യൂറോപ്പിലെ ഏറ്റവും മികച്ച 10 യൂണിവേഴ്‌സിറ്റികള്‍ ഏതൊക്കെയാണെന്നറിയാമോ? ലിസ്റ്റ് പുറത്ത്
യൂറോപ്പിലെ ഏറ്റവും മികച്ച 10 യൂണിവേഴ്‌സിറ്റികള്‍ ഏതൊക്കെയാണെന്നറിയാമോ? ലിസ്റ്റ് പുറത്ത്
വിദേശ പഠനം മനസില്‍ കൊണ്ടുനടക്കുന്ന ഏതൊരു വിദ്യാര്‍ഥിയും അഭിമുഖീകരിക്കുന്ന ചോദ്യമാണ് എവിടെ പഠിക്കണമെന്നത്. കൈനിറയെ അവസരങ്ങളും ലോകോത്തര നിലവാരമുള്ള പഠനവും പലരെയും വിദേശ പഠനത്തിന് പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്. പഠന സൗകര്യവും അക്കാദമിക് നിലവാരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകളും പരിഗണിച്ചാണ് പലരും യൂണിവേഴ്‌സിറ്റികള്‍ തെരഞ്ഞെടുക്കുന്നത്.
കുട്ടികളുടെ ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ പോര്‍ട്ടലായ സ്റ്റുഡന്റ് ഹെല്‍പ് ലൈന്‍. വിദേശ പഠനം ആഗ്രഹിക്കുന്നവര്‍ക്കായി യൂറോപ്പിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റാണ് അവരിപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഓരോ വിഷയത്തിലും മികവ് പുലര്‍ത്തുന്ന 10 യൂണിവേഴ്‌സിറ്റികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
പഠനാന്തരീക്ഷം, അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം, അടിസ്ഥാന സൗകര്യം, ഗവേഷണ പ്രബന്ധങ്ങള്‍, വിദേശ വിദ്യാര്‍ഥികളോടുള്ള സമീപനം, ആഗോള അംഗീകാരം, ഫാക്കല്‍റ്റി, സ്‌കോളര്‍ഷിപ്പുകള്‍ എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക പുറത്ത് വിട്ടിരിക്കുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം..
- യൂണിവേഴ്‌സിറ്റി ഓക്‌സ്‌ഫോര്‍ഡ്
യൂറോപ്പിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ഓക്‌സ്‌ഫോര്‍ഡ് തന്നെയാണ് ലിസ്റ്റില്‍ ആദ്യ സ്ഥാനത്തുള്ളത്. സ്റ്റുഡന്റ് ഹെല്‍പ്പ് ലൈനിന്റെ പഠനമനുസരിച്ച് ബിസിനസ് വിഷയങ്ങളില്‍ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ചത് ഓക്‌സ്‌ഫോര്‍ഡാണ്. 900 വര്‍ഷത്തിന്റെ അക്കാദമിക് പാരമ്പര്യം അവകാശപ്പെടുന്ന ഇവിടെ വിദേശ വിദ്യാര്‍ഥികള്‍ക്ക് മികച്ച സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. പൂര്‍വ്വ വിദ്യാര്‍ഥികളുടെയും അക്കാദമിക് ഫാക്കല്‍റ്റികളുടെയും പേരിലാണ് ഓക്‌സ്‌ഫോര്‍ഡ് എല്ലാ കാലത്തും പ്രശസ്തിയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ലോകത്തിലെ പല പ്രഗത്ഭരായ പണ്ഡിതരും നൊബേല്‍ സമ്മാന ജേതാക്കളും ഓക്‌സ്‌ഫോര്‍ഡിന്റെ സൃഷ്ടിയാണ്.
- യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജ്
ഓക്‌സ്‌ഫോര്‍ഡുള്ള ലിസ്റ്റില്‍ കേംബ്രിഡ്ജില്ലാതിരിക്കുമോ? കേംബ്രിഡ്ജില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ ചെയ്യാനുള്ള നിങ്ങളുടെ തീരുമാനം ഒരിക്കലും പിഴക്കില്ലെന്നാണ് സ്റ്റുഡന്റ് ഹെല്‍പ് ലൈന്‍ പറയുന്നത്. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും, അക്കാദമിക് ബ്രില്യന്‍സും, മികച്ച പഠനാന്തരീക്ഷവും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കേംബ്രിഡ്ജിലേക്ക് അപേക്ഷ അയക്കാന്‍ മടിക്കേണ്ട.
- യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടന്‍
ലിസ്റ്റില്‍ മൂന്നാമതുള്ളത് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനാണ്. നിങ്ങള്‍ കമ്പ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തുടര്‍പഠനം ആഗ്രഹിക്കുന്ന വ്യക്തികളാണെങ്കില്‍ ആദ്യമായി പരിഗണിക്കാവുന്ന സര്‍വകലാശാലയാണിത്. മികച്ച പഠന സാകര്യമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. മാത്രമല്ല ലണ്ടന്‍ നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കലാലയം നിങ്ങള്‍ക്ക് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം ധാരാളം തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.
- യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബര്‍ഗ്
എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച പി.എച്ച്.ഡി സൗകര്യമാണ് വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അതിന് കാരണം ഗവേഷണ മേഖലയില്‍ സര്‍വകലാശാല കാത്തു സൂക്ഷിക്കുന്ന പാരമ്പര്യം തന്നെയാണ്. 1582 ലാണ് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റി സ്ഥാപിതമായത്.
