രാത്രിയിലെ ട്യൂഷന്‍ ക്ലാസുകള്‍ക്ക് വിലക്ക്; സ്വകാര്യ സെന്ററുകളില്‍ വിനോദ യാത്രകളും പാടില്ല
രാത്രിയിലെ ട്യൂഷന്‍ ക്ലാസുകള്‍ക്ക് വിലക്ക്; സ്വകാര്യ സെന്ററുകളില്‍ വിനോദ യാത്രകളും പാടില്ല
തിരുവനന്തപുരം: ടൂഷന്‍ സെന്ററുകളിലെ രാത്രി കാല ക്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ബാലാവകാശ കമ്മീഷന്‍. സ്വാകാര്യ ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളജുകളും നടത്തുന്ന രാത്രികാല ക്ലാസുകളും വിനോദയാത്രകളും നിര്‍ത്തലാക്കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്. രാത്രി കാല ക്ലാസുകള്‍ കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ചാണ് വിനോദ യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ട്യൂഷന്‍ സെന്ററുകള്‍ സംഘടിപ്പിക്കുന്ന വിനോദ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വാളകം മാര്‍ത്തോമ്മ ഹൈസ്‌കൂളിലെ അധ്യാപകനായ സാം ജോണ്‍ നല്‍കിയ പരാതി പരിഗണിച്ചാണ് ഉത്തരവ്.
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളോടനുബന്ധിച്ച് നടത്തുന്ന രാത്രികാല ക്ലാസുകള്‍ കുട്ടികളിലും രക്ഷിതാക്കളിലും ഒരുപോലെ മാനസിക സമ്മര്‍ദ്ദത്തിന് കാരണമാകുന്നുണ്ടെന്ന് കമ്മീഷന്‍ അംഗം റെനി ആന്റണി പറഞ്ഞു. സ്‌കൂളില്‍ നിന്നും പഠന യാത്രകള്‍ സംഘടിപ്പിക്കുന്നത് അതാത് വകുപ്പുകളുടെ അനുമതിയോടെയും കൃത്യമായ മേല്‍നോട്ടത്തിലുമാണ്. എന്നാല്‍ ട്യൂഷന്‍ സെന്ററുകള്‍ നടത്തുന്ന ടൂറുകള്‍ക്ക് പ്രത്യോത അനുമതിയോ മേല്‍നോട്ടമോ ഇല്ല. അതുകൊണ്ട് തന്നെ അപകട സാധ്യതയും കൂടുതലാണെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. മാത്രമല്ല പഠന-വിനോദ യാത്രകള്‍ പലതും കൃത്യമായ മാര്‍ഗരേഖ പാലിക്കാതെയാണെന്നും കണ്ടെത്തിയതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഉത്തരവില്‍ 60 ദിവസത്തിനുള്ളില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലിസ് മേധാവി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ക്ക് ബാലവകാശ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."