മണിപ്പൂരിൽ ഭരണകൂടം എവിടെ?
ഹർഷ് മന്ദർ
അനിഷ്ടസംഭവങ്ങളാൽ ദുഃഖവും ഭീതിയും തളംകെട്ടിയ, മുറിവേറ്റ മണിപ്പൂരിൽ നാലുദിവസം തങ്ങിയതിനു ശേഷമാണ് തിരിച്ചുവന്നത്. അവിടെ സാക്ഷ്യംവഹിച്ചതിനൊന്നും മാനസികമായി തയാറെടുത്തു കൊണ്ടായിരുന്നില്ല ആ യാത്രക്കിറങ്ങിയത്. പുത്തൻ തോക്കുകളും ബോംബുകളും സാധാരണക്കാർ കൂട്ടത്തോടെ ആക്രമണത്തിനു തയാറാവുന്നതും കണ്ടപ്പോൾ മണിപ്പൂർ തികച്ചും യുദ്ധക്കളമായി മാറിക്കഴിഞ്ഞു എന്ന ഞെട്ടിപ്പിക്കുന്ന തിരിച്ചറിവുണ്ടായി. പരസ്പരം അക്രമിച്ചുകൊണ്ടിരിക്കുന്ന ഇരുവിഭാഗങ്ങളുടെയും ഗ്രാമങ്ങൾ അഗ്നിക്കിരയായി കഴിഞ്ഞിരിക്കുന്നു. സമാധാനം പുനഃസ്ഥാപിക്കാനും നീതി ഉറപ്പാക്കാനുമായി ഒന്നും ചെയ്യാത്ത ഭരണകൂടമാണ് ഈ സംസ്ഥാനത്തെ ഭരിക്കുന്നത്.
പൗരന്മാരെ സംരക്ഷിക്കുക, ദുരിതാശ്വാസ ക്യാംപുകളിൽ പ്രവർത്തിക്കുക തുടങ്ങിയ ക്ഷേമപ്രവർത്തനങ്ങളിലൊന്നും ഇവിടുത്തെ സർക്കാരിനെ കാണാൻ സാധിക്കില്ല. പകരം, ആഭ്യന്തരയുദ്ധമായി മാറിക്കൊണ്ടിരിക്കുന്ന മണിപ്പൂർ സംഘർഷത്തിൽ പക്ഷം പിടിച്ചുകൊണ്ടുള്ള നടപടികളാണ് സർക്കാരിൽനിന്ന് ഉണ്ടാവുന്നത്. വിദ്വേഷാക്രമണങ്ങളിലെ ഇരകൾക്കുവേണ്ടി 2017 മുതൽ പ്രവർത്തിക്കുന്ന കാർവാനെ മുഹബ്ബത്ത് എന്ന പൗരസംഘടനക്കൊപ്പമായിരുന്നു എന്റെ യാത്ര. ഏഴ് ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്ന ഇരു വിഭാഗത്തിൽപെട്ട ആളുകളുമായും മണിക്കൂറികളോളം സംസാരിച്ചു. മെയ്ത്തി വിഭാഗക്കാർ കൂടുതലായുള്ള ഇംഫാൽ താഴ് വരക്കും കുകി-നാഗാ വിഭാഗങ്ങൾ കൂടുതലായുള്ള മലമ്പ്രദേശങ്ങളുടെയും അതിർത്തിയെന്ന പോലെയാണ് ഈ ദുരിതാശ്വാസ ക്യാംപുകൾ. ഇരു വിഭാഗങ്ങളിൽ നിന്നുമുള്ള നിരവധി നേതാക്കളെയും ഈ യാത്രയിൽ കാണാനും സംസാരിക്കാനും സാധിച്ചു.
