യു.എ.ഇയില്‍ ജനിക്കുന്ന പ്രവാസികളുടെ കുട്ടികള്‍ക്കും വിസ നിര്‍ബന്ധം; വിസയെടുത്തില്ലെങ്കില്‍ പിഴ ചുമത്തും
ദുബൈ:യുഎഇയില്‍ പിറക്കുന്ന പ്രവാസി കുട്ടികള്‍ക്ക് 120 ദിവസത്തിനകം താമസ വീസ എടുക്കണം. ജനിച്ച ദിവസം മുതലാണ് 120 ദിവസം കണക്കാക്കുകയെന്നു ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസന്‍ഷിപ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. നിശ്ചിത ദിവസത്തിനകം വീസയെടുത്തില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. സ്വകാര്യ, ഫ്രീ സോണ്‍ മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ നവജാത ശിശുക്കളുടെ വീസയക്കൊപ്പം എമിറേറ്റ്‌സ് ഐഡിക്കും അപേക്ഷിക്കണം.
കുഞ്ഞുങ്ങള്‍ക്ക് വീസ ലഭിക്കാന്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡോ വീസയ്ക്കു ഫീസ് അടച്ച രസീതോ നല്‍കണം. കുഞ്ഞിന്റെ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് 6 മാസം കാലാവധി നിര്‍ബന്ധമാണ്. സ്‌പോണ്‍സറുടെ പാസ്‌പോര്‍ട്ട് പകര്‍പ്പും സാലറി സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം വയ്ക്കണം. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിനു പുറമേ കളര്‍ ഫോട്ടോയും മാതാപിതാക്കളുടെ എമിറേറ്റ്‌സ് ഐഡി കോപ്പിയും നല്‍കണം. കൂടാതെ കെട്ടിട വാടക കരാര്‍, തൊഴില്‍ കരാര്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, മാതാവിന്റെ പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സമര്‍പ്പിക്കണം.
350 ദിര്‍ഹമാണ് കുട്ടികള്‍ക്ക് താമസ വീസ ലഭിക്കാന്‍ നിരക്ക്. ഇതില്‍ 100 ദിര്‍ഹം അപേക്ഷയ്ക്കും 100 ദിര്‍ഹം വീസ വിതരണ നിരക്കും 100 ദിര്‍ഹം സ്മാര്‍ട് സേവനങ്ങള്‍ക്കും 50 ദിര്‍ഹം അതോറിറ്റിയുടെ ഇ സേവനങ്ങള്‍ക്കുള്ളതാണ്.
വീസ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ അതോറിറ്റിയുടെ www.icp.gov.ae വെബ്‌സൈറ്റും UAElCP ആപ്പും ഉപയോഗിക്കാം. അതോറിറ്റിയുടെ ഹാപ്പിനസ് സെന്ററുകളിലും അംഗീകൃത ടൈപ്പിങ് ഓഫിസുകള്‍ വഴിയും അപേക്ഷിക്കാം. അപേക്ഷിക്കുമ്പോള്‍ സ്‌പോണ്‍സറുടെ വീസ കാലാവധിയുള്ളതായിരിക്കണം എന്നതാണ് പ്രധാന വ്യവസ്ഥ. കുട്ടിയുടെ വീസ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാന്‍ വൈകിപ്പിച്ചതിനു പിഴയുണ്ടെങ്കില്‍ ആദ്യം അതടയ്ക്കണം. തുടര്‍ന്നാണ് പുതിയ വീസ നടപടികള്‍ ആരംഭിക്കുക. സമര്‍പ്പിച്ച ഓണ്‍ലൈന്‍ അപേക്ഷകളില്‍ അപാകതകളോ അനുബന്ധ രേഖകളുടെ അഭാവമോ ഉണ്ടെങ്കില്‍ 30 ദിവസത്തിനകം ക്രമപ്പെടുത്തി സമര്‍പ്പിക്കണം. 30 ദിവസം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ അപേക്ഷ റദ്ദാകും.
Content Highlights:children born in uae must have visa
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."