പുതുപ്പള്ളിയിൽ മൂന്നാം അങ്കത്തിന് ജെയ്ക് സി. തോമസ്; ഔദ്യോഗിക പ്രഖ്യാപനം നാളെ
പുതുപ്പള്ളിയിൽ മൂന്നാം അങ്കത്തിന് ജെയ്ക് സി. തോമസ്; ഔദ്യോഗിക പ്രഖ്യാപനം നാളെ
തിരുവനന്തപുരം: പുതുപ്പള്ളി നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി. തോമസ് എൽഡിഎഫ് സ്ഥാനാർഥിയാകും. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ജെയ്ക്കിന്റെ പേര് അംഗീകരിച്ചത്. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. സി.പി.എം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നല്‍കിയ ഒരേ ഒരു പേര് ജെയ്ക്കിന്റേതായിരുന്നു. ഇത് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിക്കുകയായിരുന്നു. നാളെ ജില്ലാ കമ്മറ്റി ചേർന്ന ശേഷം കോട്ടയത്ത് വെച്ചായിരിക്കും സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
പുതുപ്പള്ളിയിൽ മൂന്നാം തവണയാണ് ജെയ്ക് സി. തോമസ് മത്സരിക്കുന്നത്. രണ്ട് തവണ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക് സി. തോമസിന്‍റെ പേര് തന്നെയായിരുന്നു തുടക്കം മുതല്‍ മുന്‍ഗണനയില്‍ ഉണ്ടായിരുന്നത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക്, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ജെയ്ക്, എസ്.എഫ്.ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അടുത്ത മാസം അഞ്ചാം തീയതിയാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 17നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 18ന് സൂക്ഷമ പരിശോധന. 21ന് പത്രികകള്‍ പിൻവലിക്കാനുളള സമയം അവസാനിക്കും. സെപ്റ്റംബർ എട്ടിന് വോട്ടണ്ണൽ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."