വിഷമവും രോഷവും എല്ലാത്തിനും മുകളിലായി എതിർവിഭാഗത്തോടുള്ള വെറുപ്പുമായിരുന്നു എവിടെയും നിറഞ്ഞുനിന്നത്. കുക്കി ക്യാംപുകളിലും മെയ്ത്തി ക്യാംപുകളിലും കണ്ട സങ്കട സാഹചര്യങ്ങൾ സമാനമായിരുന്നു. കുക്കികളുടെ സാന്നിധ്യം കുറവായ ഇംഫാൽ താഴ് വരയിൽ ആൾക്കൂട്ടം കുക്കി വിഭാഗത്തിന്റെ വീടുകൾക്ക് തീവച്ചു. കുക്കി വിഭാഗക്കാരുടെ മലമ്പ്രദേശ ഗ്രാമങ്ങളിൽ കാലങ്ങളായി താമസിക്കുന്ന മെയ്ത്തി വിഭാഗക്കാരുടെ വീടുകൾക്കും ആൾക്കൂട്ടം തീയിട്ടു. കാലങ്ങളായി സമാധാനത്തോടെയും സഹകരണത്തോടെയും താമസിച്ച അയൽക്കാരായ ഇരുവിഭാഗങ്ങളും ഒരൊറ്റ രാത്രികൊണ്ട് ബദ്ധവൈരികളായി മാറുന്നതും പരസ്പര വൈരംകൊണ്ടുള്ള നഷ്ടങ്ങളിൽ ദുഃഖിതരായിരിക്കുന്നതുമാണ് മണിപ്പൂരിൽ കാണാനാവുക.
ഓരോരുത്തരും പേടിപ്പെടുത്തുന്ന രക്ഷപ്പെടലുകളുടെ ഓർമകളും കിലോമീറ്ററുകളോളം പേടിച്ചരണ്ട് നടന്നതിനെക്കുറിച്ചും രാത്രിയെ മറയാക്കി പ്രായമായവരെ ചുമലിലേറ്റി പലായനം ചെയ്തതിനെക്കുറിച്ചും അതേ ഭീതിയോടെ ഓർത്തെടുത്തു. രക്ഷപ്പെടുന്നതിനിടെ പ്രസവിച്ച സ്ത്രീയെക്കുറിച്ചും വിശപ്പും പേടിയും കാരണം കരയുന്ന കുട്ടികളുടെ കരച്ചിൽ കേൾക്കാതിരിക്കാൻ വാ പൊത്തിപ്പിടിച്ചതിനെക്കുറിച്ചും അവർ പറഞ്ഞു. കൊല്ലപ്പെട്ടവരും ദുർഘടമായ യാത്രകൾ താണ്ടാൻ സാധിക്കാത്തവരെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളെയും സംബന്ധിച്ച് എല്ലാവർക്കും പറയാനുണ്ടായിരുന്നു.
എന്നാൽ, ഇരുവിഭാഗക്കാരുടെ സംസാരങ്ങളിലും ഉറഞ്ഞുകിടന്ന വെറുപ്പിൽ നിന്നുണ്ടായ കോപമാണ് മറ്റെന്തിനേക്കാളുമേറെ എന്നെ അലട്ടിയത്. തങ്ങളുടെ കത്തിയെരിഞ്ഞ വീടിനെക്കുറിച്ചും പ്രിയപ്പെട്ടവരുടെ മരണത്തെക്കുറിച്ചും വിലപിക്കുന്ന ഇരു വിഭാഗങ്ങളും ഇതേ നഷ്ടങ്ങൾ തങ്ങൾ വെറുക്കുന്ന മറുവിഭാഗത്തിനും ഉണ്ടായിട്ടുണ്ട് എന്നുള്ളത് എന്തുകൊണ്ട് ഓർക്കുന്നില്ല? അതും അതെല്ലാം ഉണ്ടായത് സ്വന്തം വിഭാഗത്തിൽ പെട്ടവരിൽ നിന്നാണെന്നും തങ്ങളും അത്തരം സംഭവങ്ങളുടെ ഭാഗമാവുന്നുണ്ടെന്നും എന്തുകൊണ്ടായിരിക്കാം ഇവർ ഓർക്കാത്തത്? മറുവിഭാഗത്തിനുണ്ടായ ദുഃഖത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തവർ പരസ്പരം ചെയ്യുന്ന ക്രൂരപ്രവൃത്തികളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയാറാവുന്നില്ല എന്നതാണ് വസ്തുത.
എന്നാൽ ക്രൂരകൃത്യങ്ങളുടെ സമാനസംഭവങ്ങൾ ഇരുവിഭാഗങ്ങളിൽ നിന്നും ഒരേ അളവിൽ കേൾക്കേണ്ടിവരുന്ന സാഹചര്യം എത്രത്തോളം ഭീതിദമാണ്! നേതാക്കന്മാരോടോ വിദ്യാർഥികളോടോ സ്ത്രീകളോടോ ദുരിതാശ്വാസ ക്യാംപുകളിലെ അന്തേവാസികളോടോ ആരോടുമാവട്ടെ ഇരുവിഭാഗത്തിലുമുള്ളവർക്ക് പറയാനുണ്ടായിരുന്നത് തങ്ങളോട് മറുവിഭാഗക്കാർ ചെയ്ത സമാന ക്രൂരതകളെ സംബന്ധിച്ചായിരുന്നു.
