അടിപതറി ബൈജൂസ്; ഓഫീസ് അടച്ചുപൂട്ടുന്നു: നിക്ഷേപകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബൈജു രവീന്ദ്രന്‍
അടിപതറി ബൈജൂസ്; ബൈജൂസ് ഓഫീസ് അടച്ചുപൂട്ടുന്നു: നിക്ഷേപകര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബൈജു രവീന്ദ്രന്‍
ബെംഗളൂരു: ലോകത്തിലെ തന്നെ വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായി മാറിയ ബൈജൂസില്‍ പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോര്‍ട്ട്. കേസുകളും നിക്ഷേപത്തകര്‍ച്ചയുമെല്ലാമായി വലിയ പ്രതിസന്ധിയാണ് കമ്പനി നേരിടുന്നത്. നിക്ഷേപകര്‍ക്ക് മുന്നില്‍ നിലവിലെ തന്റെ അവസ്ഥ വിവരിച്ച് ബൈജൂസ് ആപ്പ് ഉടമയായ ബൈജു രവീന്ദ്രന്‍ പൊട്ടിക്കരഞ്ഞതായാണ് വിവരം. കമ്പനിയുടെ മുന്നോട്ട് പോക്കിന് ധനസമാഹരണം നടത്താനായി ബൈജു രവീന്ദ്രന്‍ ദുബായില്‍ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 100 കോടി ഡോളര്‍ സമാഹരിക്കാനായാണ് ബൈജു രവീന്ദ്രന്റെ നേതൃത്വത്തില്‍ വിവിധ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍, ഈ കൂടിക്കാഴ്ച പരാജയമായിരുന്നു. ഈ സമയത്താണ് നിക്ഷേപകരുടെ മുന്നില്‍ ബൈജു രവീന്ദ്രന്‍ പൊട്ടിക്കരഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ക്കു പിന്നാലെ ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനത്തു നിന്ന് ബഹുരാഷ്ട കമ്പനിയായ ഡിലോയിറ്റും പിന്മാറിയതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകാന്‍ കാരണം. സ്ഥാപക കുടുംബാംഗങ്ങള്‍ മാത്രമാണ് ഇനി കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ശേഷിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബൈജു രവീന്ദ്രന്‍, ഭാര്യ ദിവ്യ ഗോകുല്‍നാഥ്, സഹോദരന്‍ റിജു രവീന്ദ്രന്‍ എന്നിവരാണ് ബൈജൂസ് ബോര്‍ഡില്‍ അവശേഷിക്കുന്നത്. ബെംഗളൂരുവില്‍ പ്രവര്‍ത്തിച്ചിരുന്ന ബൈജൂസിന്റെ മൂന്ന് ഓഫീസുകളില്‍ രണ്ട് ഓഫീസുകളും അടച്ചുപൂട്ടിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ബെംഗളുരു നഗരത്തില്‍ ബൈജൂസിന്റെ കീഴിലുള്ള ഏറ്റവും വലിയ ഓഫീസ് ഉള്‍പ്പെടെ പൂട്ടിക്കഴിഞ്ഞു.
ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരോട് ജൂലൈ 23 മുതല്‍ മറ്റ് ഓഫീസുകളിലേക്ക് മാറുകയോ വര്‍ക്ക് ഫ്രം ഹോം എടുക്കുകയോ ചെയ്യാണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ പ്രസ്റ്റീജ് ടെക് പാര്‍ക്കിലെ ഒമ്പത് നിലകളില്‍ രണ്ടെണ്ണം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് തന്നെ ബൈജൂസ് സാമ്പത്തിക നഷ്ടത്തിലായിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020 2021 സാമ്പത്തിക വര്‍ഷത്തില്‍ 4,588 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്. പിന്നീടുള്ള രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ ഫലങ്ങള്‍ കമ്പനി ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കൊവിഡ് കാലത്ത് പോലും കമ്പനിയ്ക്ക് ലാഭമുണ്ടാക്കാനായില്ല എന്നതാണ് തകര്‍ച്ചയുടെ വ്യാപ്തി കൂട്ടുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബൈജൂസിന്റെ ഓഫീസുകളിലും ബൈജു രവീന്ദ്രന്റെ വസതിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. നിയമങ്ങള്‍ ലംഘിച്ച് വിദേശത്ത് നിന്ന് ധനസമാഹരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."