HOME
DETAILS

കോടതികൂടി ഇല്ലായിരുന്നെങ്കിൽ…

  
backup
July 26 2023 | 18:07 PM

todays-editorial-27-jul-2023

ഭരണഘടന എത്ര ഗൗരവമുള്ളതായിട്ടെന്ത്! അത് നടപ്പാക്കുന്നവരുടെ ചിന്താഗതിയിൽ സങ്കുചിതത്വം നിറഞ്ഞാൽ പിന്നെ ക്ഷേമരാഷ്ട്ര സങ്കൽപം സ്വപ്‌നം മാത്രമായി അവശേഷിക്കും. ഈ ദർശനം പങ്കുവച്ച ഭരണഘടനാ ശിൽപികളുടെ ആശങ്ക അന്വർഥമാക്കുംവിധമുള്ള പ്രസ്താവനയാണ് രാജ്യത്തെ പരമോന്നത നീതിപീഠം ചൊവ്വാഴ്ച നടത്തിയത്. കേന്ദ്രം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാ തത്വങ്ങൾ പാലിക്കേണ്ടതില്ലേ എന്ന സുപ്രിംകോടതിയുടെ രൂക്ഷമായ ചോദ്യം ഒരു വിഷയത്തിലൂന്നിയുള്ള പ്രതികരണം മാത്രമായി കാണാൻ, വർത്തമാനകാല സംഭവങ്ങൾ അനുവദിക്കുന്നില്ല. ബി.ജെ.പി സഖ്യം ഭരണം കൈയാളുന്ന നാഗാലാൻഡിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഇനിയും വനിതാ സംവരണം നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജയ് കൗൾ, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാരിന്റെ അടവുനയത്തെ കോടതിയിൽ വിമർശനംകൊണ്ട് നേരിട്ടത്.


ഭരണഘടനയുടെ 243 ഡി വകുപ്പുപ്രകാരം തദ്ദേശ സ്ഥാപനങ്ങളിൽ 33 ശതമാനം സംവരണം വനിതകൾക്കുവേണ്ടി നീക്കിവയ്‌ക്കേണ്ടതുണ്ട്. എന്നാൽ നാഗാലാൻഡിലെ തദ്ദേശ സ്ഥാപനങ്ങളിൽ ഈ വിധത്തിലുള്ള സംവരണ മാനദണ്ഡം പാലിക്കാനുള്ള ഒരു നടപടിയും നാളിതുവരെ സംസ്ഥാനം ഭരിക്കുന്ന സർക്കാർ ചെയ്തിട്ടില്ല. ഇതു ചോദ്യം ചെയ്ത് പീപ്പിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് സമർപ്പിച്ച ഹരജി, ഒട്ടേറെ തവണ പരിഗണിക്കുമ്പോഴും കൃത്യമായ മറുപടി പറയാതെ കേന്ദ്രം ഒഴിഞ്ഞു മാറുകയായിരുന്നു. ഇതാണ് സുപ്രിംകോടതിയെ ചൊടിപ്പിച്ചത്. സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാപരമായ നടപടികൾ സ്വീകരിക്കേണ്ട സന്ദർഭങ്ങളിൽ കേന്ദ്രം സ്വീകരിക്കുന്ന ഒഴികഴിവുകൾ നിരുത്തരവാദപരമാണെന്ന് കോടതി പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണഘടനാവ്യവസ്ഥകൾ ലംഘിക്കപ്പെട്ടാലും കേന്ദ്രസർക്കാരിന് മിണ്ടാട്ടമില്ലെന്നും എന്നാൽ മറ്റു കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് സ്വീകരിക്കുന്നത് കടുത്ത നടപടിയാണെന്നും കോടതി നിരീക്ഷിച്ചു.

