മൂവാറ്റുപുഴ നഗരസഭയ്ക്ക് നാലുകോടിയുടെ വികസന പദ്ധതി
മൂവാറ്റുപുഴ: ലോക ബാങ്ക് സഹായത്തോടെ മൂവാറ്റുപുഴ നഗരസഭ നാലുകോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കിയതായി ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ വൈസ് ചെയര്‍മാന്‍ പി.കെ ബാബുരാജ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ. സഹീര്‍ എന്നിവര്‍ പറഞ്ഞു.
നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ സമഗ്രവികസനത്തിനാണ് മുന്‍ഗണന. കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ പദ്ധതികളുടെ രൂപരേഖയും സമര്‍പ്പിച്ചു. മാര്‍ച്ച് 31നകം പദ്ധതികള്‍ പൂര്‍ത്തികരിക്കുകയാണ് ലക്ഷ്യം. പുരാതനമായ ശിവന്‍കുന്ന് ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ സമഗ്രവികസനത്തിന് 65 ലക്ഷം രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.
സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനു പുറമേ മൂന്ന് ക്ലാസ് മുറികളും പുതുതായി നിര്‍മിക്കും. മാറാടി ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ വികസനത്തിനായി 30,56,000 രൂപയുടെ പദ്ധതിക്ക് രൂപം നല്‍കി. നിലവിലുള്ള കെട്ടിടങ്ങളുടെ കാലപ്പഴക്കം ചെന്ന മേല്‍ക്കൂര മാറ്റുകയും ക്ലാസ് മുറികള്‍ ടൈല്‍ വിരിക്കുകയുമാണ് ലക്ഷ്യം.
വാഴപ്പിള്ളി ഗവണ്‍മെന്റ് ജെബി സ്‌കൂളിനെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 23 ലക്ഷം രൂപയാണ് നവീകരണത്തിനായി വകയിരുത്തിയിരിക്കുന്നത്. ക്ലാസ് മുറികള്‍ ബലപ്പെടുത്തുന്നതിനും കാലപ്പഴക്കം ചെന്ന മേല്‍ക്കൂര മാറ്റി സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും. ഇതോടെ, നഗരസഭാതിര്‍ത്തിയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് പുതിയ മുഖം കൈവരിക്കാന്‍ കഴിയും. മൂവാറ്റുപുഴ ഈസ്റ്റ് ബസ് സ്റ്റാന്‍ഡിന്റെ നവീകരണത്തിനായി 65 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായ ആധുനിക സൗകര്യങ്ങളോടെയുള്ള കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കും. ഇതോടൊപ്പം ടോയ്‌ലറ്റ് ബ്ലോക്കും പണികഴിപ്പിക്കും. ഇതോടെ ബസ്റ്റാന്റില്‍ ഇന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. മൂവാറ്റുപുഴയിലെ ആധുനിക മത്സ്യമാര്‍ക്കറ്റിന്റെ വികസനത്തിന് 30 ലക്ഷം രൂപയും വകയിരുകതതിയിട്ടുണ്ട്.
മാര്‍ക്കറ്റിലേക്ക് പുതിയ അപ്രോച്ച് റോഡ് നിര്‍മ്മിക്കുകയാണ് ലക്ഷ്യം. കൂടുതല്‍ സ്ഥലത്ത് ടൈല്‍ വിരിക്കുന്നതിനും യാര്‍ഡിന്റെ ഭാഗത്ത് മേല്‍ക്കൂര നിര്‍മിക്കുന്നതിനും നടപടി സ്വീകരിച്ച് മാര്‍ക്കറ്റ് വ്യാപാരികള്‍ക്കായി തുറന്ന് കൊടുക്കും. നഗരത്തില്‍ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ജംഗ്ഷനു സമീപം പുതിയ കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കും. ഇതിനായി 1,86,44,000 പദ്ധതിക്ക് രൂപം നല്‍കി.
വിവാഹം, സമ്മേളനം, തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന തരത്തിലാകും ഹാള്‍ നിര്‍മിക്കുക. ഇവിടെ സാംസ്‌കാരിക പരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കും.നാല് കോടി രൂപയുടെ വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ഇതിന് പുറമെ 2016-17 പദ്ധതി വിഹിതത്തില്‍ നിന്നും വിവിധ സര്‍ക്കാര്‍ സ്‌കൂളുകളുടെ നവീകരണത്തിനായി 20-ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ഗവണ്‍മെന്റ് മോഡല്‍ ഹൈസ്‌കൂളിന് ആറ് ലക്ഷം രൂപ, ടൗണ്‍ യുപി സ്‌കൂളിന് നാല് ലക്ഷം രൂപ, കിഴക്കേക്കര ഈസ്റ്റ് ഹൈസ്‌കൂളിന് 10-ലക്ഷം രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയിരിക്കുന്നതെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."