ഗ്ലോബല്‍ വാമിങ് അല്ല, ഗ്ലോബല്‍ ബോയിലിങ്; ഇതൊരു തുടക്കം മാത്രമെന്ന് യു.എന്‍
ഗ്ലോബല്‍ വാമിങ് അല്ല, ഗ്ലോബല്‍ ബോയിലിങ്; ഇതൊരു തുടക്കം മാത്രമെന്ന് യു.എന്‍
ജനീവ: ഗ്ലോബല്‍ വാമിങ് ( ആഗോള താപനം) യുഗത്തില്‍ നിന്ന് ഗ്ലോബല്‍ ബോയിലിങ് ( ആഗോള തിളപ്പിക്കല്‍) യുഗത്തിലേക്ക് കടന്നിരിക്കുകയാണെന്ന് യു.എന്‍ മുന്നറിയിപ്പ്. കാലാവസ്ഥാ മാറ്റത്തിന്റെ തുടക്കം മാത്രമാണിതെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു. യൂറോപ്പിലും യു.എസിലും ആഫ്രിക്കയിലും ഉഷ്ണക്കാറ്റ് വീശി ലോക ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മാസമായി ജൂലൈ മാറിയതോടെയാണ് ഗ്ലോബല്‍ ബോയിലിങ് യുഗത്തിലേക്ക് കടന്നുവെന്ന് വിലയിരുത്തിയത്.
ന്യൂയോര്‍ക്കില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ വടക്കന്‍ അര്‍ധഗോളത്തിലുടനീളമുള്ള തീവ്രമായ ചൂടിനെ 'ക്രൂരമായ വേനല്‍'(രൃൗലഹ ൗൊാലൃ) എന്നാണ് ഗുട്ടെറസ് വിശേഷിപ്പിച്ചത്. 'ഭൂമിയെ സംബന്ധിച്ച് ഇതൊരു ദുരന്തമാണ്. കാലാവസ്ഥാ വ്യതിയാനം അതിഭീകരമാണ്. ഇതൊരു തുടക്കം മാത്രമാണ്. ആഗോള താപനത്തിന്റെ യുഗം അവസാനിച്ചു. ആഗോള തിളപ്പിക്കലിന്റെ യുഗമാണ് വന്നിരിക്കുന്നത്.' - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 1.2 ലക്ഷം വര്‍ഷങ്ങള്‍ക്കിടെ ഭൂമിയില്‍ ഇത്രയും ചൂട് ആദ്യമാണെന്ന് ജര്‍മനിയിലെ ലൈപ്‌സിഗ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട വിശകലനത്തില്‍ പറയുന്നുണ്ട്. മരുഭൂമികളില്‍ രാത്രി ചൂട് കുറഞ്ഞ് തണുപ്പ് പരക്കുന്ന പതിവിനും ഈ മാസം മാറ്റമുണ്ടായിട്ടുണ്ട്. യു.എസിലെ കാലിഫോര്‍ണിയയിലുള്ള ഡെത്ത് വാലിയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ രാത്രിച്ചൂടാണ് ഈ മാസം അനുഭവപ്പെട്ടത്.
ജൂലൈയില്‍ ഉടനീളം കാലാവസ്ഥാ വ്യതിയാനം മൂലം നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൈനയും അമേരിക്കയും തെക്കന്‍ യൂറോപ്പും കാട്ടുതീ, ജലക്ഷാമം, ചൂടുമൂലമുള്ള അസുഖങ്ങള്‍ എന്നിവയ്ക്ക് സാക്ഷ്യം വഹിച്ചു. അള്‍ജീരിയയില്‍ കുറഞ്ഞത് 34 പേര്‍ മരിക്കുകയും മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും തീവ്രമായ ചൂട് കാരണം ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു.
ഗ്രീസില്‍, റോഡ്‌സ് ദ്വീപില്‍ കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആളിപ്പടരുന്ന തീപിടിത്തം കാരണം 20,000 ത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."