സ്റ്റുഡന്റ് ഹെല്‍പ്പ് ലൈനിന്റെ സര്‍വേ പ്രകാരം ആര്‍ട്ട്‌സ് വിഷയങ്ങളിലും ഹ്യൂമാനിറ്റീസ്, സാമൂഹ്യ ശാസ്ത്രം, എഞ്ചിനീയറിങ്, മെഡിസിന്‍ വിഷയങ്ങള്‍ക്കും പ്രശസ്തമാണ് ഇവിടം.
- ഇംപീരിയല്‍ കോളജ് ലണ്ടന്‍
അക്കാദമിക് മേഖലയിലെ മികവിനപ്പുറം തങ്ങളുടെ ചിലവ് കുറഞ്ഞ വിദ്യാഭ്യാസ രീതി കാരണമാണ് ഇംപീരിയല്‍ കോളജ് പ്രശസ്തം. വിദേശ വിദ്യാര്‍ഥികളെ സംബന്ധിച്ച് കുറഞ്ഞ ചെലവില്‍ ലോകോത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് ഇംപീരിയല്‍ കോളജ് അല്ലാതെ മറ്റൊരു ഓപ്ഷനില്ല. കോഴ്‌സുകള്‍ക്ക് ഫീസ് കുറവാണെന്ന് കരുതി പാഠന കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യുന്നവരാണ് ഇവരെന്ന് കരുതല്ലേ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിദ്യാഭ്യാസമാണ് ഇവര്‍ വിദ്യാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. യൂറോപ്പിലെ തന്നെ മികച്ച ഗവേഷണ പ്രബന്ധങ്ങള്‍ പുറത്തിറങ്ങുന്ന കോളജുകളിലൊന്നാണിത്.
- യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റര്‍
മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ലോകത്തിലെ തന്നെ മികച്ച നിയമ പഠനം സാധ്യമാക്കുന്ന ഇടമായാണ് പരിഗണിക്കുന്നത്. നിയമ പഠനത്തില്‍ ബിരുദവും, ബിരുദാനന്ത ബിരുദവും, ഗവേഷണത്തിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെയത്താറുണ്ട്. നിയമത്തിന് പുറമെ എം.ബി.എ കോഴ്‌സുകള്‍ക്കും പ്രസിദ്ധമാണ് ഇവിടം. അപ്പൊ ഇനി നിയമപഠനം മാഞ്ചസ്റ്ററിലാക്കാം അല്ലേ…
- സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി
സൂറിച്ചില്‍ സ്ഥിതി ചെയ്യുന്ന സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ലോകത്തിലെ തന്നെ വളര്‍ന്ന് വരുന്ന ഏറ്റവും മികച്ച എഞ്ചിനീയറിങ് സ്ഥാപനമായാണ് കണക്കാക്കുന്നത്. സയന്‍സ്, ടെക്‌നോളജി, ഗണിതം, പരിസ്ഥിതി പഠനം എന്നിവയില്‍ ഒരുപോലെ മികവ് പുലര്‍ത്തുന്ന സ്ഥാപനമാണിത്. മാത്രമല്ല യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ് പഠനം സാധ്യമാക്കുന്ന യൂണിവേഴ്‌സിറ്റികളില്‍ ഒന്നുമാണ്.
- കിങ്‌സ് കോളജ് ലണ്ടന്‍
ലണ്ടനിലെ കിങ്‌സ് കോളജ് ബിരുദാനന്തര ബിരുദത്തിന് ആശ്രയിക്കാവുന്ന യൂറോപ്പിലെ തന്നെ മികച്ച യൂണിവേഴ്‌സിറ്റിയാണ്. ലണ്ടനിലെ ബിസിനസ് ഹബ്ബിനടുത്തായി സ്ഥിതി ചെയ്യുന്നത് കൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യത്തോടൊപ്പം ഇന്റേണ്‍ഷിപ്പുകള്‍ക്കും, ക്യാമ്പസ് പ്ലേസ്‌മെന്റുകള്‍ക്കും സാധ്യതയൊരുക്കുന്നുണ്ട്. മാത്രമല്ല മറ്റു യൂണിവേഴ്‌സിറ്റികളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ചെലവില്‍ പഠനം പൂര്‍ത്തിയാക്കാമെന്നതും കിങ്‌സ് കോളജിന്റെ പ്രത്യേകതയാണ്.
- കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് ല്യൂവന്‍
ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങിലെ യൂറോപ്പിലെ അതികായനാണ് ല്യൂവനിലെ കാത്തലിക് യൂണിവേഴ്‌സിറ്റി. തങ്ങളുടെ പ്രൊഫഷണല്‍ കോഴ്‌സുകളിലുള്ള മികവാണ് സര്‍വകലാശാലക്ക് യൂറോപ്പിലെ ഏറ്റവും മികച്ച കലാലയങ്ങളില്‍ ഒന്നാക്കി മാറ്റിയത്. കെമിക്കല്‍ എഞ്ചിനീയറിങ്, ബയോസയന്‍സ്, സിവില്‍ എഞ്ചിനീയറിങ് മേഖലയിലടക്കം മികച്ച ട്രാക്ക് റെക്കോഡാണ് സ്ഥാപനത്തിനുള്ളത്.
- യൂണിവേഴ്‌സിറ്റി ഓഫ് ആംസ്റ്റര്‍ഡാം
ബിരുദ കോഴ്‌സുകള്‍ക്കും ബിരുദാനന്തര കോഴ്‌സുകള്‍ക്കും ഒരുപോലെ പ്രശസ്തമാണ് ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റി. 1632ല്‍ സ്ഥാപിതമായ ഇവിടെ 34000 ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. യൂറോപ്പിലെ തന്നെ ഏറ്റവും വലുതും വിശാലവുമായ സര്‍വകലാശാലകളില്‍ ഒന്നാണിത്.
top-10-best-universities-in-europe
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."