പുതുപ്പള്ളിയില്‍ തട്ടിപ്പിന്റെ കട തുടങ്ങി; ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ വിവാദവും പ്രചാരണായുധമാക്കി സി.പി.എം
പുതുപ്പള്ളിയില്‍ തട്ടിപ്പിന്റെ കട തുടങ്ങി; ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ വിവാദവും പ്രചാരണായുധമാക്കി സി.പി.എം
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ചികിത്സാവിവാദം ചര്‍ച്ചയാക്കാനൊരുങ്ങി സി.പി.എം. ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതില്‍ കേരള സര്‍ക്കാരിന് പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാര്‍. അതിന്റെ സാഹചര്യം ഒരുക്കിയതില്‍ ഉത്തരവാദിത്തത്തില്‍ വി.ഡി.സതീശനും പങ്കുണ്ടെന്നും അനില്‍ കുമാര്‍ എഫ് ബി പോസ്റ്റില്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടിയുടെ മരണശേഷം വി.ഡി. സതീശന്‍ അദ്ദേഹത്തോടുള്ള മുന്‍ നിലപാട് മാറ്റിയെന്നും പുണ്യാവാളനായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭം
വരെയുണ്ടായെന്നും അനില്‍കുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിശ്വാസത്തെയും പള്ളിയെയും ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്. പുതുപ്പള്ളിയെ അയോധ്യയാക്കരുതെന്നും അനില്‍കുമാർ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
'പുതുപ്പള്ളിയില്‍ തട്ടിപ്പിന്റെ കടയാണ് ഇവര്‍ ആരംഭിച്ചിട്ടുള്ളത്. പ്രതിപക്ഷ നേതാവ് കണ്ണീരൊഴുക്കി കൊണ്ട് പുതുപ്പള്ളിയില്‍ വരുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ഇടപെടേണ്ടി വന്നത് എന്തുകൊണ്ട് എന്നതിനു വിശദീകരണം നല്‍കണം. ഉമ്മന്‍ ചാണ്ടിയുടെ കുടുംബം അക്കാര്യത്തില്‍ സ്വീകരിച്ച നിഷേധാത്മകമായ നിലപാടു സംബന്ധിച്ച് കുടുംബത്തിലുള്ളവര്‍ തന്നെ മുന്‍പു പ്രതികരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കേണ്ടത്. അതില്‍ അന്നു തന്നെ അഭിപ്രായവ്യത്യാസം ഉയര്‍ത്തിയവര്‍ ഇന്നു പുതുപ്പള്ളിയില്‍ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം യുഡിഎഫ് മറന്നു പോകരുത്.'- ഇതിന് പിന്നാലെ അനില്‍കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
അനില്‍കുമാറിന്റെ ഫേസ്ബുക്ക്‌പോസ്റ്റ്:
വി.ഡി.സതീശന്റെ പുണ്യവാള രാഷ്ട്രീയത്തിനു മറുപടിയില്ലേ?
ബഹു:പ്രതിപക്ഷ നേതാവേ,
അങ്ങേയ്ക്ക് ഒരു തുറന്ന കത്ത് അയച്ചിരുന്നു. ആദരണീയനായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിനു ശേഷം താങ്കള്‍ അദ്ദേഹത്തോടുള്ള മുന്‍ നിലപാട് മാറ്റുന്നതായി കണ്ടു.
ഉമ്മന്‍ ചാണ്ടിയെ പുണ്യവാളനായി പ്രഖ്യാപിക്കാന്‍ മത നേതൃത്വത്തോട് എറണാകുളത്തെ അനുശോചന യോഗത്തില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ വിശ്വാസത്തെ ദുരുപയോഗിക്കരുതെന്ന് അങ്ങേയ്ക്കും അറിയുമല്ലോ. തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് കേസിന്റെ വിധിയില്‍ കേസ് പ്രഥമദൃഷ്ട്യാ നിലനില്ക്കുമെന്നു ബഹു: കേരള ഹൈക്കോടതിയുടെ ഒരു വിധി നിലവിലുണ്ട്.
യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനോട് ഒരു മാധ്യമം പ്രതികരണമാവശ്യപ്പെട്ടപ്പോള്‍ ''നിങ്ങള്‍ പള്ളിയിലേക്ക് വരൂ, അവിടെ മറ്റു ചാനലുകള്‍ എത്തിയിട്ടുണ്ട്, ഒരുമിച്ച് പ്രതികരിക്കാം' എന്നു ചാണ്ടി ഉമ്മന്‍ മറുപടി പറയുന്നത് കണ്ടു. ആരാധനാലയത്തെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയാക്കാന്‍ ചാണ്ടി ഉമ്മന്‍ ഒരു മാധ്യമത്തെ പള്ളിയിലേക്കു ക്ഷണിച്ചത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. താങ്കളുടെ പുണ്യവാള രാഷ്ട്രീയത്തിന്റെ വഴിയില്‍ സ്ഥാനാര്‍ത്ഥി സഞ്ചരിച്ചത് അദ്ദേഹത്തിനു തിരഞ്ഞെടുപ്പില്‍ അയോഗ്യത നല്‍കിക്കഴിഞ്ഞു.
അതിനാല്‍ രണ്ടാമതും ഒരു കത്തു കൂടി അയയ്ക്കുന്നു.
താങ്കള്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള 'സ്‌നേഹം'' ഈ നാട് എപ്പോഴും കണ്ടറിഞ്ഞതാണ്. ബഹുമാനപ്പെട്ട ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ ഉറപ്പു വരുത്തുന്നതില്‍ കേരള സര്‍ക്കാരിനു പ്രത്യേക ഇടപെടല്‍ നടത്തേണ്ടി വന്നുവല്ലോ. അതിന്റെ സാഹചര്യം ഒരുക്കിയതില്‍ ഉത്തരവാദിത്തം താങ്കള്‍ കൂടി പങ്കിടേണ്ടതല്ലേ. പുണ്യവാള രാഷ്ട്രീയം താങ്കളുടെ അതിജീവനത്തിനാണെങ്കിലും ആരാധനാലയങ്ങളെ തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് ബിജെപിക്ക് സഹായകരമാണെന്ന വസ്തുത മറക്കരുത്. അതിനാല്‍ വീണ്ടും പറയെട്ടെ. പുതുപ്പള്ളിയെ അയോദ്ധ്യയാക്കരുത്.
അഡ്വ. കെ.അനില്‍കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."