മോഹന്‍ ബഗാനില്‍ സഹല്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ റോളില്‍; ഇനി പൊളിക്കും
ക്രിക്കറ്റില്‍ തുടരെത്തുടരെ സിക്‌സറടിക്കുന്നവരാണ് ആരാധകര്‍ക്ക് പ്രിയമെങ്കില്‍ ഫുട്‌ബോളില്‍ അത് എതിര്‍ ടീമിന്റെ വല കുലുക്കുന്നവരാണ്. ഇങ്ങനെ ഗോളടിച്ചുകൂട്ടുന്നവരാണ് ഫുട്‌ബോളിലെ വീരനായകര്‍. എന്നാല്‍, പ്രതിരോധനിരക്കാരില്‍നിന്ന് പന്തുസ്വീകരിച്ച് എതിര്‍ടീമിനെ കബളിപ്പിച്ച് നീളമേറിയതും കുറിയതുമായ പാസ്സുകളിലൂടെ തന്റെ അറ്റാക്കര്‍മാര്‍ക്ക് പന്ത് കൈമാറുന്ന യഥാര്‍ത്ഥ കളിക്കാരെയും കളിമെനയുന്നവരെയും കാണികള്‍ അത്ര ഓര്‍ക്കാറില്ല. ഗോളടിക്കുന്നവര്‍ക്ക് പന്ത് എത്തിച്ചുകൊടുക്കുകയും കളിയുടെ ഗതി മാറ്റുകയും പന്ത് ഏറെനേരം കൈവശംവയ്ക്കുകയും ചെയ്യുന്ന മധ്യനിരതാരങ്ങളാണ് ഒരോ മത്സരങ്ങളുടെയും കേന്ദ്രബിന്ദു. വിജയശ്രീലാളിതരായ ഏതുടീമിന്റെയും നട്ടെല്ല് മധ്യനിരയില്‍ കളിയുടെ ടെംപോ നിര്‍ണയിക്കുന്ന പ്ലെ മേക്കര്‍മാരാണ്. അറ്റാക്കര്‍മാരെയും പ്രതിരോധനിരയെയും തമ്മില്‍ കണക്ട് ചെയ്യുന്ന മധ്യനിരക്കാര്‍..! ഫുട്‌ബോളില്‍ ചരിത്രം രചിക്കാന്‍ എന്നും മുന്നില്‍നിന്നവര്‍ ഇവരാണ്. ചരിത്രം രചിച്ച മറഡോണയും യൊഹാന്‍ ക്രൈഫും സിനദിന്‍ സിദാനുമെല്ലാം ഭംഗിയാക്കിയ റോളാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ എന്ന പ്ലെ മേക്കര്‍ റോള്‍.
ഇന്ത്യ അതിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിലൂടെ പോയിക്കൊണ്ടിരിക്കുമ്പോള്‍ ദേശീയ ടീമിന് ലഭിച്ച വലിയ അനുഗ്രഹങ്ങളിലൊന്ന് മുന്നേറ്റനിരക്കാര്‍ക്ക് പന്തെത്തിക്കാനും അവരെ ഗോളടിക്കാന്‍ സഹായിക്കുകയും അവസരം കിട്ടിയാല്‍ മനോഹരമായി വലകുലുക്കുകയും ചെയ്യുന്ന അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാരാണ്. തന്നെ മാറ്റിനിര്‍ത്തിയുള്ള ഒരു ലൈനപ്പ് അസാധ്യമാക്കുന്ന വിധത്തില്‍ സഹല്‍ അബ്ദുസ്സമദ് എന്ന മലയാളി താരം ടീമിന്റെ അവിഭാജ്യഘടകമായത് അങ്ങിനെയാണ്. ജൂണിലെ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലും അതിന് ശേഷം നടന്ന സാഫ് കപ്പിലും ഇന്ത്യയുടെ ജൈത്രയാത്രക്ക് പിന്നില്‍ സഹലിന്റെ ബൂട്ടുകളുണ്ടായിരുന്നു.
2023 ജൂണ്‍ ഒമ്പതിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ മംഗോളിയക്കെതിരായ രണ്ടാംമിനിറ്റിലെ മിന്നല്‍ ഗോള്‍ നമുക്ക് മറക്കാന്‍ കഴിയില്ല. അന്ന് ബോക്‌സിന് തൊട്ടുമുന്നില്‍വച്ച് ഉദാന്ത സിങ്ങിന് നല്‍കിയ ബാക്ക് ഹീല്‍ പാസ് സഹലിന്റെ പ്രതിഭ വിളിച്ചോതുന്നതാണ്. അന്ന് 60 ാം മിനിറ്റില്‍ രോഹിത് കുമാറിന് വേണ്ടി കളംവിട്ട സഹലിന് ആ കളിയില്‍ ലഭിച്ച റേറ്റ് 10ല്‍ 9 ആണ്. ഒരു മത്സരത്തില്‍ ഒരുതാരത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ റേറ്റുകളിലൊന്നാണത്.