മെയ്ത്തി വിഭാഗക്കാർ പറഞ്ഞത് കുക്കികൾ വിദേശികളാണെന്നും അവർ മ്യാന്മറിൽനിന്ന് അനധികൃതമായി കുടിയേറിയവരാണെന്നുമാണ്. മണിപ്പൂരിന്റെ യഥാർഥ അവകാശികളായ മെയ്ത്തികളെയും കടന്ന് കുക്കികൾ ജനസംഖ്യയിൽ വളരുമെന്നതാണ് ഇവരുടെ ഭയം. ഗോത്രവർഗക്കാർക്കായുള്ള സംവരണങ്ങളും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ഇവർ വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ ശക്തരാണെന്നും എല്ലാ സ്ഥാപനങ്ങളും ഇവരുടെ കീഴിലായി മാറുമെന്നുമുള്ളതുമാണ് മെയ്ത്തികൾക്കുള്ള ആശങ്ക.
എന്നാൽ, മലമ്പ്രദേശങ്ങളിൽ ഭൂമി വാങ്ങാൻ പോലും വിലക്ക് നേരിടുന്നവരാണ് തങ്ങളെന്നും ഇവർ പറയുന്നു. അനധികൃതമായി കറുപ്പ് കൃഷി ചെയ്യുന്ന കുക്കികൾ തങ്ങളുടെ യുവസമൂഹത്തെ നശിപ്പിക്കുകയാണെന്ന ആരോപണവുമുണ്ട്. കുക്കികൾ അനധികൃതമായി കാടുവെട്ടിത്തെളിച്ച് കൃഷിയിടങ്ങളും പാർപ്പിടങ്ങളും ഉണ്ടാക്കുന്നുവെന്നും പ്രദേശത്തിന്റെ ജൈവികതയെ അപകടത്തിലാക്കുകയാണെന്നും ഇവർ പറയുന്നു. അസം റൈഫിൾസിന്റെ പിന്തുണയോടെ മാരകായുധങ്ങളുമായി യഥേഷ്ടം വിഹരിക്കുന്നവരാണ് കുക്കികൾ എന്നാണ് മെയ്ത്തി ആരോപണം.
എന്നാൽ തികച്ചും വ്യത്യസ്തമായ ആരോപണവും ആഖ്യാനങ്ങളുമാണ് കുക്കികൾക്ക് മെയ്ത്തികളെക്കുറിച്ചുള്ളത്. കറുപ്പ് കൃഷി നടത്തുന്നത് നിലനിൽപ്പിനു വേണ്ടിയാണെന്നും അതിൽ നിന്നുള്ള ലാഭം കൊയ്യുന്നത് രാഷ്ട്രീയ പിന്തുണയുള്ള മരുന്നു വ്യാപാരികളും വലിയ ബിസിനസുകാരും ആണെന്നാണ് കുക്കികൾ പറയുന്നത്. തങ്ങൾ മണിപ്പൂരിലെ യഥാർഥ പൗരന്മാരാണെന്നും മെയ്ത്തി വിഭാഗത്തിനു പട്ടികവർഗ സംവരണം ലഭിക്കാനും അതുവഴി തങ്ങൾക്കവകാശമുള്ള ഭൂമി പിടിച്ചെടുത്ത് ന്യൂനപക്ഷമാക്കി ഒതുക്കാനുമുള്ള ശ്രമങ്ങളാണെന്നാണ് ഇവർ പറയുന്നത്.
