കള്ള് നാടിന്റെ സ്വന്തം മദ്യം; ഇളം കള്ള് വേണ്ട രീതിയില്‍ കൊടുത്താല്‍ പോഷക സമൃദ്ധം; ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി
കള്ള് നാടിന്റെ സ്വന്തം മദ്യം; ഇളം കള്ള് വേണ്ട രീതിയില്‍ കൊടുത്താല്‍ പോഷക സമൃദ്ധം; ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കള്ള് പോഷകാഹാര സമൃദ്ധമെന്ന എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവനയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കള്ള് നാടിന്റെ സ്വന്തം മദ്യമെന്നാണ് പിണറായി വിജയന് പറഞ്ഞത്. ഇളം കള്ള് വേണ്ട രീതിയില്‍ കൊടുത്താല്‍ പോഷക സമൃദ്ധമാകുമെന്നും അതിന്റെ സാധ്യതകള്‍ എങ്ങനെ ഉപയോഗിക്കാമെന്ന് ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് കള്ള് മദ്യമല്ലെന്നും പോഷകാഹാര വസ്തുവാണെന്ന പ്രസ്താവനയുമായി ഇ.പി ജയരാജന് രംഗത്തെത്തിയത്. രാവിലെ എടുത്ത ഉടന്‍തന്നെ അത് കഴിക്കുന്നതില്‍ വലിയ കുറ്റംപറയാന്‍ പറ്റില്ലെന്നും അപ്പോഴത് വലിയ ലഹരിയായി മാറുന്നില്ലെന്നുമായിരുന്നു ജയരാജന് പറഞ്ഞത്. കള്ളിന്റെയും നീരയുടെയും ഉത്പാദനം വര്‍ധിപ്പിച്ചാല്‍ വലിയ തൊഴില്‍സാധ്യത കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. നിയമം കൊണ്ട് മദ്യപാനത്തെ ഇല്ലാതാക്കാനാകില്ലെന്നും ബോധവത്ക്കരണമാണ് ഏകവഴിയെന്നും ജയരാജന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമാന പരാമര്‍ശവുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയത്.
അതേസമയം സംസ്ഥാനത്തിന്റെ മദ്യനയത്തെ വിമര്‍ശിച്ച് ഇടതുമുന്നണിയില്‍ തന്നെ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ബാറുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും കളള് ചെത്തി വില്‍പ്പന നടത്താന്‍ അനുമതി നല്‍കിയതിന് എതിരെ സി പി ഐയുടെ തൊഴിലാളി സംഘടനയായ എ ഐ ടി യു സി തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."