രണ്ടാഴ്ച കഴിഞ്ഞ് ജൂണ്‍ 24ന് ബംഗളൂരു ശ്രീ കണ്ഠീരവ സ്റ്റേഡിയം. തിങ്ങിനിറഞ്ഞ 40,000 ലധികം കാണികളെ കൈയിലെടുത്ത് 80 ാംമിനിറ്റില്‍ പകരക്കാരന് വേണ്ടി മടങ്ങുമ്പോള്‍, ഇന്ത്യക്ക് വേണ്ടി ഏറ്റവും മികച്ച മത്സരം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് സഹല്‍ ഡഗൗട്ട്‌സിലേക്ക് നടന്നുനീങ്ങിയത്. നേപ്പാളി പ്രതിരോധനിരയെ കബളിപ്പിച്ച പ്രതിഭാസ്പര്‍ശമുള്ള ഒട്ടനവധി ടച്ചുകളുമായി സഹല്‍ അന്ന് മധ്യനിര അടക്കിഭരിച്ചു.
സാഫ് കപ്പില്‍ മുത്തമിട്ട് സഹല്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വമ്പന്‍മാരായ മുംബൈ സിറ്റിയും മോഹന്‍ ബഗാനും ചെന്നൈയിന്‍ എഫ്.സിയും താരത്തെ നോട്ടമിട്ടിരുന്നു. തങ്ങളുടെ ക്യാപ്റ്റന്‍ പ്രീതം കോട്ടാലിനൊപ്പം കുറച്ച് നോട്ട് കെട്ടുകളും നല്‍കിയാണ് കേരള ബ്ലാസ്റ്റേഴ്‌സില്‍നിന്ന് മോഹവിലക്ക് ബഗാന്‍ സഹലിനെ വാങ്ങിയത്.
സാമ്പത്തിക ഡീലിനൊപ്പം തന്റെ ഇഷ്ടപ്പെട്ട പൊസിഷ്യനായ നമ്പര്‍ 10 അഥവാ അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ അല്ലെങ്കില്‍ പ്ലെ മേക്കറുടെ റോള്‍ വേണമെന്നതും സഹലിന്റെ ഡിമാന്റുകളിലൊന്നായിരുന്നു. ഡിമാന്റ് ബഗാന്‍ അംഗീകരിച്ചെന്ന് കഴിഞ്ഞയാഴ്ച ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ സഹല്‍ പറയുകയുണ്ടായി.
' ഒരു അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡറെന്ന നിലയിലാണ് എനിക്ക് ഏറ്റവും മികച്ച കളി പുറത്തെടുക്കാനാകുന്നത്. ബ്ലാസ്റ്റേഴ്‌സിന് പുറത്തേക്ക് നീങ്ങാനുള്ള തീരുമാനത്തിലൂടെ വ്യത്യസ്ത ടീമുകളുമായി സൈനിങ്ങുകള്‍ ചര്‍ച്ചചെയ്യുമ്പോള്‍, എന്റെ പൊസിഷ്യനെ കുറിച്ചും പ്രത്യേകം അന്വേഷിച്ചു. മോഹന്‍ ബഗാന്‍ എന്നെ അറ്റാക്കിങ്ങ് മിഡ്ഫീല്‍ഡര്‍ റോളില്‍ ഉപയോഗിക്കാനുള്ള അവരുടെ പദ്ധതി വെളിപ്പെടുത്തി. അത് എന്നെ സംബന്ധിച്ച് വളരെ പ്രോത്സാഹജനകമാണ് … സഹല്‍ പറഞ്ഞു.
