചത്, ഭൂമിയിലേക്ക് ഇറക്കിയത്, ഹവ്വാ ബീവിയെ സൃഷ്ടിച്ചത്, ഇദ്‌രീസ് നബി(അ)ന്റെ സ്വർഗാരോഹണം നടന്നത്, ലോകത്ത് ആദ്യമായി മഴ വർഷിച്ചത്, നൂഹ് നബി(അ)ന്റെ കപ്പൽ ജൂദി പർവതനിരയിൽ നങ്കൂരമിട്ടത്, നംറൂദിന്റെ അഗ്നിയിൽനിന്ന് ഇബ്‌റാഹീം നബി(അ)ന്റെ മോചനം, അയ്യൂബ് നബി(അ)ന്റെ രോഗശമനം, യഅ്ഖൂബ് നബി(അ)ന്ന് കാഴ്ച തിരിച്ചുകിട്ടിയത്, യൂസുഫ് നബി(അ)നെ കിണറിൽ നിന്ന് രക്ഷപ്പെടുത്തിയത്, ഫറോവയുടെ പതനവും മൂസാ നബിയുടെയും അനുയായികളുടെയും മോചനവും തുടങ്ങി നിരവധി സംഭവങ്ങൾ മുഹറവുമായി ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം.
മുഹറം പുതുവർഷത്തിലേക്കുള്ള പ്രയാണമാണ്. ഒരു പുതിയ വർഷത്തിലേക്ക് കടന്നിരിക്കുന്നു. അഥവാ ആയുസിൽനിന്ന് ഒരു വർഷംകൂടി കുറഞ്ഞിരിക്കുന്നു. നമുക്ക് അല്ലാഹു നിശ്ചയിച്ച ദിവസങ്ങൾ ചുരുങ്ങുകയാണ്. ഏത് നിമിഷവും ആ അവധി അവസാനിക്കാം. അതിനു മുമ്പ് പാകപ്പെടുത്തണം, നമ്മുടെ ഹിജ്റയെ. തിന്മയിൽനിന്ന് നന്മയിലേക്ക് ഹിജ്റ പോയി, തെറ്റുകളിൽ നിന്ന് പശ്ചാത്താപത്തിലേക്ക് ഹിജ്റ പോയി നമുക്ക് ഒരുങ്ങാൻ കഴിയണം. അതിനാകട്ടെ ഈ പുതുവർഷ ചിന്തകളത്രയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."