സുരേന്ദ്രനും സതീശനും ഒരേ അഭിപ്രായം; വിശ്വാസത്തിന്റെ പേരില്‍ ബിജെപി വര്‍ഗീയത വളര്‍ത്തുകയാണെന്നും എം.വി ഗോവിന്ദന്‍
സുരേന്ദ്രനും സതീശനും ഒരേ അഭിപ്രായം; വിശ്വാസത്തിന്റെ പേരില്‍ ബിജെപി വര്‍ഗീയത വളര്‍ത്തുകയാണെന്നും എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ഒരേ അഭിപ്രായമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സതീശന്റെ ഉള്ളിലെ വര്‍ഗീയ നിലപാടുകള്‍ അറിഞ്ഞോ അറിയാതെയോ പുറത്തുവരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യഥാര്‍ഥ വിശ്വാസികള്‍ക്ക് ഒപ്പമാണ് സി.പി.എം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാമജപം വിളിച്ചാലും ഇങ്കുലാബ് സിന്ദാബാദ് വിളിച്ചാലും നിയമ ലംഘനങ്ങള്‍ക്കെതിരെ കേസെടുക്കും. വിശ്വാസത്തിന്റെ പേരില്‍ ബിജെപി വര്‍ഗീയത വളര്‍ത്തുകയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
സി.പി.എം വര്‍ഗീയ പ്രചാരണം നടത്തുന്നുവെന്ന ആരോപണം അസംബന്ധം, സതീശന്‍ ഇത് കുറേ നാളായി പറയുന്നതാണെന്നും വിഡി സതീശനും സുരേന്ദ്രനും ഒരേ അഭിപ്രായമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. വിഡി സതീശന്റെ മനസിന്റെ ഉള്ളില്‍ വിചാരധാരയുമായി ബന്ധപ്പെട്ട വര്‍ഗീയ നിലപാടുകള്‍ അറിഞ്ഞോ അറിയാതെയോ കയറി വരുന്നതാണ് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ക്ക് കാരണമെന്ന് ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.
ബി.ജെ.പിയെ സംബന്ധിച്ച് മുസ്‌ലിം വിരുദ്ധതയാണ് വര്‍ഗീയതയുടെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനം. അതാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ശബരിമലയില്‍ പോയി ഇരുമുടിക്കെട്ട് താഴേക്കെറിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്, സുരേന്ദ്രന് വിശ്വാസമില്ലെന്ന്. ഒരു വര്‍ഗീയവാദിക്കും വിശ്വാസമില്ല. വര്‍ഗീയവാദി വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുകയാണ്. വിശ്വാസികള്‍ സമൂഹത്തിന് മുന്നിലുണ്ട്. ആ വിശ്വാസികളോടൊപ്പമാണ് ഞങ്ങള്‍. വിശ്വാസികള്‍ക്കെതിരായ ഒരു നിലപാടും ഞങ്ങള്‍ സ്വീകരിക്കുന്നില്ല.
വിശ്വാസം നോക്കിയിട്ടല്ല കേസെടുക്കുന്നത്. നാമജപ ഘോഷയാത്രക്കെതിരെ കേസെടുത്തത് നിയമംലംഘിച്ചതിനാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി വൈശാഖിനെതിരെ യാതൊരുവിധ നടപടിയും പാര്‍ട്ടി സ്വീകരിച്ചിട്ടില്ല. ഒരു വര്‍ഗീയ വാദിയുടെ ഭ്രാന്തിന് താനെന്തിന് മറുപടി പറയണം. താന്‍ പെന്നാനിയില്‍ നിന്നാണോ എന്ന ചോദ്യത്തിന്റെ അര്‍ത്ഥം തനിക്ക് മനസിലാകാഞ്ഞിട്ടല്ല. അതുകൊണ്ടാണ് താന്‍ അത് അവഗണിച്ചതെന്നും സുരേന്ദ്രന്റെ പ്രതികരണത്തെക്കുറച്ചുള്ള ചോദ്യത്തിന് മറുപടിയായി എം.വി ഗോവിന്ദന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."