എപ്പോഴും വെടിയൊച്ച,ശത്രുവിനെ കാത്തിരിക്കുന്ന സ്ത്രീകൾ
ബഷീർ മാടാല
മണിപ്പൂർ കലാപത്തിന്റെ നേർ അനുഭവങ്ങൾ പലതും കണ്ടും കേട്ടും നിന്നത് ഭയത്തോടെയാണ്. ചുരചന്ദ്പുർ പോലെ കാംഗ് പോക്പി ജില്ലയും കുക്കി വിഭാഗക്കാർക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണ്. നൂറിലധികം ഗ്രാമങ്ങൾ ഇവർക്കുണ്ട്. ജില്ലയുടെ അതിർത്തിയിൽ മെയ്തികൾക്കാണ് സ്വാധീനം. സംഘർഷം അതിന്റെ മൂർധന്യത്തിൽ എത്തിയ മെയ് 4, 5 തീയതികളിലാണ് പെൺകുട്ടികളെ നഗ്‌നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം നടന്നത്. അന്ന് പകൽ സമയത്ത് ആയുധങ്ങളുമായി എത്തിയ ആൾക്കൂട്ടം ഗ്രാമത്തിലെ മുപ്പതോളം വരുന്ന വീടുകൾക്ക് തീയിടുകയായിരുന്നു. വീടുകൾ കത്തിത്തുടങ്ങിയതോടെ ഇറങ്ങിയോടിയവരെ അക്രമികൾ ഉപദ്രവിച്ചു. ഓടി രക്ഷപ്പെട്ടവർ മലമുകളിൽ അഭയം പ്രാപിക്കുകയായിരുന്നുവെന്ന് കാംഗ് പോക്പി ക്യാംപിലുള്ള നിയോപി പറഞ്ഞു.
രാത്രിയിലും പകലും ആയുധധാരികൾ അഴിഞ്ഞാടിയ ഗ്രാമങ്ങൾ നിരവധിയാണ്. കത്തിയമരുന്ന വീടുകളിൽനിന്ന് രക്ഷതേടി പലരും എത്തിയത് പള്ളികളിലായിരുന്നു. ഈ ജില്ലയിൽ മാത്രം 88 പള്ളികൾ കത്തിച്ചു. ഓരോ ഗ്രാമത്തിലെയും ഏറ്റവും നല്ല കെട്ടിടം പള്ളിയായിരിക്കും. ഇത്തരം പള്ളികൾ എല്ലായിടത്തും തകർക്കപ്പെട്ടതായി കുക്കി നേതാക്കൾ പറഞ്ഞു. സുക്‌നു വില്ലേജിൽ എത്തിയ അക്രമികൾ അഞ്ചു പേരെയാണ് വെടിവച്ചുകൊന്നത്. 33 വീടുകൾക്കാണിവിടെ തീയിട്ടതെന്ന് ക്യാംപിൽ കഴിയുന്ന ഇവാൻ പൗനോ പറയുന്നു. സ്വന്തമായ എല്ലാം നഷ്ടപ്പെട്ട അയാൾ ഇവിടെ ഏകനായി കഴിയുകയാണ്. ചന്ദേൽ ജില്ലയിലെ ഗ്രാമത്തിൽ ഒരാളുടെ തലയറുത്ത് തങ്ങളുടെ മുമ്പിൽ അക്രമികൾ പ്രദർശിപ്പിച്ച കാര്യം പറയുമ്പോൾ എൺപത് കഴിഞ്ഞ കുക്കി വൃദ്ധൻ വിറയ്ക്കുന്നുണ്ടായിരുന്നു.
എല്ലാ ക്യാംപുകളിലും ധാരാളം വിദ്യാർഥികളുണ്ട്. മികച്ച നിലയിൽ പഠനം തുടർന്നിരുന്ന അവരിപ്പോൾ ഭാവിയെക്കുറിച്ചോർത്തുള്ള ആശങ്കയിലാണ്. ഇന്റർനെറ്റും മൊബൈൽ ഫോണുമൊക്കെ ഇവർക്കിപ്പോൾ സ്വപ്നമാണ്. കലാപം ശമിച്ചു കഴിഞ്ഞാൽ ചിലർക്കെങ്കിലും തിരിച്ചുപോകണമെന്നുണ്ട്. എന്നാൽ അങ്ങനെയൊരു സാഹചര്യം വിദൂരമാണ്.
