ലൈബ്രറികളിലും കണ്ണുവച്ച് കേന്ദ്രം
'ഒരു സംസ്‌കാരത്തെ നിഷ്‌കാസനം ചെയ്യാന്‍ പുസ്തകങ്ങള്‍ കത്തിക്കേണ്ടതില്ല, അവ വായിക്കുന്നതില്‍നിന്ന് ആളുകളെ പിന്തിരിപ്പിച്ചാല്‍ മതി എന്നുപറഞ്ഞത് അമേരിക്കന്‍ എഴുത്തുകാരന്‍ റേ ബ്രാഡ്ബറിയാണ്. പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ റേ ബ്രാഡ്ബറിയുടെ വാക്കുകള്‍ ഏറെ പ്രസക്തമാണ്. സാംസ്‌കാരിക വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്ത് ഏകശിലാരൂപമുള്ള വരേണ്യസങ്കല്‍പ്പങ്ങളെ പുനഃസ്ഥാപിക്കാന്‍ സംഘ്പരിവാര്‍ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ലൈബ്രറികളെ മുഴുവന്‍ കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറുന്നതോടെ വായനശാലകളില്‍ സംസ്ഥാനങ്ങൾക്ക് ഉണ്ടായിരുന്ന ഇടപെടല്‍ സ്വാതന്ത്ര്യം നഷ്ടമാവുകയും കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ മാത്രം നടപ്പാവുകയും ചെയ്യും. ദിവസങ്ങള്‍ക്കുമുമ്പ് ഡല്‍ഹിയില്‍ രാജ്യത്തെ വായനാശാലാ പ്രതിനിധികള്‍ പങ്കെടുത്ത 'ഫെസ്റ്റിവല്‍ ഓഫ് ലൈബ്രറീസ്' എന്ന ചടങ്ങിലാണ് ഈയൊരു നീക്കത്തിന് തുടക്കമായത്. പാര്‍ലമെന്റില്‍ ഇതിനായി പ്രത്യേക ബില്‍ അവതരിപ്പിക്കാനും നീക്കമുണ്ട്.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സംസ്ഥാന പട്ടികയിലാണ് ലൈബ്രറികള്‍. സംസ്ഥാനത്തിനൊപ്പം കേന്ദ്രത്തിനുകൂടി അധികാരം വരുന്ന കണ്‍കറന്റ് ലിസ്റ്റിലേക്ക് മാറ്റുന്നതോടെ ലൈബ്രറികളുടെ കടിഞ്ഞാണ്‍ വൈകാതെ കേന്ദ്രത്തിന്റെ കൈയിലാവും. രാജാറാം മോഹൻ റായ് ലൈബ്രറി ഫൗണ്ടേഷന്റെ ഡയരക്ടര്‍ ജനറല്‍ പ്രൊഫ. അജയ്പ്രതാപ് സിങ് ആണ് കേന്ദ്ര നീക്കം ലൈബ്രറി പ്രതിനിധികളെ അറിയിച്ചത്. 'ഒരു രാഷ്ട്രം ഒരു ഡിജിറ്റല്‍ ലൈബ്രറി' എന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഒരു കേന്ദ്രത്തിലിരുന്ന് രാജ്യത്തെ മുഴുവന്‍ ഗ്രന്ഥാലയങ്ങളെയും നിയന്ത്രിക്കുന്നതിനൊപ്പം കാവിവത്കരണം കൂടിയാണ് ലക്ഷ്യമെന്ന് വ്യക്തം.
രജിസ്റ്റര്‍ ചെയ്ത 46746 ലൈബ്രറികളാണ് രാജ്യത്തുള്ളത്. വിപുലമായ ഈ ലൈബ്രറി ശൃംഖലകളിലൂടെ സംഘ്പരിവാറിന്റെ വര്‍ഗീയ അജൻഡ പ്രചരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്‍.സി.ഇ.ആര്‍.ടിയുടേത് ഉള്‍പ്പെടെയുള്ള പാഠപുസ്തകങ്ങളില്‍ നിന്ന് രാജ്യത്തിന്റെ ചരിത്രവൈവിധ്യങ്ങളെ വെട്ടിമാറ്റി ആര്‍.എസ്.എസിന് അനുഗുണമായ വ്യാജങ്ങള്‍ തിരുകിക്കയറ്റുന്നതിന്റെ തുടര്‍ച്ചയാണ് ലൈബ്രറികളിലേക്കുമുള്ള കടന്നുകയറ്റം.
പാഠപുസ്തകങ്ങളില്‍നിന്ന് മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്റുവിനെയും അബുൽകലാം ആസാദിനെയും വെട്ടിമാറ്റുകയും മുഗള്‍കാലഘട്ടത്തെ വക്രീകരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്, ലൈബ്രറികള്‍ വഴിയും വര്‍ഗീയത വിപണനം ചെയ്യാന്‍ വലിയ പ്രയാസമുണ്ടാവില്ല. ഗീതാപ്രസ് പോലുള്ള സംഘ്പരിവാര്‍ പ്രസിദ്ധീകരണശാലകളുടെ പുസ്തകങ്ങളും ആര്‍.എസ്.എസ് അനുകൂല പ്രസിദ്ധീകരണങ്ങളും കൊണ്ട് നമ്മുടെ ലൈബ്രറികള്‍ വിഷലിപ്തമാകാന്‍ മോദി സര്‍ക്കാരിന് അധികകാലം വേണ്ടിവരില്ല. അതോടെ ഭാഷാവൈവിധ്യവും ചരിത്രാവബോധവും ശാസ്ത്രീയാന്വേഷണങ്ങളും വേറിട്ട ചിന്തകളും മിന്നലാട്ടം നടത്തുന്ന അമൂല്യങ്ങളായ കോടിക്കണക്കിന് പുസ്തകങ്ങള്‍ നമ്മുടെ ലൈബ്രറികളില്‍നിന്ന് കണ്ടുകെട്ടപ്പെടുമെന്ന് തീര്‍ച്ച. ഈ സ്ഥിതി ഏറെ ഭീതിജനകമായിരിക്കും എന്ന് പറയാതെ വയ്യ.
