മോദിയുമായൊരു കെമിസ്ട്രി
ഒരേയൊരു ഉദ്യോഗസ്ഥന്‍-സര്‍വിസില്‍ നിന്ന് പിരിയേണ്ട 60 വയസ് കഴിഞ്ഞിട്ടും അയാളെ അതേസ്ഥാനത്ത് പിടിച്ചുനിര്‍ത്താന്‍ മോദി സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുന്നു. കാലാവധി നിരന്തരം നീട്ടി നല്‍കുന്നു. സുപ്രിംകോടതിയെ മറി കടക്കാന്‍ ആദ്യം മൂന്നു വര്‍ഷം പിന്നെ അഞ്ചു വര്‍ഷം, കാലാവധി നീട്ടി ഓര്‍ഡിനന്‍സിറക്കുന്നു. നിയമവിരുദ്ധമെന്ന് കോടതി പറഞ്ഞിട്ടും വീണ്ടും സുപ്രിംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറല്‍മാര്‍ വിയര്‍ക്കുന്നു.
കോടതി ചോദിക്കുന്നു: ഇദ്ദേഹമില്ലെങ്കില്‍ ഈ വകുപ്പ് തന്നെ ഇല്ലാതാകുമോ? രാജ്യത്തിന്റെ ഭാവി ഈ ഒരു ഉദ്യോഗസ്ഥനെ മാത്രം ആശ്രയിച്ചാണെന്ന വാദം നിരാശയുണ്ടാക്കുന്നുവെന്നു വരെ ഉന്നതകോടതി നിരീക്ഷിക്കുന്നു. സഞ്ജയ്കുമാര്‍ മിശ്ര എന്ന ഐ.ആര്‍.എസുകാരനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടര്‍ സ്ഥാനത്ത് മൂന്നാമതും കാലാവധി നീട്ടി നല്‍കാനാണ് മോദി സര്‍ക്കാരിന്റെ പെടാപാട്.
“രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയ മന്നന്റെ തോളത്ത്
മാറാപ്പു കേറ്റുന്നതും ഭവാന്‍”
പൂന്താനത്തിന്റെ ഈ വരികളില്‍ ഭവാന്‍ എന്നത് ഇ.ഡി അഥവാ സഞ്ജയ്കുമാര്‍ മിശ്ര എന്ന് തിരുത്താം. ഭരണകൂടങ്ങളെ വാഴ്ത്താനും വീഴ്ത്താനും ഇന്നലെ പ്രതിപക്ഷത്തു കണ്ടയാളെ ഇന്ന് ഭരണപക്ഷത്താക്കാനും തിരിച്ചും എല്ലാം കെൽപ്പുള്ളയാളായതുകൊണ്ടു തന്നെയാണ് കേന്ദ്രം ഇദ്ദേഹത്തെ നിലനിര്‍ത്താന്‍ പാടുപെടുന്നത്.
പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം മിശ്രയെ പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നതും. ഉദ്ധവ് താക്കറെ കാര്യം പറഞ്ഞു- 'കേന്ദ്ര ഭരണ മുന്നണിയിലെ ഏറ്റവും വലിയ കക്ഷികള്‍ ഇ.ഡിയും സി.ബി.ഐയും എന്‍.ഐ.എയും ആണ്'. ശിവസേനയുടെ മുടിചൂടിയ മന്നനായ ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രിക്കസേര വലിച്ചു താഴെയിട്ട് ഏക്നാഥ് ഷിന്‍ഡെക്കൊപ്പം ബി.ജെ.പി പക്ഷം ചേര്‍ന്ന സേന എം.എല്‍.എമാരില്‍ മിക്കവരുടെയും കേന്ദ്രങ്ങളില്‍ ഇ.ഡി പരിശോധനക്കെത്തിയത് കഴിഞ്ഞ ദിവസമാണ്. കോടികളുടെ അഴിമതി ആരോപണം നേരിടുന്ന അജിത് പവാറിനെ ഒറ്റ ദിവസം കൊണ്ടാണ് വെളുപ്പിച്ചെടുത്തത്.
ഇ.ഡിയെ രാഷ്ട്രീയായുധമാക്കി മാറ്റാമെന്ന് കണ്ടുപിടിച്ചത് ഉത്തര്‍പ്രദേശുകാരനായ സഞ്ജയ്കുമാര്‍ മിശ്രയാണ്. ലക്നോ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബയോ കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടുകയും ആദ്യത്തെ എഴുത്തില്‍ തന്നെ സിവില്‍ സര്‍വിസ് കരസ്ഥമാക്കി ആദായ നികുതി വകുപ്പില്‍ അസിസ്റ്റന്റ് കമ്മിഷണറായി സേവനം ആരംഭിക്കുകയും ചെയ്തയാളാണ് മിശ്ര. യു.പിയിലെ തന്നെ ഗോരഖ്പൂരിലായിരുന്നു ആദ്യ നിയമനം. മോദി അധികാരത്തിലെത്തിയ 2014ന് ശേഷം ഇദ്ദേഹം ആദായ നികുതി വകുപ്പിലിരുന്നുകൊണ്ടു തന്നെ എന്‍.ഡി.ടി.വിയെയും കോണ്‍ഗ്രസ് നേതാക്കളായ ഗാന്ധി കുടുംബത്തിന്റെ ചുമതലയിലുള്ള യങ് ഇന്ത്യയെയും എങ്ങനെ കുഴപ്പത്തിലാക്കാമെന്ന് കാട്ടിക്കൊടുത്തു.
