വേൾഡ് ഇസ്‌ലാമിക് കോൺഫറൻസ് അടുത്തയാഴ്ച്ച മക്കയിൽ
മക്ക: വേൾഡ് ഇസ്‌ലാമിക് കോൺഫറൻസ് മക്കയിൽ നടത്താൻ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ നിർദേശം. മുഹറം 26, 27 തിയതികളിലായാണ് സമ്മേളനം നടക്കുക. സഊദി ഇസ്‌ലാമിക് അഫയേഴ്‌സ്, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ആയിരിക്കും ലോക ഇസ്‌ലാമിക് സമ്മേളനം മക്കയിൽ നടക്കുക.
കോൺഫറൻസിൽ 85 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 150 പണ്ഡിതന്മാരും മുഫ്തികളും പങ്കെടുക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ വിവിധ സെഷനുകളിലായി മിതവാദം, തീവ്രവാദം, അധഃപതനം, സഹിഷ്ണുത, സഹവർത്തിത്വം തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.
ലോകത്തിലെ മതകാര്യങ്ങൾ, ഫത്‌വകൾ, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സേവിക്കൽ ഇസ്‌ലാമിക ഐക്യം പ്രോത്സാഹിപ്പിക്കൽ, യാഥാർത്ഥ്യവും അഭിലാഷങ്ങളും തമ്മിലുള്ള ആശയവിനിമയവും സംയോജനവും, ജനങ്ങൾക്കിടയിൽ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അതിന്റെ ശ്രമങ്ങൾ, പ്രവാചക സുന്നത്തുകൾ, ലോകത്തിലെ മതകാര്യങ്ങൾ, ഫത്‌വകൾ, നിരീശ്വരവാദത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി വിവിധ സെഷനുകൾ അരങ്ങേറും.
അന്താരാഷ്ട്ര മതനേതാക്കളുമായുള്ള ക്രിയാത്മക സഹകരണത്തിലൂടെ മിതത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും സമീപനം ശാശ്വതമാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ലോകജനതകൾക്കിടയിലെ അക്രമ പ്രവർത്തനങ്ങളും വെറുപ്പിന്റെ വികാരങ്ങളും കുറയ്ക്കുന്നതിന് സമ്മേളനം കാരണമാകുമെന്നും സഊദി വിലയിരുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."