താനൂര്‍ പൊലിസ് കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് വിട്ടു
താനൂര്‍ പൊലിസ് കസ്റ്റഡി മരണം; അന്വേഷണം സിബിഐക്ക് വിട്ടു
മലപ്പുറം: തിരൂരങ്ങാടി മൂഴിക്കല്‍ മമ്പുറം മാളിയേക്കല്‍ വീട്ടില്‍ താമിര്‍ ജിഫ്രി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ച കേസ് സി.ബി.ഐക്ക് വിട്ടു.
സിബിഐക്ക് വിട്ട ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. അതേ സമയം തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മരണപ്പെട്ട താമിറിന്റെ കുടുംബം പ്രതികരിച്ചു.
വസ്തുത പുറത്ത് വരുമെന്ന് പ്രതീക്ഷിക്കുന്നതായി താമിറിന്റെ സഹോദരന്‍ പറഞ്ഞു.
കേസ് സിബിഐക്ക് കൈമാറാവുന്നതാണെന്ന് നേരത്തെ സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശചെയ്തിരുന്നു, തുടര്‍ന്നാണ് നടപടി.
താമിര്‍ മയക്കുമരുന്ന് വിഴുങ്ങിയതായും ദേഹത്ത് മര്‍ദനമേറ്റതായും മൃതദേഹപരിശോധനയില്‍ വ്യക്തമായിരുന്നു. മരണത്തിന് ഇതു രണ്ടും കാരണമായിട്ടുണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഈ സാഹചര്യത്തില്‍ വ്യക്തതവരുത്താന്‍ സി.ബി.ഐ. അന്വേഷിക്കുന്നതാകും ഉചിതമെന്ന നിലപാടിലാണ് ഡി.ജി.പി. ഈ ശുപാര്‍ശ നല്‍കിയതെന്നാണ് കരുതുന്നത്.
ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ ഒന്നരയോടെ താമിര്‍ അടക്കം അഞ്ചുപേരെ താനൂര്‍ ദേവധാര്‍ പാലത്തിനു സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുവന്നുവെന്നാണ് പോലീസ് പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നത്. വിശ്രമകേന്ദ്രത്തില്‍ കൊണ്ടുപോയതായി പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നിരിക്കെ ഈ കണ്ടെത്തല്‍ നിര്‍ണായകമാണ്. താമിറിന്റെ ദേഹത്ത് 21 മുറിവുകള്‍ ഉണ്ടായിരുന്നുവെന്നു സ്ഥിരീകരിക്കുന്ന മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും ചൊവ്വാഴ്ച പുറത്തുവന്നു.
വയറിന് പിന്‍ഭാഗത്ത് നട്ടെല്ലിനു സമീപം ദണ്ഡുപോലുള്ള ആയുധംകൊണ്ട് ശക്തിയായി കുത്തിയിട്ടുണ്ടെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തില്‍ മൂന്നു ഡോക്ടര്‍മാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.
കാല്‍വെള്ളയില്‍ ആയുധംകൊണ്ട് ശക്തിയായി അടിച്ചതിന്റെ അടയാളവുമുണ്ട്. ശ്വാസകോശത്തില്‍ രക്തത്തിന്റെ അംശമുണ്ടായിരുന്നു. ഹൃദയത്തിന്റെ സംരക്ഷണപാടയിലും ഉപരിതലത്തിലും രക്തം പൊടിഞ്ഞതായി കാണപ്പെട്ടു. ചെറുകുടലില്‍ രക്തം പൊടിഞ്ഞിരുന്നു. ദേഹത്ത് പലേടത്തും നീലിച്ചിരുന്നു. വയറ്റില്‍നിന്നു കണ്ടെടുത്ത രണ്ടു പ്ലാസ്റ്റിക് കവറുകളില്‍ ഒന്ന് വലിച്ചുതുറക്കാവുന്നതും ഒന്ന് ഒട്ടിച്ചുചേര്‍ത്തിരുന്നതുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."