ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തിന് അടിയന്തര ആശ്വാസമായി സംസ്ഥാന വനിത ശിശു വികസന വകുപ്പ് ഒരു ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വനിത ശിശുവികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും അടുത്ത കുടുംബാംഗത്തിന് നല്‍കുന്ന ധനസഹായമാണ് ആശ്വാസനിധി.
കഴിഞ്ഞ ദിവസം മന്ത്രി ആലുവയിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം ആശ്വാസ നിധി വഴി ധനസഹായം അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. തുടര്‍ന്നാണ് വനിത ശിശുവികസന വകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് ധനസഹായം അനുവദിച്ച് ഉത്തരവിടുകയായിരുന്നു.
അതേസമയം ആലുവയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത് ദുഃഖകരമായ സംഭവമാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. ആലുവയില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ എന്തിനും പൊലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയാണെന്നും അത് പൊലീസിന്റെ മനോവീര്യം തകര്‍ക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം വിമര്‍ശിച്ചു.
കുട്ടിയെ കാണാതായെന്ന് പൊലീസിന് പരാതി ലഭിച്ചത് സംഭവ ദിവസം വൈകിട്ട് ഏഴര മണിക്കാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാത്രി 9 മണിക്ക് തന്നെ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ പ്രതി പൊലീസിന് തെറ്റായ വിവരം നല്‍കി. പിന്നീടാണ് മൃതദേഹം കണ്ടെത്തിയത്. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും ഇതിനകത്ത് ആരും രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."