നൗഷാദിനെ കൊന്നുവെന്ന് മൊഴി നല്കാന് നിര്‍ബന്ധിച്ചു, മര്‍ദ്ദിച്ചു, പെപ്പര്‍ സ്പ്രേ അടിച്ചു; പൊലിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഫ്സാന
പൊലിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഫ്സാന
പത്തനംതിട്ട: പൊലിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പത്തനംതിട്ടയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് വ്യാജമൊഴി നല്കിയ അഫ്സാന. നൗഷാദിനെ കൊന്നെന്ന് പൊലിസ് മര്‍ദ്ദിച്ച് പറയിപ്പിച്ചതാണെന്നും വനിതാ പൊലിസ് ഉള്‍പ്പെടെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും അഫ്സാന പറഞ്ഞു. വായില്‍ പെപ്പര്‍ സ്പ്രേ അടിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതെയാണ് ഭര്‍ത്താവിനെ കൊന്നുവെന്ന് സമ്മതിച്ചതെന്നും അവര്‍ പറഞ്ഞു.
പൊലിസ് പറഞ്ഞ സ്ഥലമാണ് മൃതദേഹം കുഴിച്ചിട്ടെന്ന നിലയില്‍ കാണിച്ചുകൊടുത്തത്. ഉറങ്ങാന്‍ പോലും അനുവദിക്കാതെ പൊലിസ് പല സ്ഥലങ്ങളില്‍ കൊണ്ടുപോയി. പൊലിസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഫ്സാന പറഞ്ഞു.
നൗഷാദിന് മാനസിക വൈകല്യമുണ്ടെന്നും അഫ്സാന ആരോപിച്ചു. നൗഷാദ് മാറിനിന്നതിന്റെ കാരണം അറിയില്ല. സ്ഥിരം മദ്യപിക്കുന്ന നൗഷാദ് തന്നെയും കുട്ടികളെയും മര്‍ദ്ദിച്ചിരുന്നുവെന്നും അഫ്സാന പറഞ്ഞു.
ഭര്‍ത്താവ് പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി നൗഷാദിനെ കൊന്നുവെന്ന അഫ്സാനയുടെ മൊഴി കളവാണെന്ന് തെളിഞ്ഞതിന് പിന്നാലെ ഇന്നലെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ജയില്‍ മോചിതയുമായി. പിന്നാലെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊലീസിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
അഫ്സാന കൊന്നു കുഴിച്ചുമൂടിയെന്ന് പറഞ്ഞ നൗഷാദിനെ കഴിഞ്ഞ ദിവസം തൊടുപുഴ തൊമ്മന്‍കുത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. ഒന്നര വര്‍ഷം മുമ്പ് കാണാതായ നൗഷാദിനെ കൊന്നു കുഴിച്ചുമൂടി എന്നായിരുന്നു അഫ്സാനയുടെ മൊഴി. തുടര്‍ന്ന് മൃതദേഹം കണ്ടെത്താനായി പൊലീസ് പലയിടത്തും പരിശോധന നടത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."