തടവുകാരന് വിദേശത്തുള്ള മകനെ കാണാൻ സർപ്രൈസ് അവസരമൊരുക്കി ദുബൈ പൊലിസ്
തടവുകാരന് വിദേശത്തുള്ള മകനെ കാണാൻ സർപ്രൈസ് അവസരമൊരുക്കി ദുബൈ പൊലിസ്
ദുബൈ: ദുബൈ ജയിലിൽ കഴിയുന്ന പിതാവിന് വിദേശത്തുള്ള മകനെ കാണാൻ അവസരമൊരുക്കി ദുബൈ പൊലിസ് വിഭാഗമായ ശിക്ഷാ, തിരുത്തൽ ജനറൽ ഡിപ്പാർട്ട്‌മെന്റ്. ജയിലിൽ സദാസമയവും മകന്റെ ചിത്രങ്ങൾ വരയ്ക്കുന്ന അന്തേവാസിയെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അപ്രതീക്ഷിതമായി ഇത്തരമൊരു കൂടിക്കാഴ്ചക്ക് അധികൃതർ അവസരമൊരുക്കിയത്.
തടവുകാരന് മറ്റൊരു രാജ്യത്ത് താമസിക്കുന്ന ഏക മകൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ, പിതാവും മകനും തമ്മിൽ കൂടിക്കാഴ്ച നടത്താൻ വകുപ്പ് ശ്രമം നടത്തുകയായിരുന്നു. ഈ ശ്രമം വിജയിച്ചതിനു പിന്നാലെ മകനെ ദുബൈയിലെത്തിച്ചതായി ജനറൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മർവാൻ ജൽഫർ പറഞ്ഞു.
ജയിലിലെ സന്ദർശന സമയമായപ്പോൾ, അന്തേവാസിയെ കാണാൻ ഒരാൾ വന്നിട്ടുണ്ടെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. എന്നാൽ തന്നെ കാണാൻ അവിടെ സന്ദർശകർ ആരും ഇല്ലെന്നതിനാൽ സന്ദർശകൻ ഉണ്ടെന്ന് കേട്ടപ്പോഴേ ഇദ്ദേഹം ഞെട്ടിപോയതായി ബ്രിഗേഡിയർ പറയുന്നു. എന്നാൽ സന്ദർശകനെ നേരിട്ട് കണ്ടതോടെ ഇയാൾ ആകെ സ്തംഭിച്ചുപോവുകയായിരുന്നു. ആശ്ചര്യത്താൽ മതിമറന്ന അയാൾ തന്റെ വികാരങ്ങൾ അടക്കാനാവാതെ മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.
ഏറെ നാളുകൾക്ക് ശേഷം പരസ്പരം കാണുന്ന ഇരുവരും തമ്മിൽ ഏറെനേരം സംസാരിക്കാനും അധികൃതർ വഴിയൊരുക്കി. ഇരുവരും അടുത്തിരുന്ന് സംസാരിക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു. ശേഷം ഇരുവരും ഒരുമിച്ച് ഒരു ഫോട്ടോയും എടുത്തതിന് ശേഷമാണ് പിരിഞ്ഞത്.
"മകനോടുള്ള തന്റെ ആഗ്രഹം അദ്ദേഹം പലപ്പോഴും ചിത്രരചനയിലൂടെ പ്രകടിപ്പിച്ചു. സഹതടവുകാർക്ക് അദ്ദേഹത്തിന്റെ ദയയും സഹവർത്തിത്വവും കാരണം അദ്ദേഹത്തെ ഏറെ ഇഷ്ടപ്പെട്ടു. കൂടാതെ, ശിക്ഷ - തിരുത്തൽ സ്ഥാപനങ്ങളുടെ വിവിധ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ പങ്കാളിയാണ്" ബ്രിഗേഡിയർ ജൽഫർ പറയുന്നു.
തടവുകാരുടെ ശിക്ഷാ കാലയളവിലെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 'ഇൻമേറ്റ് ഹാപ്പിനസ്' മാനുഷിക പദ്ധതിയുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച സംഭവിച്ചത്. ദുബൈ പൊലിസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മറി, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു ഈ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."