ആധുനിക കേരളത്തിന്റെ ശിൽപികൾ അപമാനിക്കപ്പെടുമ്പോൾ
ഡോ.ടി.എസ്.ശ്യാം കുമാർ
കേരളീയ നവോത്ഥാനം എന്ന് സ്ഥാനപ്പെടുത്തുന്ന കേരളത്തിന്റെ ആധുനികവൽക്കരണത്തിനും സാമൂഹിക പരിഷ്ക്കരണത്തിനും ജനായത്ത പുതു വ്യവസ്ഥക്കും ആധാരശില പാകിയവരാണ് ശ്രീനാരായണ ഗുരുദേവനും മഹാത്മാ അയ്യങ്കാളിയും അടങ്ങിയ നിരവധിയായ കീഴാള ജ്ഞാന കർത്തൃത്വങ്ങൾ. ഇന്ത്യയിലെ മറ്റ് ഇടങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന്റെ പ്രത്യേകത അത് അടിത്തട്ട് സമൂഹത്തിൽ നിന്ന് ആരംഭിച്ച് മുഴുവൻ വ്യാപിച്ച ജനായത്ത പ്രക്രിയായിരുന്നു എന്നുള്ളതാണ്.
അതുകൊണ്ടുതന്നെ, ഇത്തരം ജനായത്ത വ്യവസ്ഥക്കായുള്ള പോരാട്ടങ്ങളെ അതിന്റെ ആരംഭം മുതൽതന്നെ നിർവീര്യമാക്കാൻ ശൂദ്ര- ബ്രാഹ്മണ്യ ശക്തികൾ ശ്രമിച്ചുകൊണ്ടിരുന്നു. മഹാത്മാ അയ്യങ്കാളി സ്ഥാപിച്ച വിദ്യാലയം അഗ്നിക്കിരയാക്കിയത് ശൂദ്ര ജാതി വാദികളായിരുന്നു. വൈക്കത്ത് എത്തിയ നാരായണ ഗുരുവിനെ തടഞ്ഞതും ഇതേ ശൂദ്ര ബ്രാഹ്മണ്യ ഹിംസാ ശക്തികൾതന്നെ. ജാതിഭീകരരുടെ ക്രൂരമായ ആക്രമണങ്ങൾ സഹോദരൻ അയ്യപ്പനു നേർക്കും പാഞ്ഞടുത്തിരുന്നു. ഇങ്ങനെ നോക്കിയാൽ അധഃസ്ഥിതരെന്ന് ജാതി വരേണ്യ സമൂഹം സ്ഥാനപ്പെടുത്തിയ സമുദായ നായകരുടെ പൗരാവകാശ പ്രസ്ഥാനങ്ങളെ പാടെ തകർക്കാൻ കേരളത്തിൽ അതിന്റെ ആദ്യഘട്ടം മുതൽ തന്നെ ശൂദ്ര- ബ്രാഹ്മണ്യ വർഗത്തിന്റെ സംയുക്ത ആക്രമണങ്ങൾ സജീവമായിരുന്നു. ഇതിനോട് കഠിന പോരാട്ടം നടത്തിയാണ് അടിത്തട്ട് ജനത ആത്മാഭിമാന പൂരിതമായ ജനായത്ത ജീവിതം സാധ്യമാക്കിയത്.
കേരളത്തിൽ പൊതുവഴി എന്ന സങ്കൽപംതന്നെ ഇല്ലാതിരുന്ന കാലത്താണ് മഹാത്മാ അയ്യങ്കാളി വില്ലുവണ്ടി പോരാട്ടത്തിലൂടെ ഏവർക്കും പ്രവേശിക്കാൻ കഴിയുന്ന ജനായത്ത പൊതുമണ്ഡലം പൊതുവഴി എന്ന സാമൂഹിക നിർമിതിയിലൂടെ സൃഷ്ടിച്ചെടുത്തത്. വിദ്യാലയങ്ങൾ സ്ഥാപിക്കാൻ യത്നിച്ച മഹാത്മാ അയ്യങ്കാളിയുടെ ധീരസമരങ്ങൾ ഭാവിയുടെ മഹത്തായ ദർശനം കൂടിയായിരുന്നു. സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനത്തെ അത്യന്തം ജൈവികമായി ജീവിതാനുഭൂതിയാക്കി അനുഭവവേദ്യമാക്കിയ ഗുരുവിന്റെ ജീവിത ചരിത്രം അത്രമേൽ കേരള ചരിത്രത്തിൽ പ്രകാശ പൂർണവും അനന്യവുമാണ്. എന്നാൽ ഈ മഹാത്മാക്കളോട് കേരളം പുലർത്തിയത് ആദരവാണോ എന്നത് സംശയാസ്പദമാണ്.
