'ഇത് മണിപ്പൂരില്‍ നടന്ന ഒറ്റപ്പെട്ട സംഭവമല്ല, എത്ര കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്' കുക്കി യുവതികള്‍ക്കെതിരായ അതിക്രമത്തില്‍ സുപ്രിം കോടതി
'ഇത് മണിപ്പൂരില്‍ നടന്ന ഒറ്റപ്പെട്ട സംഭവമല്ല, എത്ര കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്' കുക്കി യുവതികള്‍ക്കെതിരായ അതിക്രമത്തില്‍ സുപ്രിം കോടതി
ന്യൂഡല്‍ഹി: സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗത്തിനിരയാക്കിയത് മണിപ്പൂരില്‍ നടന്ന ഒറ്റപ്പെട്ട സംഭവമല്ലെന്ന് സുപ്രിം കോടതി. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട അന്നു മുതല്‍ നരവധി സംഭവങ്ങള്‍ ഇത്തരത്തില്‍ അരങ്ങേറിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായായിരുന്നു സ്ത്രീകള്‍ ഹരജി സമര്‍പ്പിച്ചത്. പൊതുസമൂഹം തങ്ങളെ തിരിച്ചറിയാനുള്ള സാധ്യത തടയണമെന്നും ഹരജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കലാപം ആരംഭിച്ച ശേഷം പ്രചരിക്കപ്പെട്ട വീഡിയോ മാത്രമല്ല സ്ത്രീകള്‍ക്കെതിരെ നടന്ന അക്രമത്തില്‍പ്പെടുന്നതെന്നും സമാന രീതിയിലുള്ള നിരവധി സംഭവങ്ങള്‍ നടന്നതായി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മെയ് മൂന്നു മുതല്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ കുറിച്ച് എത്ര എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് അറ്റോര്‍ണി ജനറലിനോട് ചോദിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ വിഷയത്തെ കൈകാര്യം ചെയ്യാന്‍ വിശാല സംവിധാനം ആവശ്യമാണെന്ന ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
മണിപ്പൂര്‍: നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം: നീതി തേടി യുവതികള്‍ സുപ്രിം കോടതിയില്‍
സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. അക്രമം നടത്തിയവരുമായി പൊലിസ് സഹകരിക്കുന്നുവെന്ന് വ്യക്തമാണെന്നും സിബല്‍ കോടതിയെ അറിയിച്ചു. മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി പരേഡ് ചെയ്ത സംഭവത്തിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. സി.ബി.ഐ നിലവില്‍ ഔദ്യോഗികമായി കേസ് ഏറ്റെടുക്കുകയും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതുവരെ ഏഴുപേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."