ഇഞ്ചി കേടാകാതെ സൂക്ഷിക്കാം മാസങ്ങളോളം; ഈ ടിപ്‌സുകള്‍ പരീക്ഷിച്ചുനോക്കൂ..
ഇഞ്ചി കേടാകാതെ സൂക്ഷിക്കാം മാസങ്ങളോളം
ഇഞ്ചിയ്ക്ക് തീപിടിച്ച വിലയാണിപ്പോള്‍. അടുക്കളയില്‍ ദിനേന ആവശ്യമുള്ള ഒരു വസ്തുവുമാണിത്. മഴക്കാലമാകുമ്പോള്‍ സാധാരണയായി ഇഞ്ചിക്ക് വില കൂടാറുണ്ട്. മാത്രമല്ല, വാങ്ങിവെച്ച ഇഞ്ചി പെട്ടെന്ന് തന്നെ കേടായിപോകാനും സാധ്യതയുണ്ട്. പലപ്പോഴും വലിയ അളവില്‍ ഇഞ്ചി വാങ്ങി സൂക്ഷിക്കാന്‍ കഴിയാത്തതിന്റെ കാരണവും ഇതുതന്നെയാണ്.
ഭക്ഷണത്തില്‍ ചേര്‍ക്കുന്നതിലുപരി മരുന്നാവശ്യങ്ങള്‍ക്കും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ദഹനപ്രശ്‌നങ്ങള്‍ക്കും പ്രതിരോധശേഷിക്കായും ഇഞ്ചി ഉപയോഗിക്കുന്നവര്‍ ഏറെയാണ്.
മിക്ക വീടുകളിലും വാങ്ങുന്ന ഇഞ്ചിയില്‍ ഒരു ഭാഗം കേടായി കളയുന്നതായിരിക്കും പതിവ്. ഇപ്പോഴത്തെ ഈ വിലക്കയറ്റ സമയത്ത് ഒരു ചെറിയ കഷ്ണം ഇഞ്ചി പോലും കളയാന്‍ കഴിയില്ല. അതിനാല്‍, ഇഞ്ചിയുടെ മണവും രുചിയുമെല്ലാം നഷ്ടപ്പെടാതെ ഫ്രഷായി വെക്കാനുള്ള ചില ടിപ്‌സുകള്‍ നോക്കാം.
മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുമ്പോള്‍ തന്നെ ഒന്ന് ശ്രദ്ധിക്കാം. നേര്‍ത്ത തൊലിയോടും ഉറച്ചിരിക്കുന്നതുമായ ഇഞ്ചിയാണ് വാങ്ങേണ്ടത്. തൊടുമ്പോള്‍ സോഫ്റ്റ് ആയതും കനം തോന്നാത്തതുമായ ഇഞ്ചി വാങ്ങരുത്. ഇത് പെട്ടന്ന് ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്.
ഇഞ്ചി ഫ്രീസറില്‍ സൂക്ഷിക്കുന്നത് കേടാകാതെ കുറേക്കാലം നിലനില്‍ക്കാന്‍ സഹായിക്കുന്നു. തോല്‍ കളയാതെ വായു കടക്കാത്തവിധം പാത്രത്തിലിട്ട് റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്നതാണ്. ഇഞ്ചി ഇനി ഫ്രീസറില്‍ സൂക്ഷിക്കാനാണെങ്കില്‍ ഇത് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുകയോ ഗ്രേറ്റ് ചെയ്യുകയോ ചെയ്ത ശേഷം എയര്‍ടൈറ്റ് കണ്ടെയ്‌നറിലോ ഫ്രീസര്‍ ബാഗിലോ വയ്ക്കാവുന്നതാണ്.
റീസീലബിള്‍ ബാഗില്‍ സൂക്ഷിക്കുന്നത് ഇഞ്ചിയുടെ മണം പോകാതെ കാക്കും.
നാരങ്ങാ നീരിലോ വിനാഗിരിയിലോ മുക്കിവെക്കുന്നത് ഇഞ്ചി കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ സഹായിക്കും. ഇങ്ങനെ ചെയ്യുന്നതിനു മുന്‍പ് ഇഞ്ചി നല്ലപോലെ കഴുകിയെടുക്കേണ്ടതാണ്.
തൊലികളഞ്ഞ ഇഞ്ചി അല്പം വെള്ളമോ എണ്ണയോ ചേര്‍ത്ത് ഇഞ്ചി പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ഐസ് ക്യൂബ് ട്രേകളിലേക്ക് മാറ്റി ഫ്രീസ് ചെയ്യുക. ഫ്രീസുചെയ്തുകഴിഞ്ഞാല്‍, ഇഞ്ചി ക്യൂബുകള്‍ ഒരു ഫ്രീസര്‍ ബാഗിലേക്ക് മാറ്റുക. ഈ ഇഞ്ചി പേസ്റ്റ് ക്യൂബ് ഫ്രീസറില്‍ മാസങ്ങളോളം കേടാകാതെ ഇരിക്കും.
ഇഞ്ചി പൊടിച്ചും സൂക്ഷിക്കാവുന്നതാണ്. ഇഞ്ചി തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി പേപ്പറിലോ മറ്റ് വച്ച് ഉണക്കിയെടുത്ത ശേഷം ഓവനില്‍ ബേക്ക് ചെയ്ത് ക്രിസ്പിയാക്കി എടുക്കണം. ശേഷം ഇത് പൊടിച്ച് വൃത്തിയുള്ള കണ്ടെയ്‌നറിലാക്കി സൂക്ഷിക്കാം. ഇഞ്ചി വെയിലില്‍ ഉണക്കിയും പൊടിച്ചെടുക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."