കള്ളും ഉള്ളുകള്ളികളും
ടി. മുഹമ്മദ്
ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ, യഥാർഥത്തിൽ കള്ള് ലിക്കർ അല്ലെന്നും അത് നല്ലൊരു പോഷകാഹാര വസ്തുവാണെന്നുംപ്രഖ്യാപിച്ചിരിക്കുകയാണ്. അതിനെ മുഖ്യമന്ത്രി ഏറ്റുപിടിച്ചു. പക്ഷേ, മുഖ്യമന്ത്രിയുടെ വാക്കുകൾക്ക് നിയന്ത്രണമുണ്ട്. കാരണം, അദ്ദേഹം പറഞ്ഞത് ഇളം കള്ള് പോഷക സമൃദ്ധമാണ് എന്നാണ്. കൺവീനർ പറഞ്ഞതുപോലെ പൊതുകള്ളിനെയല്ല. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റിസോർട്ടുകളിൽ നാടൻ കള്ള് കൊടുക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ മദ്യനയത്തിൽ പറഞ്ഞിരുന്നത് അദ്ദേഹം ഓർമപ്പെടുത്തുകയും ചെയ്തു. പറഞ്ഞത് സ്ഥാപിക്കാൻ രണ്ടു പേർക്കും അവരെ പിന്തുണക്കുന്നവർക്കും അത്ര പെടാപ്പാടൊന്നും പെടേണ്ടിവരില്ല. നാടൻ കള്ളിൽ അടങ്ങിയിരിക്കുന്ന ജീവകങ്ങളുടെ പട്ടിക പുറത്തെടുക്കാം. അതിൽ അടങ്ങിയിരിക്കുന്ന അമ്ലങ്ങൾ ഉയർത്തിക്കാണിക്കാം. അവ ശരീരത്തിന് അവശ്യമായ ഘടകങ്ങളാണ് എന്ന ബയോളജി പറയാം. അതിലെ പഞ്ചസാരയുടെയും ഇരുമ്പിന്റെയും ചെമ്പിന്റെയും അളവുകൾ വിവരിച്ച് ആളാകാം. പക്ഷേ, ഒരു സത്യം അപ്പോഴൊക്കെ അവിടെ അവശേഷിക്കുകതന്നെ ചെയ്യും. ലോകത്താരും ഈ പദാർഥങ്ങൾ പോഷകത്തിനുവേണ്ടി കഴിക്കുന്നില്ല എന്ന പരമാർഥം. എല്ലാവരും കിക്കാകുന്ന ലഹരി എന്ന അർഥത്തിലാണ് അതു കഴിക്കുന്നത്. ഇതു കഴിച്ചാൽ പോഷകം ലഭിച്ചുവോ ഇല്ലയോ എന്നാരും ഗൗനിക്കാത്തത് അതുകൊണ്ടാണ്. കിക്കാവുന്നുണ്ടോ എന്നാണ് എല്ലാവരും നോക്കുന്നത്.
ഒരുപക്ഷേ, കള്ള് പോഷകാഹാരമാണ് എന്ന ഈ പ്രസ്താവനകൾ കണ്ടിട്ട് അതു കുടിക്കുന്നവർ തന്നെ അതിശയിക്കുന്നുണ്ടാവാം. പഠനങ്ങൾ പറയുന്നത്, അമിതമായി കഴിച്ചാൽ കള്ള് കള്ളിന്റെ സ്വഭാവം കാണിക്കുമെന്നാണ്. ലഹരിയുടെ ഒരു പ്രധാന പ്രശ്നം അത് നമ്മെ എളുപ്പത്തിൽ അടിമപ്പെടുത്തുകയും കൂടുതൽ കഴിക്കാൻ പ്രലോഭിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. പ്രലോഭനങ്ങളിൽ വീഴുന്നവർ കള്ളിനെ ദുരുപയോഗം ചെയ്യുന്നു. സ്വാഭാവികമായും ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നു. ഞരമ്പുകളുടെ ആരോഗ്യത്തെ കള്ള് ബാധിക്കും. കരളിന് പ്രശ്നങ്ങളുണ്ടാക്കും. കള്ള് കുടിച്ചാൽ സമ്മർദം കുറയുമെന്ന വാർത്തയറിഞ്ഞ് ദിവസവും കള്ള് മോന്തുന്നവർക്ക് ഹൈപ്പർടെൻഷൻ വരും.
അനൗചിത്യം തെളിയിക്കുന്ന മറ്റൊരു കാര്യം, ഈ പ്രസ്താവനകൾ നടത്തുന്ന കാലത്തിന്റെ നേരറിവുകളാണ്. മുഖ്യമന്ത്രിയുടെ പോഷക പ്രഘോഷണം അച്ചടിച്ചുവന്ന പത്രങ്ങളായ പത്രങ്ങളുടെയെല്ലാം മുൻപേജുകൾ നിറയെ ചാന്ദ്നി എന്ന അഞ്ചു വയസുകാരിയുടെ ദാരുണാന്ത്യത്തെക്കുറിച്ചുള്ള വാർത്തകളായിരുന്നു. പ്രതി വില പേശുവാനോ അവയവ കച്ചവടത്തിനോ ഒന്നുമല്ല, വൈകൃത രതിക്കു വേണ്ടി മാത്രമാണ് ആ പിഞ്ചുമോളെ തട്ടിക്കൊണ്ടുപോയത്. ആ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊല്ലുമ്പോൾ അയാളെ അതിനു പ്രേരിപ്പിച്ചത് എന്താണെന്നും വ്യക്തമാണ്. അത് ലഹരിയാണ്.
ദിവസങ്ങൾക്ക് മുമ്പാണ് കൊല്ലത്ത് ഡോ. വന്ദന ദാസിന്റെ കൊലപാതകം നടന്നത്. പൊലിസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഒരു പ്രതി ഡ്യൂട്ടിക്കിടെ വന്ദനയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലം പൂയപ്പള്ളി സ്വദേശിയും സ്‌കൂൾ അധ്യാപകനുമായ 42 കാരനാണ് കൊലപാതകി. നിരപരാധിയായ ഒരു ഡോക്ടറെ നിഷ്കരുണം വധിച്ചുകളയുവാൻ മാത്രം പ്രത്യേക വിദ്വേഷങ്ങളോ ശത്രുതയോ ഒന്നും പ്രതിക്കുണ്ടായിരുന്നില്ല. അതിന്റെ ഏക പ്രചോദനം ലഹരിയായിരുന്നു. ഇത്തരം ഒരേ സ്വരത്തിലുള്ള ദുരന്ത വാർത്തകൾ വന്നുകൊണ്ടേയിരിക്കുന്ന സമയത്ത് ലഹരി പ്രോത്സാഹന പ്രസ്താവന ഉത്തരവാദപ്പെട്ടവരിൽനിന്ന് വന്നു എന്നത് തികച്ചും അനുചിതമായിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."