'കൊല മുതല്‍ പ്രധാനമന്ത്രി വരെ' രാഹുലിന്റെ പ്രസംഗത്തിലെ 24 വാക്കുകള്‍ സഭാരേഖയില്‍ നിന്ന് നീക്കി
'കൊല മുതല്‍ പ്രധാനമന്ത്രി വരെ' ഷഹുലിന്റെ പ്രസംഗത്തിലെ 24 വാക്കുകള്‍ സഭാരേഖയില്‍ നിന്ന് നീക്കി
ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപ വിഷയത്തില്‍ മോദി സര്‍ക്കാറിനെ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകള്‍ സഭാരേഖകളില്‍ നിന്ന് നീക്കി. രാഹുല്‍ പ്രസംഗത്തില്‍ നിരവധി തവണ ഉപയോഗിച്ച 'കൊലപാതകം' എന്ന വാക്കാണ് പ്രധാനമായും നീക്കിയത്.
ഭാരതമാതാവിനെ കൊല ചെയ്‌തെന്ന വാചകത്തിലെ 'കൊല', എന്ന വാക്കും ബി.ജെ.പി നേതാക്കള്‍ രാജ്യദ്രോഹികളാണെന്ന വാചകത്തിലെ 'രാജ്യദ്രോഹി', പ്രധാനമന്ത്രിക്ക് മണിപ്പൂരില്‍ പോകാന്‍ കഴിയില്ല എന്ന വാചകത്തിലെ 'പ്രധാനമന്ത്രി' എന്നീ നീക്കിയ മറ്റ് വാക്കുകള്‍.
രാഹുലിന്റെ പ്രസംഗത്തിലെ വാക്കുകള്‍ നീക്കം ചെയ്തത നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കും.
രാഹുലിന്റെ പ്രസംഗം സന്‍സദ് ടി.വി പൂര്‍ണമായും സംപ്രേഷണം ചെയ്തില്ലെന്ന് കോണ്‍ഗ്രസ് ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രസംഗം വെട്ടിമാറ്റിയ പുതിയ വിവാദം.
ലോക്‌സഭയില്‍ കേന്ദ്രമന്ത്രിസഭക്കെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. ബി.ജെ.പിയുടെ രാഷ്ട്രീയം മണിപ്പൂരിനെ രണ്ടു കഷണമാക്കുകയും അവിടെ ഇന്ത്യയെത്തന്നെ കൊന്നു കളയുകയും ചെയ്‌തെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ''മോദി സര്‍ക്കാര്‍ വഞ്ചകരാണ്. അവര്‍ ദേശീയവാദികളല്ല. അവരുടെ രാഷ്ട്രീയം മണിപ്പൂരിനെ കൊന്നു. അവിടെ ഭാരതമാതാവിനെത്തന്നെ കൊന്നു'' രാഹുല്‍ പറഞ്ഞു.
''ജനശബ്ദം കേള്‍ക്കാത്ത പ്രധാനമന്ത്രിക്ക് ദുരഹങ്കാരമാണ്. ഹനുമാനല്ല ലങ്കക്ക് തീ കൊളുത്തിയത്. രാവണന്റെ ദുരഹങ്കാരത്തിലാണ് ലങ്ക എരിഞ്ഞത്. രാമനല്ല രാവണനെ കൊന്നത്. രാവണ നിഗ്രഹത്തിന് ദുരഹങ്കാരമാണ് കാരണം.''രാഹുല്‍ തുടര്‍ന്നു.
മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് ഒറ്റ ദിവസം മതി. പക്ഷേ, സൈന്യത്തിന്റെ സേവനം സര്‍ക്കാര്‍ ഉപയോഗപ്പെടുത്തുന്നില്ല. മണിപ്പൂരില്‍ പോകാന്‍ പോലും പ്രധാനമന്ത്രി കൂട്ടാക്കുന്നില്ല. അഹന്തയും പകയും അത്യാഗ്രഹവും മാറ്റിവെച്ചാല്‍ ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കും. ബി.ജെ.പിക്ക് അതിന് സാധിക്കുന്നില്ല. മോദിയുടെ ജയിലുകളില്‍ പോകാന്‍ ഞാന്‍ തയാര്‍ രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇന്ന് വൈകീട്ട് നാലിന് പ്രധാനമന്ത്രി അവിശ്വാസപ്രമേയ ചര്‍ച്ചക്ക് മറുപടി പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."