മണിപ്പൂരില്‍ ഇപ്പോള്‍ മുസ്ലിംകളും ഭീതിയില്‍; ഗ്രാമത്തിന് പുറത്തു കടന്ന് ക്വക്തയിലെ പംഗല്‍ മുസ്ലിംകള്‍
ഇംഫാല്‍: കലാപത്തിന് അയവില്ലാത്ത മണിപ്പൂരിലെ ക്വക്തയിലുണ്ടായ ആക്രമണങ്ങളില്‍ ഭീതിയോടെ പംഗല്‍ മുസ് ലിംകള്‍. ആക്രമണങ്ങള്‍ ഈയടുത്ത് വരെ ബാധിക്കാത്ത പ്രദേശമായിരുന്നു ക്വക്ത. മണിപ്പൂരിലെ പംഗല്‍ മുസ് ലിംകളുടെ ഏറ്റവും വലിയ കേന്ദ്രമാണിത്. 18,000 ല്‍ അധികം പംഗലുകള്‍ വിവിധ ഗ്രാമങ്ങളിലായി ഇവിടെ കഴിയുന്നു. ഇവരുടെ ഗ്രാമത്തിന്റെ ഇരു വശങ്ങളിലുമായി കുക്കി, മെയ്തി വംശജരാണ് താമസിക്കുന്നത്. കലാപം തുടങ്ങിയതു മുതല്‍ ഇരു വിഭാഗക്കാരെയും സംരക്ഷിക്കുകയായിരുന്നു പംഗലുകള്‍. എന്നാല്‍ പംഗലുകള്‍ മെയ്തികളെ സഹായിക്കുന്നുവെന്നാരോപിച്ച് മൂന്ന് ദിവസമായി ഇവരുടെ ഗ്രാമങ്ങളില്‍ കുക്കി വിഭാഗക്കാര്‍ വ്യാപക അക്രമങ്ങളാണ് നടത്തുന്നത്.
കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഇവിടെ ബോംബേറില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ക്വക്ത 8 ല്‍ 21 വീടുകള്‍ തീയിട്ട് നശിപ്പിച്ചതായും ഇപ്പോള്‍ ഇവരില്‍ നിന്നുള്ള ആക്രമണ ഭീതിയെ തുടര്‍ന്ന് പള്ളിയിലാണ് താമസമെന്നും ക്വക്തയിലെ അബ്ദുല്‍ ബാരി സുപ്രഭാതത്തോട് പറഞ്ഞു. തങ്ങളിപ്പോള്‍ പള്ളിയെ ബങ്കര്‍ ആക്കിയിരിക്കുകയാണ്. മെയ്തികളുടെ ഭാഗത്ത് നിന്ന് ഇതുവരെയും ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും അബ്ദുല്‍ ബാരി പറഞ്ഞു.
ഓരോ ദിവസവും ഇവിടെ ആക്രമണങ്ങള്‍ കൂടി വരികയാണ്. സൈന്യം സജീവമായി ഇവിടെ ഉണ്ടെങ്കിലും പംഗലുകള്‍ രാത്രി ഭീതിയിലാണ് കഴിയുന്നത്. ഇരു വിഭാഗക്കാരോടും സമദൂരത്തില്‍ കഴിയുന്നതിനാല്‍ ഇവര്‍ക്ക് കുക്കികളുടെയും മെയ്തികളുടെയും മേഖലകളിലേക്ക് പോകാന്‍ കഴിയുമായിരുന്നു. ഇംഫാലില്‍ നിന്ന് കുക്കി മേഖലകളിലേക്ക് കടക്കാന്‍ പംഗലുകള്‍ക്ക് മാത്രമെ അനുമതിയുള്ളൂ. പുതിയ സംഭവങ്ങളെ തുടര്‍ന്ന് ആരെയും കുക്കികളും മെയ്തികളും അതിര്‍ത്തി കടത്തിവിടുന്നില്ല. ഇംഫാല്‍ പട്ടണത്തിലും ധാരാളം പംഗലുകള്‍ കഴിയുന്നുണ്ട്. ജനസംഖ്യയിലെ എട്ട് ശതമാനം വരുന്ന മുസ്‌ലിം പംഗലുകള്‍ സംസ്ഥാനത്തെ നാല് ജില്ലകളിലായാണ് കഴിയുന്നത്.
കുക്കി മെയ്തി വിഭാഗക്കാരുടെ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ ഇവിടെ നിന്ന് അസാം റൈഫിള്‍സിനെ പിന്‍വലിച്ചു. പകരം സി.ആര്‍.പി.എഫിനെ വിന്യസിച്ചു.
Meitei Pangals in Kwakta forced to flee, appeals for peace
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."