നാഷനല്‍ ഹെറാള്‍ഡ് കേസ് രൂപപ്പെടുത്തിയത് കണ്ട് ബോധ്യപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിലേക്ക് ആദ്യം താല്‍ക്കാലിക ചുമതലക്കാരനായും 2018 ഒക്‌ടോബറില്‍ മുഴുവന്‍ ഡയരക്ടറായും നിയമിക്കുന്നത്. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ദിവസങ്ങളോളം ചോദ്യം ചെയ്തു.
കള്ളപ്പണത്താല്‍ രാജ്യം അപകടപ്പെട്ടുപോകുമെന്ന് പറഞ്ഞ് ഇ.ഡിക്ക് വിപുലമായ അധികാരങ്ങള്‍ നല്‍കി. ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ എവിടെ വേണമെങ്കിലും മുന്നറിയിപ്പില്ലാതെ പരിശോധനക്കെത്തുകയോ ആവാം. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ നല്‍കുന്ന മൊഴി തെളിവായി രേഖപ്പെടുത്താം. രാജ്യത്തെ മറ്റേതൊരു ഏജന്‍സിക്കും ഇല്ലാത്ത അധികാരാവകാശങ്ങളോടെ ഇ.ഡി ഭരിക്കുന്നവരുടെ കൈയിലെ ഏറ്റവും വലിയ ആയുധമായി മാറി. 2014ല്‍ 1,093 കേസുകള്‍ മാത്രമുണ്ടായിരുന്ന ഇ.ഡിക്ക് 2022 ആയപ്പോഴേക്ക് 5,493 കേസുകളായി. പരശ്ശതം പരിശോധനകള്‍. പക്ഷെ ശിക്ഷിക്കപ്പെടുന്നത് നാമമാത്രം. മിക്ക റെയ്ഡുകളും പേടിപ്പിച്ചു വരുതിയിലാക്കാന്‍.
രാഷ്ട്രീയ നേതാക്കള്‍ ഇ.ഡിയുടെ പ്രധാന ലക്ഷ്യമായി മാറിയപ്പോള്‍ പക്ഷെ ഭരിക്കുന്ന കക്ഷിയില്‍പ്പെട്ടവര്‍ ഇ.ഡിപ്പട്ടികയില്‍ അപൂര്‍വാല്‍ അപൂര്‍വമായി മാത്രം. രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും പുറമെ പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മുന്‍ ധന-ആഭ്യന്തര മന്ത്രി പി. ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം, കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ദ് സോറണ്‍, തൃണമൂലിന്റെ പാര്‍ഥ ചാറ്റര്‍ജി, എ.എ.പിയുടെ സത്യേന്ദര്‍ ജെയ്ന്‍, സിസോദിയ, ശിവസേനയുടെ സഞ്ജയ് റാവുത്ത്, എന്‍.സി.പിയുടെ നവാബ് മാലിക്, നാഷനല്‍ കോണ്‍ഫ്രന്‍സിന്റെ ഫാറൂഖ് അബ്ദുല്ല, വാഷിങ്ടണ്‍ പോസ്റ്റ് പ്രതിനിധി റാണാ അയ്യൂബ്, ഡി.എം.കെയുടെ സെന്തില്‍ ബാലാജി… ഈ പട്ടിക തുടരുകയാണ്.
അതേസമയം, സഞ്ജയ് മിശ്ര ചുമതലയേല്‍ക്കും മുമ്പ് ഇ.ഡിയുടെ കേസില്‍ പ്രതികളായ കര്‍ണാടകയിലെ ബി.ജെ.പി നേതാക്കളായ ബെല്ലാരി ഖനന നേതാക്കളും പതഞ്ജലി രാംദേവും ഊരിപ്പോയി. ജഗ് മോഹന്‍ റെഡിക്കെതിരായ കേസില്‍ ചലനമില്ല. കേരളത്തിലെ സ്വര്‍ണക്കേസ് പോലെ. തെളിവുകളെല്ലാം ശേഖരിച്ച ഇ.ഡി അവസരം കാത്തിരിക്കുകയാണ്.
സഞ്ജയ്കുമാര്‍ മിശ്രയേക്കാളും മിടുക്കനായ ആളെ ഇ.ഡി ഡയരക്ടറായി കിട്ടാതിരിക്കില്ല. ഇ.ഡിയെ കടിക്കുന്ന ഇത്തരത്തില്‍ ബ്രഹ്മാസ്ത്രമായി ഉപയോഗിക്കാമെന്ന് മോദിയെ പഠിപ്പിച്ച ഉസ്താദ് ഇദ്ദേഹം മാത്രം.
Content Highlights:Editorial Jul 30
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."