യഥാർഥത്തിൽ സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യമാണ് കോടതി പറയാതെ പറഞ്ഞത്. രാജ്യത്തിന്റെ അസ്തിത്വം അരക്കിട്ടുറപ്പിച്ച ഭരണഘടനയെയും അതു മുന്നോട്ടുവയ്ക്കുന്ന പവിത്ര മൂല്യങ്ങളെയും തരം കിട്ടുമ്പോഴെല്ലാം ഇകഴ്ത്താനും ദുർബലപ്പെടുത്താനുമാണ് കേന്ദ്രസർക്കാരും അവരെ നയിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രവും ശ്രമിച്ചുകൊണ്ടിരുന്നത്.
ചിലയിടങ്ങളിൽ ഭരണഘടനാ തത്വങ്ങളുടെ പേരുപറഞ്ഞ് പരിധിവിട്ട ഇടപെടൽ നടത്തി ശീലമുള്ളവരാണ് നിലവിലെ കേന്ദ്രഭരണകൂടം. അത് രാഷ്ട്രീയ കാര്യത്തിലായാലും വിവിധ ജനവിഭാഗങ്ങളെ ബാധിക്കുന്ന അവരുടെ ജീവിത-വിശ്വാസ-തൊഴിൽ പ്രശ്‌നങ്ങളിലും ഒരുവിധത്തിലുള്ള സങ്കോചവുമില്ലാതെ നിയമവിരുദ്ധ നടപടികൾ സ്വീകരിക്കുകയും അതിന് സംസ്ഥാനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണ് ഭരണകർത്താക്കൾ. പൗരത്വ നിയമഭേദഗതി, കാർഷിക നിയമഭേദഗതി, വിദ്യാഭ്യാസ നയം, ജി.എസ്.ടി തുടങ്ങി വിവിധ വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെയോ പൗരൻമാരുടെയോ താൽപര്യങ്ങൾ പരിഗണിക്കാതെ ഏകപക്ഷീയ തീർപ്പുകൾ വരുത്തിയത് ആരും മറന്നുകാണില്ല.

ഫെഡറൽ തത്വങ്ങൾ ലംഘിച്ച് ഒട്ടേറെ വിഷയങ്ങളിൽ കേന്ദ്രസർക്കാർ ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപ്പിച്ച നിരവധി ഉദാഹരണങ്ങൾ രാജ്യത്തിനു മുന്നിലുണ്ട്. ഒരളവോളം പരമോന്നത നീതിപീഠത്തിന്റെ ഇടപെടൽ കൊണ്ടാണ് പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ തുടരുന്നതുതന്നെ.
രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ, ഭരണഘടനാലംഘനം പരസ്യമായി വെളിവാക്കപ്പെടുമ്പോഴും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന കീഴ്‌വഴക്കമാണ് കേന്ദ്രം തുടർന്നുകൊണ്ടേയിരിക്കുന്നത്. ഏറ്റവും ഒടുവിൽ മണിപ്പൂരിൽ മൗലികാവകാശങ്ങളെ നിഷ്‌കരുണം ലംഘിക്കുമ്പോൾ, ജനങ്ങൾക്കുനേരെ കൊടിയ മൃഗീയത നടമാടുമ്പോൾ നാവനക്കാൻ പോലും കേന്ദ്രം മടികാണിക്കുകയാണ്. മണിപ്പൂരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ കലാപം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും തങ്ങളിലർപ്പിതമായ ഭരണഘടനാ ചുമതല നിർവഹിക്കാനുള്ള പ്രാഥമിക ബോധംപോലും കേന്ദ്രം കാട്ടാതിരുന്നതും ലോകം കണ്ടു. മനുഷ്യർ പരസ്പരം വെട്ടിയും കുത്തിയും തെരുവിൽ മരിച്ചുവീഴുന്ന അത്യന്തം ഹൃദയഭേദക കാഴ്ചകൾ അനുദിനം അവിടെനിന്നു പുറത്തുവന്നിട്ടും സംസ്ഥാന സർക്കാരിനോട് കർശന നടപടിക്ക് നിർദേശിക്കാനോ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനോ ഭരണഘടനാ ബാധ്യത നിറവേറ്റാനോ കേന്ദ്രത്തിന് കഴിഞ്ഞില്ല.

