ഏക സിവിൽ കോഡിനെതിരെ ഒറ്റക്കെട്ടാകാൻ കേരള നിയമസഭ; മുഖ്യമന്ത്രി ഇന്ന് പ്രമേയം അവതരിപ്പിക്കും
ഏക സിവിൽ കോഡിനെതിരെ ഒറ്റക്കെട്ടാകാൻ കേരള നിയമസഭ; മുഖ്യമന്ത്രി ഇന്ന് പ്രമേയം അവതരിപ്പിക്കും
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന ഏക സിവിൽ കോഡിനെതിരെ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിക്കും. ഏക സിവിൽ കോഡ് നടപ്പാക്കരുതെന്ന് പ്രമേയത്തിൽ ആവശ്യപ്പെടും. സഭ ഐകകണ്ഠേന പ്രമേയം പാസാക്കും. ഏക സിവിൽ കോഡിനെതിരെ രംഗത്തുള്ള പ്രതിപക്ഷം ഭരണപക്ഷത്തിന്റെ പ്രമേയത്തെ അനുകൂലിക്കും. നിയമസഭ ചട്ടം 118 പ്രകാരമാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക.
ഏക സിവിൽ കോഡിനെതിരെ സി.പി.ഐ.എം, കോൺഗ്രസ്, മുസ്‌ലിം ലീഗ്, സി.പി.ഐ തുടങ്ങിയ പാർട്ടികളെല്ലാം നേരത്തെ രംഗത്ത് വന്നിരുന്നു. ബി.ജെ.പി മാത്രമാണ് ഏക സിവിൽ കോഡ് നടപ്പിലാക്കണമെന്ന ആവശ്യവുമായി രംഗത്തുള്ളത്. എന്നാൽ 140 അംഗ നിയമസഭയിൽ ഒരംഗം പോലുമില്ലാത്തതിനാൽ പ്രമേയത്തെ എതിർക്കാൻ ആരും ഉണ്ടാകില്ല. അതിനാൽ മുഴുവൻ അംഗങ്ങളുടെയും പിന്തുണയോടെയാകും സഭയിൽ പ്രമേയം പാസാക്കുക.
സംസ്ഥാനത്തുടനീളം രാഷ്ട്രീയ - മത സംഘടനകളുടെ നേതൃത്വത്തിൽ ഏക സിവിൽ കോഡിനെതിരെ പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും എതിർക്കുന്ന വിഷയമായതിനാൽ, കേരളത്തിന്റെ നിലപാട് കേന്ദ്രസർക്കാരിനെ ബോധ്യപ്പെടുത്തുന്നതിനായാണ് നിയമസഭയിൽ പ്രമേയം കൊണ്ടുവരുന്നത്.
ഏക സിവിൽ കോഡ് വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും മതസംഘടനകളില്‍ നിന്നും ദേശീയ നിയമ കമ്മിഷൻ അഭിപ്രായം തേടിയിരുന്നു. അതേസമയം, ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ.
പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന്റെ രണ്ടാം ദിനമാണ് ഇന്ന്. ഇന്നലെ അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻസ്പീക്കർ വക്കം പുരുഷോത്തമനും ആദരം അർപ്പിച്ച് പിരിയുകയായിരുന്നു. അതിനാൽ സഭയുടെ ആദ്യ ഔദ്യോഗിക സിറ്റിംഗ് ആണ് ഇന്ന്. ഈ മാസം 24 വരെ സമ്മേളിക്കുന്ന സഭയിൽ നിരവധി രാഷ്ട്രീയ വിവാദ വിഷയങ്ങൾ ചർച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."