നിയമസഭയിലും മറ്റ് വിദ്യാഭ്യാസ-തൊഴിൽ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള സംവരണം നേടിയെടുത്ത് പാർശ്വവത്കരിക്കാനുള്ള ശ്രമമാണെന്നാണ് കുക്കികൾ പറയുന്നത്. കൂടാതെ, മെയ്ത്തികളുടെ യുവസൈനിക വിഭാഗത്തിന് മണിപ്പൂർ മുഖ്യമന്ത്രിയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നുണ്ടെന്നും കുക്കികൾ ആരോപിക്കുന്നു. വർഷങ്ങളായി മെയ്ത്തി ദേശീയതയെ ഹൈന്ദവ ദേശീയതയാക്കി പരിവർത്തിക്കാൻ ആർ.എസ്.എസ് നടത്തുന്ന ശ്രമം വിജയം കണ്ടുവെന്നും ഇതാണ് മെയ്ത്തികൾ കുക്കികൾക്കും ഇവരുടെ ക്രിസ്തീയ വിശ്വാസത്തിനുമെതിരേ അക്രമോത്സുകരാകാൻ കാരണമെന്നുമാണ് ഈ വിഭാഗത്തിന്റെ വിശദീകരണം.
ബലാത്സംഗവും കൊലപാതകവും നടത്തുന്ന മെയ്ത്തികളെ മണിപ്പൂർ പൊലിസും സൈന്യവും സഹായിക്കുന്നുണ്ടെന്നും സംരക്ഷിക്കുന്നുണ്ടെന്നും ഇവർ പറയുന്നു.
ഒത്തുതീർപ്പുകൾക്കും വെറുപ്പിൽനിന്ന് പുറത്തുകടന്ന് മറുവിഭാഗത്തിന്റെ പ്രശ്നങ്ങളെ മനസ്സിലാക്കാനും സാധിച്ചില്ലെങ്കിൽ ഇരുവിഭാഗങ്ങളുടെയും യഥാർഥ ജീവിതസാഹചര്യങ്ങളെക്കുറിച്ചുള്ള ഈ ആഖ്യാനങ്ങളെ സമചിത്തതയിലെത്തിക്കാൻ സാധിക്കില്ല. എന്തിന് ഒരു രമ്യസംഭാഷണത്തിനുപോലും സാധിക്കില്ല. ഇതിനെല്ലാം ഇടയിൽ, 20,000ത്തോളം വരുന്ന കുക്കി അഭയാർഥികൾക്ക് ദുരിതാശ്വാസ സഹായങ്ങൾ ഏർപ്പാടാക്കുന്നതിനുവേണ്ടി മണിപ്പൂർ സർക്കാർ ചെറുവിരലനക്കം പോലും നടത്തുന്നില്ല.
പ്രദേശവാസികളിൽ നിന്നുള്ള സഹായംകൊണ്ട് ഒരു ചർച്ചാണ് ക്യാംപുകളിലേക്കു വേണ്ട സഹായങ്ങൾ എത്തിക്കുന്നത്. ഉപ്പിട്ട കഞ്ഞിയാണ് കുട്ടികൾക്ക് ലഭിക്കുന്നത്. പോഷകക്കുറവിന്റെ അടയാളങ്ങൾ ക്യാംപിലെ കുട്ടികളിൽ ഇപ്പോഴേ പ്രകടമാണ്. ഒരു ക്യാംപിലും താൽക്കാലിക വിദ്യാലയങ്ങളില്ല. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ ക്യാംപുകളിൽ ഉറപ്പാക്കേണ്ട അടിസ്ഥാന സൗകര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ ഇവർ മറക്കുന്നത് ഭരണഘടാനപരമായ മൗലിക ഉത്തരവാദിത്വങ്ങൾ കൂടിയാണ്.
യാത്രയിലുടനീളം, ഓരോ സംഭാഷണത്തിലും ഞാൻ തിരഞ്ഞത് പ്രതീക്ഷയുടെ, സമാധാനത്തിന്റെ, ആശ്വാസത്തിന്റെ കണികകൾ അവശേഷിക്കുന്നുണ്ടോ എന്നായിരുന്നു. എനിക്കത് കേൾക്കാനായത് മറു വിഭാഗത്തിലുള്ളവർ തങ്ങളെ അപകടങ്ങളിൽനിന്ന് രക്ഷിച്ച ചില സംഭവകഥകളിൽ നിന്നാണ്. ഇരുവിഭാഗവും പരസ്പരം അപകടങ്ങളിൽ സഹായിക്കുന്നതുപോലെ തങ്ങളിരുവരും ഒരേ ദുരിതപർവത്തെ തന്നെയാണ് താണ്ടുന്നതെന്ന കൂട്ടായ തിരിച്ചറിവും ഉണ്ടായെങ്കിൽ മാത്രമേ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ സാധിക്കൂ.
(മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനമായ ലേഖകൻ ദ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയത്)
Content Highlights:Today's Article aug 2 manipur
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."