കാരണം, സുപ്രിംകോടതി നിരീക്ഷിച്ചതുപോലെ അവിടെ ഭരിക്കുന്നത് സ്വന്തക്കാരനായ ബിരേൻ സിങ്ങാണ്. മണിപ്പൂരിൽ നിയമത്തിന്റെ പരിധിക്കകത്തുനിന്നുള്ള ഇടപെടൽ നടത്താൻപോലും കേന്ദ്രം ശ്രമിച്ചില്ല എന്നത് അതീവ ഗൗരവമുള്ള വിഷയമാണ്.
മണിപ്പൂർ ഉൾപ്പെടെ, ഗൂരുതരമായ ഭരണഘടനാ ലംഘനങ്ങളുടെ പരമ്പരകൾക്ക് മുന്നിൽ കണ്ണടയ്ക്കുന്ന കേന്ദ്രം പക്ഷേ, തങ്ങളുടെ രാഷ്ട്രീയ എതിരാളികളുടെ തട്ടകങ്ങളിൽ ഏത് നിയമവിരുദ്ധ മാർഗത്തിലൂടെയും കടന്നുകയറാൻ മടികാണിച്ചിട്ടുമില്ല. മഹാരാഷ്ട്രയിലെ മഹാ ഗഡ്ബന്ധൻ സർക്കാരിനെ വീഴ്ത്താനും ഡൽഹിയിൽ പ്രത്യേക ഓർഡിനൻസിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരം കവരാനും ബി.ജെ.പി സർക്കാരിന് ഭരണഘടനയോ നിർവഹണ തത്വങ്ങളോ തടസമായില്ല. എതിരാളികളെ ഭയപ്പെടുത്തി വരുതിയിലാക്കാനായി കേന്ദ്ര ഏജൻസികളെ യഥേഷ്ടം തുറന്നുവിടുമ്പോഴും സാമാന്യ നിയമതത്വങ്ങൾ പാടെ മറക്കുകയാണ് ബി.ജെ.പി സർക്കാർ.

എന്നാൽ ഇഷ്ടമില്ലാത്തവരെ ഒറ്റപ്പെടുത്താനും അവർക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കാനും തരംപോലെ ഭരണഘടന ഉദ്ധരിക്കാനും അത് ദുർവ്യാഖ്യാനം ചെയ്യാനും ബി.ജെ.പി ശ്രമിക്കുക പതിവുണ്ട്. ഏക സിവിൽകോഡ് പോലുള്ള ജനദ്രോഹ നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ഇല്ലാത്ത ഉദ്ധരണി ഉയർത്തി കൂട്ടുപിടിക്കുന്നത് ഭരണഘടനയെ ആണ്. തങ്ങളുടെ സങ്കുചിത, പുറന്തള്ളൽ രാഷ്ട്രീയത്തിന്റെ സംസ്ഥാപനത്തിനുവേണ്ടി ഭരണഘടനാവ്യവസ്ഥകൾ കാറ്റിൽപ്പറത്തുന്ന കേന്ദ്ര സർക്കാരിന് കിട്ടിയ ഏറ്റവും കടുത്ത പ്രഹരമാണ് സുപ്രിംകോടതി പരാമർശം. ഇത്തരം ഇടപെടൽ നടത്താൻ രാജ്യത്തിന്റെ നിയമനീതിന്യായ വ്യവസ്ഥയുണ്ട് എന്നതാണ് മഹിതമായ നമ്മുടെ ജനാധിപത്യത്തിന്റെ ബാക്കിനിൽക്കുന്ന പ്രതീക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  9 minutes ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  16 minutes ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  24 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  35 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  38 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  an hour ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  2 hours ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  2 hours ago