ഗോളടിക്കുന്നതില്‍ ഉണ്ടാകുന്ന പിശുക്ക് ആണ് മോഹന്‍ ബഗാന്റെ ക്ഷാപം. കഴിഞ്ഞ സീസണില്‍ 20 ലീഗ് മത്സരങ്ങളില്‍ 24 ഗോള്‍ മാത്രമാണ് ബഗാന്‍ അടിച്ചത്. ഷീല്‍ഡ് ജേതാക്കളായ മുംബൈയാകട്ടെ 54 ഗോളുകള്‍ നേടി. ഗോള്‍ദാഹം തീര്‍ക്കാന്‍ സഹലിനെ കൊണ്ട് കഴിയുമെന്നാണ് ബഗാന്‍ മാനേജ്‌മെന്റിന്റെ പ്രതീക്ഷ. സഹലിന് കൂട്ടുമായി ഇന്ത്യയുടെ മധ്യനിര താരങ്ങളായ ആഷിഖ് കുരുണിയനും അനിരുദ്ധ് ഥാപ്പയു ഉണ്ടാകും. ഇതോടെ ഇന്ത്യന്‍ ലീഗിലെ ഏറ്റവും അപകടകാരികളായ മധ്യനിര ട്രിയോ മോഹന്‍ ബഗാന്റെതാകുമെന്ന കാര്യത്തില്‍ ഒരുശയവുമില്ല. ഒരു സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ പൊസിഷ്യന് യോജിച്ച പ്ലെയര്‍ ആണ് ഥാപ്പ എങ്കില്‍, ഒരേ സമയം ആക്രമണവും പ്രതിരോധവും ഇണങ്ങുന്ന പ്ലേ ആണ് ആഷിഖിന്റെത്.
സഹലിന്റെ ഡിമാന്റ് അംഗീകരിച്ച സ്ഥിതിക്ക് 4- 2- 3- 1 എന്ന ലൈനപ്പാകും ബഗാന്‍ കോച്ച് ജുവാന്‍ ഫെറാണ്ഡോ പരീക്ഷിക്കുക. ഇതാകട്ടെ ഫെറാണ്ഡോയുടെയുടെ ഫേവറിറ്റ് ലൈനപ്പുമാണ്. ഈ ലൈനപ്പില്‍ പ്ലെ മേക്കറുടെ റോളിലാകും സഹലിനെ നിയോഗിക്കുക. 4- 1- 2- 3 എന്ന ലൈനപ്പും ഫെറാണ്ഡോ പരീക്ഷിക്കാറുണ്ട്. അങ്ങിനെയാണെങ്കില്‍ മൂന്ന് ആക്രമണകാരികള്‍ക്ക് പിന്തുണകൊടുക്കലാകും സഹലിന്റെയും പെട്രോറ്റോസിന്റെയും ചുമതല.
പന്തടക്കവും പാസ്സിങ് മികവും മികച്ച ഡ്രിബ്ലിങ്ങും വശമുള്ള സഹലിന്റെ ശൈലി ഒരു അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ക്ക് യോജിച്ച പ്രകൃതമാണ്. ഇത് തന്നെയാണ് ഏവരും മോഹിക്കുന്ന പത്താം നമ്പര്‍ ജഴ്‌സി ഇന്ത്യന്‍ കോച്ച് സ്റ്റിമാച്ച് സഹലിന് നല്‍കാനുള്ള കാരണവും.
സഹലിന് ഈയടുത്ത് കിട്ടിയ ഏറ്റവും നല്ല സര്‍ട്ടിഫിക്കറ്റുകളിലൊന്ന് സുനില്‍ ഛെത്രിയുടെതാണ്. 'ഞാനൊരു മിഡ്ഫീല്‍ഡറെ തെരഞ്ഞെടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും അത് സഹലാണ്' - ഛെത്രി പറഞ്ഞു. അതിന് മുമ്പ് ഇന്ത്യയുടെ ഇതിഹാസ താരം ബൈച്യുങ് ബൂട്ടിയ സഹലിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു: സുനില്‍ ഛെത്രിക്ക് ശേഷം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവി സഹലിന്റെ കാലിലായിരിക്കും.
മൂന്ന് നാലുവര്‍ഷം മുമ്പ് സുനില്‍ ഛെത്രി ഇത് പറയുമ്പോള്‍, അദ്ദേഹം അബദ്ധത്തില്‍ പറഞ്ഞതായിരിക്കുമെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് സഹല്‍ തന്റെ ബൂട്ടുകൊണ്ട് ഇതിനകം മറുപടി പറഞ്ഞുകഴിഞ്ഞു. മാത്രമല്ല, അത്തരക്കാര്‍ക്ക് നല്‍കാന്‍ ഇനിയും സഹലിന്റെ കൈവശം മറുപടിയുണ്ട്.
പൊതുവേ അടങ്ങിയൊതുങ്ങിയുള്ള പ്രകൃതക്കാരനായ സഹല്‍ അങ്ങിനെയാണ്. വാക്ക് കൊണ്ട് മറുപടി കൊടുക്കാറില്ല. അവന്റെ ശ്രദ്ധ എപ്പോഴും മൈതാനിയിലാണ്. പറയാനുള്ളത് ബൂട്ട് കൊണ്ട് പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."