പണിയെടുക്കാന്‍ ആളില്ല; വിദേശികളെ രാജ്യത്തേക്ക് ക്ഷണിച്ച് ജപ്പാന്‍; ഈ അവസരം പാഴാക്കല്ലേ
പണിയെടുക്കാന്‍ ആളില്ല; വിദേശികളെ രാജ്യത്തേക്ക് ക്ഷണിച്ച് ജപ്പാന്‍; ഈ അവസരം പാഴാക്കല്ലേ
ഏഷ്യന്‍ രാജ്യങ്ങളില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്ന രാജ്യമാണ് ജപ്പാന്‍. വിദേശികളായ വിദ്യാര്‍ഥികളെയും തൊഴിലാളികളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ വിസ നടപടിക്രമങ്ങളിലടക്കം മാറ്റം വരുത്താനാണ് ജപ്പാന്റെ തീരുമാനം. സൗഹൃദ രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യക്കാരുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് വലിയ സാധ്യതകളാണ് ജാപ്പനീസ് ഭരണകൂടം തുറന്ന് കൊടുക്കുന്നത്.
പഠനങ്ങള്‍ പ്രകാരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജപ്പാനിലെ ജനസംഖ്യ ക്രമതീതമായി കുറയുന്നുണ്ടെന്നാണ് കണ്ടെത്തല്‍. രാജ്യത്തെ ഒട്ടുമിക്ക പ്രധാന നഗരങ്ങളിലും ജനന നിരക്ക് കുറഞ്ഞത് കൊണ്ടുതന്നെ രാജ്യത്ത് വൃദ്ധരുടെ എണ്ണം വലിയ അളവില്‍ കൂടുകയുണ്ടായി. ഇത് ജപ്പാനിന്റെ തൊഴില്‍ ശക്തിയില്‍ വലിയ രീതിയിലുള്ള പ്രതിസന്ധിക്കിടയാക്കി. തുടര്‍ന്നാണ് വിദേശികളായ തൊഴിലാളികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള നടപടികളുമായി ജപ്പാന്‍ ഭരണകൂടം മുന്നോട്ട് വന്നത്. അടുത്ത 50 വര്‍ഷത്തിനിടയില്‍ ജപ്പാനിലെ വിദേശികളുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തിന് മുകളില്‍ എത്തുമെന്നാണ് കണക്ക് കൂട്ടുന്നത്.
ജപ്പാനിലെ തൊഴില്‍ നിയമങ്ങളിലടക്കം വലിയ രീതിയിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിക്കുന്നത്. അമേരിക്കയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ജപ്പാനിലേക്ക് കുടിയേറുന്ന ജനങ്ങളുടെ എണ്ണത്തിലും കാര്യമായ വര്‍ധന ഉണ്ടായതായാണ് റിപ്പോര്‍ട്ട്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും, അടിസ്ഥാന സൗകര്യങ്ങളുടെ മികവും, ആരോഗ്യ മേഖലയിലെ പുരോഗതിയും വിദേശികളെ ജപ്പാനിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. പുറമെ കുടിയേറ്റക്കാരോടുള്ള ജാപ്പനീസ് ജനതയുടെ സൗഹൃദ മനോഭാവവും ഇതിനൊരു കാരണമാണ്.
വിസ
ജോലി സ്ഥലങ്ങളിലെ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് വിദേശികള്‍ക്കായി വിസ നടപടികള്‍ സുതാര്യമാക്കിയിരിക്കുകയാണ് ജപ്പാനിപ്പോള്‍. കെട്ടിട നിര്‍മാണ മേഖലയിലെയും കപ്പല്‍ നിര്‍മാണ മേഖലയിലെയും തൊഴിലാളികള്‍ക്ക് മാത്രമായി ജപ്പാന്‍ നല്‍കി വന്നിരുന്ന താമസ പെര്‍മിറ്റ് സേവന മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ജപ്പാന്‍. ഏകദേശം 11 ഓളം തൊഴില്‍ മേഖലകളില്‍ കൂടിയുള്ളവര്‍ക്ക് ഇനി മുതല്‍ അവരുടെ കുടുംബത്തെ കൂടി ജപ്പാനില്‍ കൊണ്ട് വന്ന് താമസിപ്പിക്കാനുള്ള അനുമതിയാണ് ലഭിക്കാന്‍ പോവുന്നത്. മാത്രമല്ല ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഓഫീസ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കായി പെര്‍മനെന്റ് റസിഡന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ക്ക് വേഗം കൂട്ടാനും തീരുമാനമുണ്ട്.
അതോടൊപ്പം ഡിജിറ്റല്‍ നൊമാഡ് വിസയെന്ന പേരില്‍ പുതിയ വിസ സമ്പ്രദായത്തിനെ കുറിച്ചും ജപ്പാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രത്യേക തൊഴിലിന് വേണ്ടിയല്ലാതെ രാജ്യത്ത് എവിടെയും എന്ത് ജോലിയും ചെയ്യാന്‍ അനുമതി കൊടുക്കുന്ന വിസയാണിത്.
വിദ്യാഭ്യാസം
വിദേശ വിദ്യാര്‍ഥികള്‍ക്കായുള്ള പുതിയ സാധ്യതകളും ജപ്പാന്‍ ഒരുക്കുന്നുണ്ട്. 2033 ഓടെ 4 ലക്ഷം വിദേശ വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കാനാണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്. കോവിഡ് മുമ്പ് രാജ്യത്തുണ്ടായിരുന്ന പലരും ഇപ്പോള്‍ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പോയി കഴിഞ്ഞു. ഇവരില്‍ കേവലം 40 ശതമാനം ആളുകള്‍ മാത്രമാണ് ജപ്പാനില്‍ തുടര്‍ന്നത്. ജപ്പാനിലെ തൊഴില്‍ ശക്തിയില്‍ ഓരോ വര്‍ഷവും രണ്ട് ലക്ഷത്തിലധികം കുറവുണ്ടാകുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാനായി വിദേശത്ത് നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പഠന ശേഷം രാജ്യത്ത് തൊഴില്‍ ചെയ്യാനുള്ള സാഹചര്യമൊരുക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."