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനുകീഴിലുള്ള രാജാറാം മോഹൻ റായ് ലൈബ്രറി ഫൗണ്ടേഷനാണ് രാജ്യത്തെ ലൈബ്രറികള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത്. ലൈബ്രറികള്‍ക്ക് കെട്ടിടമുണ്ടാക്കാന്‍ 25 ലക്ഷം രൂപവരെ നല്‍കും. പുസ്തകങ്ങള്‍, ഫര്‍ണിച്ചറുകള്‍, കംപ്യൂട്ടറുകള്‍ എന്നിവ വാങ്ങാനും സെമിനാറുകള്‍, മറ്റ് സാംസ്‌കാരിക പരിപാടികള്‍ എന്നിവ നടത്താനുമെല്ലാം ഫണ്ട് നല്‍കുന്നുണ്ട്. സാധാരണനിലയ്ക്ക് ഇത്തരം ഇടപെടലില്‍ അസ്വാഭാവികതയില്ലെങ്കിലും പുതിയ നീക്കം കാണുമ്പോള്‍ അത്ര ശുദ്ധമല്ല കേന്ദ്രത്തിന്റെ സഹായമനസ് എന്ന സംശയം സ്വാഭാവികം.
ലൈബ്രറികളുടെ നവീകരണത്തോടൊപ്പം ഇന്ത്യയുടെ പൗരാണിക സംസ്‌കൃതി ലോകത്തിനു പരിചയപ്പെടുത്തുക കൂടിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്രം പറയുമ്പോള്‍ ആ വാക്കുകളിലെ ദുസ്സൂചന നമ്മള്‍ കാണാതിരുന്നുകൂടാ. ഗീതാപ്രസ് പോലുള്ള പ്രസാധകരുടെ പുസ്തകങ്ങള്‍ കൂടുതല്‍ വാങ്ങണമെന്ന് ലൈബ്രറികളോട് മുമ്പ് ആവശ്യപ്പെട്ടത് ഇതിനോട് ചേർത്തുവായിക്കാവുന്നതാണ്.
രാജ്യത്ത് ഏറ്റവുമധികം ലൈബ്രറികളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ലൈബ്രറി കൗണ്‍സിലിനു കീഴില്‍ 9515 ലൈബ്രറികളുണ്ട് കേരളത്തില്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും ലൈബ്രറികള്‍ കൂടി ഉള്‍പ്പെടുമ്പോള്‍ എണ്ണം പതിനാലായിരത്തിനു മുകളിലാവും. മുഹമ്മദ് അബ്ദുറഹ്മാനും ഇ.എം.എസും പി.എന്‍ പണിക്കരും മറ്റും മുന്‍കൈയെടുത്തതിന്റെ ഫലമാണ് കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്നുകാണുന്ന ലൈബ്രറികള്‍. പുസ്തകവിതരണ കേന്ദ്രങ്ങള്‍ എന്നതിലുപരി ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന ഇടങ്ങളാണ് ലൈബ്രറികള്‍.
കേരളത്തിന്റെ സാംസ്‌കാരിക സ്വത്വം രൂപപ്പെടുത്തുന്നതിലും നമ്മുടെ ലൈബ്രറികള്‍ വലിയ പങ്കാണ് വഹിക്കുന്നത്.
നവസാങ്കേതികവിദ്യകള്‍ പുതുതലമുറയെ ലൈബ്രറികളില്‍നിന്ന് അകറ്റുന്നു എന്ന് വിലപിക്കുമ്പോഴും വേരറ്റുപോകാത്ത വായനാനുഭവങ്ങളിലേക്ക് കുട്ടികളെ ചേര്‍ത്തുനിര്‍ത്തുന്നത് ഇവിടുത്തെ വായനശാലകള്‍ തന്നെ. ഇത്തരത്തില്‍ എഴുത്തിനെയും വായനയേയും ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു തലമുറ ഇപ്പോഴും രാജ്യത്തുണ്ട്. ഏറെ ഭിന്നമാണ് അവരുടെ വായനാഭിരുചികള്‍.
കവിതയെ പ്രണയിക്കുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ നെടുങ്കന്‍ ലേഖനസമാഹാരമോ നോവലുകളോ ദഹിക്കണമെന്നില്ല. അത്തരം വായാനാനുഭവങ്ങള്‍ തന്നെയാണ് ഒരാളുടെ രാഷ്ട്രീയത്തെയും നിലപാടുകളെയും രൂപപ്പെടുത്തുന്നത്. എന്നാല്‍ തങ്ങള്‍ പറയുന്നതും പ്രസിദ്ധീകരിക്കുന്നതുംമാത്രം വായിച്ചാല്‍മതിയെന്ന് കല്‍പ്പിക്കുക വഴി ഫാസിസത്തിന് അരിയിട്ടുവാഴ്ച നടത്തുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. അതിനെതിരേ രാജ്യത്തെ ജനാധിപത്യവിശ്വാസികൾ ശബ്ദമുയർത്തിയേ മതിയാവൂ.
Content Highlights:editorial about aug 11 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."