53 വര്‍ഷങ്ങള്‍, 12 തെരഞ്ഞെടുപ്പുകള്‍; പുതുപ്പള്ളിയുടെ രാഷ്ട്രീയ വഴികള്‍
53 വര്‍ഷങ്ങള്‍, 12 തെരഞ്ഞെടുപ്പുകള്‍; പുതുപ്പള്ളിയുടെ രാഷ്ട്രീയ വഴികള്‍
കോട്ടയം: 53 വര്‍ഷങ്ങളില്‍ 12 തെരഞ്ഞെടുപ്പുകള്‍. 1970 മുതല്‍ ഉമ്മന്‍ ചാണ്ടിയെന്ന അതികായനൊപ്പം നിന്ന പുതുപ്പള്ളി പക്ഷെ, രാഷ്ട്രീയഭൂമികയില്‍ അടയാളപ്പെടുത്തപ്പെട്ടത് ഇടതുമുന്നണിയുടെ കരുത്തുറ്റ മണ്ഡലം എന്ന നിലയിലാണ്. കോട്ടയം ജില്ലയില്‍തന്നെ സി.പി.എമ്മിന്റെ കേഡര്‍ സംവിധാനം കൃത്യമായി പ്രവര്‍ത്തിക്കുന്ന മണ്ഡലം. ഇവിടെ രാഷ്ട്രീയപ്പോര് തുടങ്ങുന്നത് മണ്ഡലം രൂപീകൃതമായ 1957 മുതലാണ്. 1957ലും 60ലും കോണ്‍ഗ്രസിന്റെ പി.സി ചെറിയാന്‍ ജയിച്ചു. ഇ.എം ജോര്‍ജിനെയുംഎം. തോമസിനെയുമാണ് ചെറിയാന്‍ തോല്‍പ്പിച്ചത്. 65ലും 67ലും ഇ.എം ജോര്‍ജിലൂടെ സി.പി.എം പിടിച്ചെടുത്തു. 65ല്‍ കോണ്‍ഗ്രസിന്റെ തോമസ് രാജനെയും 67ല്‍ പി.സി ചെറിയാനെയുമാണ് ജോര്‍ജ് തോല്‍പ്പിച്ചത്.
1970 മുതല്‍ എല്ലാ പ്രവചനങ്ങളെയും ഉമ്മന്‍ ചാണ്ടി അപ്രസക്തമാക്കി. 1970ല്‍ ജോര്‍ജിനെ തോല്‍പ്പിച്ചത് 7,288 വോട്ടുകള്‍ക്ക്. 77ല്‍ ബി.എല്‍.ഡിയുടെ പി.സി ചെറിയാനെ 15,910 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. 1980ല്‍ എന്‍.ഡി.പിയുടെ എം.ആര്‍.ജി പണിക്കര്‍ക്കെതിരേ 13,659 ഭൂരിപക്ഷം നേടിയപ്പോള്‍ 1982ല്‍ ഇടതിനൊപ്പമായിരുന്ന തോമസ് രാജനെ 15,983 വോട്ടിനും 1987ല്‍ 9,164 വോട്ടിനും തോല്‍പ്പിച്ചു. 1991ല്‍ 13,811 വോട്ടിനു സി.പി.എമ്മിന്റെ വി.എന്‍ വാസവനെയും പരാജയപ്പെടുത്തി. 1996ല്‍ 10,155 വോട്ടുകള്‍ക്ക് സി.പി.എമ്മിന്റെ റജി സക്കറിയയെയും 2001ല്‍ കോണ്‍ഗ്രസ് വിട്ടുവന്ന ചെറിയാന്‍ ഫിലിപ്പിനെ 12,575 വോട്ടിനും 2006ല്‍ സിന്ധു ജോയിയെ 19,863 വോട്ടുകള്‍ക്കുമാണ് ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തിയത്. 2011ലായിരുന്നു റെക്കോഡ് ഭൂരിപക്ഷം, 33,255. സി.പി.എമ്മിന്റെ സുജ സൂസണ്‍ ജോര്‍ജായിരുന്നു എതിരാളി. 2016ല്‍ ഭൂരിപക്ഷം അല്‍പം കുറഞ്ഞ് 27,092 ആയി. 2021ല്‍ വീണ്ടുമിടിഞ്ഞ്, 9,044 ആയി. രണ്ടു തവണയും സി.പി.എമ്മിന്റെ ജെയ്ക്ക് സി. തോമസായിരുന്നു എതിര്‍സ്ഥാനാര്‍ഥി. 2021ല്‍ ഉമ്മന്‍ ചാണ്ടിക്ക് 63,372 വോട്ടുകളും (48.08 %) ജെയ്ക്കിന് 54,328 വോട്ടുമാണ് (41.22%) കിട്ടിയത്. ബി.ജെ.പിയുടെ എന്‍. ഹരിയ്ക്ക് 11694 വോട്ടും (8.87%) കിട്ടി.
ആറ് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ്; യു.ഡി.എഫ് രണ്ടിടത്ത്
കോട്ടയം: മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ഭൂരിഭാഗവും ഇടതുമുന്നണിക്കൊപ്പം. ആകെ എട്ട് പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. കോട്ടയം താലൂക്കിലെ അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മണര്‍കാട്, മീനടം, പാമ്പാടി, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളും ചങ്ങനാശേരി താലൂക്കില്‍പ്പെട്ട വാകത്താനം പഞ്ചായത്തും ചേര്‍ന്ന മണ്ഡലമാണിത്. ഇതില്‍ ആറെണ്ണം സി.പി.എം ഭരണത്തിനു കീഴില്‍. അയര്‍ക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ മാത്രമാണ് യു.ഡി.എഫ് ഭരിക്കുന്നത്. രാഷ്ട്രീയത്തിനൊപ്പം വിമതസ്ഥാനാര്‍ഥി പ്രശ്‌നം അടക്കമുള്ളവയും തോല്‍വിക്കു കാരണമായി. മണ്ഡലത്തിലെ 17 സഹകരണ സംഘങ്ങളില്‍ 14ലിലും സി.പി.എം ഭരണസമിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."