മെയ്തി, കുക്കി സ്ത്രീകൾ ഓരോ സംഘർഷ രംഗത്തും മുന്നിലുണ്ട്. ഇവരിലെ പുരുഷന്മാർ ഒളിപ്പോരിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കുക്കി യുവാക്കൾ ആധുനിക തോക്കുകൾ, സ്‌നൈപ്പറുകൾ വരെ ഉപയോഗിക്കുന്നു. ഗ്രാമങ്ങളുടെ സംരക്ഷണച്ചുമതല ഏറ്റെടുത്ത അവർ ബങ്കറുകൾ നിർമിച്ച് എതിരാളികൾക്ക് നേരെ വെടിയുതിർക്കുന്നു. മെയ്തികളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പരസ്പരം വെടിയുതിർക്കുന്ന ശബ്ദം ഈ മേഖലകളിൽനിന്ന് എപ്പോഴും കേൾക്കാം. വടികളുമായി രാത്രിയിലും ശത്രുവിനെ കാത്തിരിക്കുന്ന മെയ്തി സ്‌ത്രീകളെ എവിടെയും കാണാം. തങ്ങളുടെ സുഖ ജീവിതത്തിന് ഭംഗംവരുത്തിയ കുക്കി വിഭാഗക്കാരോട് ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഇവരെ നാടുകടത്തിയശേഷമേ വിശ്രമമുള്ളൂ എന്ന് മെയ്തി കോർഡിനേഷൻ നേതാക്കൾ വ്യക്തമാക്കുന്നു. മറുഭാഗത്താവട്ടെ ഇനി ഒരിക്കലും മെയ്തികളുമായി സന്ധിയില്ലെന്നും അവർ രക്തദാഹികളും ബലാത്സംഗികളുമാണന്നും പറയുന്നു. സ്വന്തമായ സംസ്ഥാനം വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ട്രൈബൽ സംഘടനകളുടെ പരമോന്നത ബോഡിയായ ട്രൈബൽ ലീഡേർസ് ഫോറം വ്യക്തമാക്കുന്നു. ഇതിനിടയിൽ സമാധാനം ആഗ്രഹിക്കുന്ന ആയിരക്കണക്കിന് പേർ ഇരുഭാഗത്തും ഉണ്ടെങ്കിലും അവരുടെ അഭിപ്രായം ആരും പരിഗണിക്കുന്നില്ല. സർക്കാരാവട്ടെ ഇരു കൂട്ടരും പരസ്പരം ഏറ്റുമുട്ടുന്നത് നോക്കി കാലം നീക്കുകയും ചെയ്യുന്നു.
രാജ്യാതിർത്തി മ്യാന്മറുമായി പങ്കുവയ്ക്കുന്ന മൊറെയ്, ചന്ദേൽ എന്നിവിടങ്ങളിലെ മെയ്തികളുടെ നൂറുക്കണക്കിന് വീടുകൾക്കും വാഹനങ്ങൾക്കും പുറമെ ഏതാനും ക്ഷേത്രങ്ങൾക്കും കുക്കികൾ തീയിട്ടിട്ടുണ്ട്. സാമ്പത്തികമായി മികച്ചു നിന്നവരായിരുന്നു ഇവിടുത്തെ മെയ്തികൾ. ബിസിനസുകാരും വലിയ കെട്ടിട ഉടമകളുമായിരുന്നു. ഇവരുടെ കേന്ദ്രങ്ങളിലേക്ക് ഇരച്ചെത്തിയ കുക്കികൾ സർവവും ഇല്ലാതാക്കി. ഇംഫാലിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാംപിൽ 720 അഭയാർഥികളുണ്ട്. കൂടാതെ, മൊയ്‌റാംഗിൽ നൂറിലധികം ക്യാംപുകളിലും ദുരിതത്തിന്റെ ഓർമകളുമായി ഇവർ കഴിയുന്നു. ആൾനാശം കൂടുതൽ സംഭവിച്ചിട്ടില്ലെങ്കിലും സമ്പാദ്യങ്ങളും രേഖകളും വിവിധ പരുക്കുകളും മെയ്തികളെ അലട്ടുന്നുണ്ട്.
മൊറെയിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയുടെ ഉടമയായിരുന്ന ഷാർമലൽ ക്യാംപിൽ ദുഃഖത്തോടെ കഴിയുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് അന്ന് നടന്നത്. രാത്രി 10 മണിയോടടുത്ത് കലാപകാരികൾ ഷാർമലലിന്റെ വീട്ടിനു പുറത്തുണ്ടായിരുന്ന വാഹനങ്ങൾക്ക് തീവച്ചു. തടയാനെത്തിയപ്പോൾ വീട് പൂർണമായും കത്തിക്കുകയായിരുന്നു. മണിക്കൂറുകൾക്കുശേഷം പൊലിസ് എത്തിയാണ് അദ്ദേഹത്തെയും കുടുംബത്തെയും ക്യാംപിൽ എത്തിച്ചത്. മൊറെയിൽനിന്ന് നൂറ് കി.മീറ്റർ ദൂരെയുള്ള ഇംഫാൽ വെസ്റ്റിലെ ക്യാംപിൽ ഇത്തരം അനുഭവങ്ങളുള്ള നിരവധി പേരുണ്ട്. കലാപത്തിന്റെ ആദ്യ നാളുകളിൽ വിവിധ ഭാഗങ്ങളിലേക്ക് ഓടിപ്പോയവരെ കണ്ടെത്തിയിട്ടില്ല. എല്ലാം നഷ്ടപ്പെട്ട താൻ ഇനി എന്തു ചെയ്യുമെന്നറിയാതെ ഇവിടെ കഴിയുകയാണന്ന് ഷാർമലൽ പറയുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്യാംപുകളിൽ 40000ൽ അധികം കുക്കികൾ കഴിയുന്നുണ്ട്. മെയ്തികൾ വിവിധ ക്യാംപുകളിലായി 20000ൽ അധികമുണ്ട്. മൊയ്‌റാത്തിലെ ക്യാംപുകളിൽ കഴിയുന്ന നൂറിലധികം സ്ത്രീകൾക്കും കുട്ടികൾക്കും കലാപം നടന്ന രാത്രിയെക്കുറിച്ച് പറയാൻ ഭയമാണ്. സായുധരായ കുക്കി യുവാക്കൾ ഗ്രാമത്തിലെ വീടുകൾ കത്തിച്ചതും ഒന്നും എടുക്കാനാവാതെ ഓടി രക്ഷപ്പെട്ടതും ഓട്ടത്തിനിടയിൽ മക്കളെ നഷ്ടപ്പെട്ടതും ഓർത്തെടുക്കുന്നു. സാഹചര്യങ്ങളും സമയവും അനുകൂലമായാൽ തിരിച്ചുപോകാൻ ഇവർ ആഗ്രഹിക്കുന്നു. ക്യാംപുകളിൽ സർക്കാർ സഹായത്താൽ കാര്യങ്ങൾ നടന്നു പോകുന്നു. ഇപ്പോഴത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും തങ്ങൾ കുക്കികൾക്കൊപ്പം കഴിയുമെന്നും മൊയ്‌റാംഗ് ക്യാംപിലെ ഷർമ്മിള ഇതംബി പറഞ്ഞു.
മറ്റു ചില ക്യാംപുകളിലെ വിദ്യാർഥികളും ഇതുതന്നെയാണ് പറഞ്ഞത്. എന്നാൽ ക്യംപുകൾക്ക് പുറത്ത് ഇരുചേരികളിലായി ഏറ്റുമുട്ടി കൊല്ലപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടി വരുന്ന വിവരം ഇവർ അറിയുന്നില്ല. കുക്കി മേഖലകളിൽ നിന്നുള്ള മെയ്തികളെല്ലാം ഇവിടെ ക്യാംപുകളിലുണ്ട്. ആരും സംസ്ഥാനത്തിന് പുറത്തേക്ക് പലായനം ചെയ്തിട്ടില്ല. എന്നാൽ കുക്കി വിഭാഗക്കാർ മിസോറം, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലെ അഭയാർഥി ക്യാംപുകളിൽ അഭയം തേടിയിട്ടുണ്ട്.
സർക്കാർ പൂർണമായും തങ്ങൾക്കൊപ്പമുണ്ടെന്ന് ക്യാംപിലെ മെയ്തി അഭയാർഥികൾ സാക്ഷ്യപ്പെടുത്തുന്നു. കലാപം രൂക്ഷമായ കാംഗ് പോക്പി ജില്ലയിൽ നിന്നുള്ള നിരവധി പേരാണ് ഈസ്റ്റ് ഇംഫാലിലെ ക്യാംപുകളിലുള്ളത്. കുക്കികൾക്കെതിരായ കടുത്ത ആക്രമണങ്ങളെക്കുറിച്ച് ഒന്നും അറിഞ്ഞിരുന്നില്ലെന്നും സമാധാനം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണെന്നും അവർ പറഞ്ഞു.
(അവസാനിച്ചു)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."