ഗുരുവിന്റെ പ്രതിമകൾ വ്യാപകമായി അക്രമിക്കപ്പെടുന്ന സാഹചര്യം കേരളത്തിൽ സംജാതമായി. ഗുരുവിന്റെ പ്രതിമകളെ പരിഹാസത്തിൽ മുക്കി കേരളീയർ അവതരിപ്പിക്കാനും മടിച്ചില്ല. ഇതിന്റെ തുടർച്ചയിലാണ് സാമൂഹിക മാധ്യമങ്ങളിൽ ആധുനിക കേരളത്തിന് അടിത്തറ പാകിയ മഹാത്മാ അയ്യങ്കാളിയെ അങ്ങേയറ്റം അപമാനിക്കുകയും ഹീനമായി ഇകഴ്ത്തുകയും ചെയ്യുന്ന രീതിയിൽ ചിത്രീകരിച്ചത്. കേരള നവോത്ഥാന ചരിത്രത്തിൽ തിളക്കമുറ്റ ചരിത്ര സന്ദർഭങ്ങളുടെ നിർമാതാക്കളെ ഇവ്വിധം ചിത്രീകരിക്കുന്നത് നവോത്ഥാന കേരളം എന്ന പേരിനുതന്നെ അപമാനമാണ്.
ശബരിമല ശൂദ്ര ലഹളക്കുശേഷം കൂടുതൽ ശക്തിപ്പെട്ട നവശൂദ്ര ബ്രാഹ്മണ്യം കേരളനവോത്ഥാനത്തിന്റെ മുന്നോട്ട് പോക്കിനെയും ജനായത്ത വ്യവസ്ഥിതിയുടെ പുരോഗതിയെയും തടയിടുന്നു എന്ന് സംശയം ജനിപ്പിക്കുന്ന വിധത്തിലാണ് മഹാത്മാ അയ്യങ്കാളി അപമാനിക്കപ്പെടുന്നത്.
സവർണ സാമ്പത്തിക സംവരണത്തിലൂടെ സംവരണം എന്ന ആശയത്തിന്റെ ജനായത്ത അന്തഃസത്തതന്നെ ചോർന്നുപോയിരിക്കുന്നു. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടരുന്ന സമ്പൂർണമായ ആദിവാസി - ദലിത് പുറന്തള്ളൽ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നുവരുന്ന ദലിത് സംവരണ അട്ടിമറികൾ എന്നിവയുടെയെല്ലാം അനന്തരഫലം ഹിംസാത്മക കീഴാള പുറന്തള്ളലാണ്. ഈ പുറന്തള്ളലിന്റെ പ്രത്യക്ഷ ദൃശ്യമായാണ് അയ്യങ്കാളി സമൂഹിക മാധ്യമങ്ങളിൽ അപമാനിക്കപ്പെടുന്നത്. കേരളത്തിൽ ശക്തിപ്പെട്ടുവരുന്ന സവർണ ബ്രാഹ്മണ്യ ആശയങ്ങളുടെ അതിവേഗത്തിലുള്ള സ്വാധീനവും വ്യാപനവും പൗരോഹിത്യ ഒളിഗാർക്കിയുമാണ് ഇതെല്ലാം സാധ്യമാക്കുന്നത്. ചുരുക്കത്തിൽ ഡോ. ബി.ആർ അംബേദ്കർ നിർവചിച്ചതുപോലെ ജനാധിപത്യം ഒരു ഉപരിവസ്ത്രമായി മാത്രം നിലനിൽക്കുന്നു.
ജനായത്ത കേരളത്തിനു നവരൂപം പകർന്നുനൽകി പു(പൊ)തു വഴി സൃഷ്ടിച്ച മഹാത്മാ അയ്യങ്കാളിയെ സാമൂഹിക മാധ്യമങ്ങളിൽ നീചമായി അപമാനിച്ചിട്ടും അതിനെതിരായി പരിഷ്കൃതരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളീയർ തണുത്തുറഞ്ഞ ശീതികരണ ഗഹ്വരങ്ങളിൽ പ്രതികരണശേഷി അടക്കി തപം ചെയ്യാൻ കാരണം കേരളത്തിന്റെ സാമൂഹിക അബോധത്തിൽ നിലീനമായ ജാതി ബ്രാഹ്മണ്യ ബോധമാണ്. ഇണ്ടംതുരുത്തി നമ്പ്യാതിരിയുടെ മാനസികാവസ്ഥയിൽനിന്ന് കേരളത്തിന്റെ പൊതുബോധത്തിന് ഇതുവരേക്കും മോചനം ലഭിച്ചിട്ടില്ല എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.
ആധുനിക ഇന്ത്യയുടെ ചരിത്രം ഗാന്ധിക്ക് നൽകിയ പദവികൾ ഡോ. അംബേദ്കർക്ക് നൽകാൻ മടിച്ചിരുന്നു. ഇതേ മൂല്യബോധമാണ് അയ്യങ്കാളി അപമാനിക്കപ്പെട്ടിട്ടും മൗനത്തിന്റെ ശീതീകരണികളിൽ ഒളിക്കാൻ കേരളീയരെ ഇന്നും പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത്. 'എനിക്കൊരു രാജ്യമില്ല ഗാന്ധി' എന്ന ഡോ. അംബേദ്കറുടെ രാഷ്ട്രീയഭാരം നിറഞ്ഞ വാക്കുകളിൽ സ്പർശിക്കാൻ കേരളീയർ ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രത്യാശിക്കാൻ കഴിയുമോ?
Content Highlights:Today's Article JUL 31
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."