ആലുവയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല; കുട്ടിയെ സുഹൃത്തിന് കൈമാറിയെന്ന് പ്രതിയുടെ കുറ്റസമ്മതം
ആലുവയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല; കുട്ടിയെ സുഹൃത്തിന് കൈമാറിയെന്ന് പ്രതിയുടെ കുറ്റസമ്മതം
കൊച്ചി: ആലുവയില്‍ നിന്ന് തട്ടിക്കൊണ്ട് പോയ അഞ്ച് വയസുകാരിയെ കണ്ടെത്താനാകാതെ പൊലിസ്. ബീഹാര്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ട് പോയെന്ന് കരുതുന്ന പ്രതി അസ്ഫക്ക് ആലമിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും കുട്ടിയെ കുറിച്ച് വിവരമൊന്നും കിട്ടിയിട്ടില്ല. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നാണ് വിവരം. കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ജ്യൂസ് വാങ്ങിക്കൊടുത്തതിന് ശേഷം താന്‍ കുട്ടിയെ കണ്ടിട്ടില്ലെന്നാണ് പ്രതി ആദ്യം പറഞ്ഞത്. ഇതോടെ ഇയാള്‍ക്ക് പുറത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടാകെമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി തോട്ടക്കാട്ടുകരയില്‍ നിന്നാണ് അസ്ഫാക്കിനെ പൊലിസ് പിടികൂടിയത്.
അതിനിടെ കുട്ടിയെ സുഹൃത്തിന് കൈമാറിയെന്ന് പ്രതി പറഞ്ഞതായാണ് സൂചന. സുഹൃത്ത് വഴി സക്കീര്‍ എന്നയാള്‍ക്ക് കുട്ടിയെ കൈമാറിയെന്നാണ് അസ്ഫാക്ക് പറഞ്ഞത്.
ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് ബീഹാര്‍ സ്വദേശികളായ മഞ്ജയ് കുമാറിന്റെയും നീതയുടെയും മകള്‍ അഞ്ച് വയസുകാരി ചാന്ദ്‌നിയെ അസ്ഫക് ആലം തട്ടിക്കൊണ്ട് പോയത്. ജ്യൂസ് വാങ്ങി നല്‍കിയാണ് കുട്ടിയെ കടത്തിയതെന്ന് മാതാപിതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു.
പൊലിസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണവുമാരംഭിച്ചിരുന്നു. ഇതിനിടെ ഇന്നലെ വൈകീട്ടോടെ ആലുവ സീമാസ് പരിസരത്ത് വെച്ച് പ്രതി കുട്ടിയുമായി നടന്ന് പോകുന്നത് കണ്ടെന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അസ്ഫാക്ക് പിടിയിലായത്. തൃശ്ശൂരിലേക്കുള്ള ബസില്‍ കുട്ടിയുമായി കയറിയ അസ്ഫാക് ആലുവയില്‍ ഇറങ്ങിയെന്നാണ് പൊലിസ് കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."