ഇനി കൈ എത്തും ദൂരത്ത്; യുഎഇയിൽ പാസ്‌പോര്‍ട്ട്, വിസ, അറസ്‌റ്റേഷന്‍ സേവനങ്ങൾ ഏകീകരിക്കുന്നു
ഇനി കൈ എത്തും ദൂരത്ത്; യുഎഇയിൽ പാസ്‌പോര്‍ട്ട്, വിസ, അറസ്‌റ്റേഷന്‍ സേവനങ്ങൾ ഏകീകരിക്കുന്നു
ദുബൈ: യുഎഇയിലുള്ള ഇന്ത്യന്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ട്, വിസ, അറസ്‌റ്റേഷന്‍ സേവനങ്ങൾ ഒരു ഏജൻസിക്ക് കീഴിലാക്കാനുള്ള ശ്രമമാരംഭിച്ച് ഇന്ത്യൻ എംബസി. സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലുമാക്കി ഏകീകരിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യൻ എംബസിയുടെ ശ്രമം. നിലവിൽ രണ്ട് ഏജൻസികളിലായാണ് പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ഇത് ഒന്നിച്ച് ഒരു ഏജൻസിയാക്കും. ഇതിനായി പുതിയ ഏജൻസിയുടെ കരാർ ക്ഷണിച്ചു. 2024 ജനുവരി ഒന്ന് മുതലാകും പുതിയ മാറ്റം നടപ്പിൽവരിക. എല്ലാ എമിറേറ്റ്‌സിലും ഇന്ത്യന്‍ കോണ്‍സുലര്‍ അപ്ലിക്കേഷൻ സെന്റര്‍ (ഐ.സി.എ.സി) എന്ന പേരിലാകും പുതിയ സര്‍വീസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.
കോണ്‍സുലര്‍ സേവനങ്ങള്‍ നവീകരിക്കാനാണ് ഇന്ത്യൻ എംബസിയുടെ തീരുമാനം. പാസ്‌പോര്‍ട്ട്, ഇന്ത്യന്‍ വിസ, അറസ്‌റ്റേഷന്‍ തുടങ്ങിയ കോണ്‍സുലര്‍ സേവനങ്ങള്‍ ഏകീകരിക്കാനാണ് തീരുമാനം. നിലവില്‍ പാസ്‌പോര്‍ട്ട്, വിസ അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കുന്നത് ബിഎല്‍എസ് ഇന്റര്‍നാഷണലും അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ചെയ്യുന്നത് ഐവിഎസ് ഗ്ലോബലുമാണ്. ഇവരുമായുള്ള കരാർ അവസാനിക്കുന സാഹചര്യത്തിൽകൂടിയാണ് ഇനി ഒരു ഏജൻസിയിലേക്ക് എല്ലാം ഏകീകരിക്കുന്നത്.
അബുദാബിയിലെ ഇന്ത്യന്‍ എംബസിയാണ് കരാര്‍ ക്ഷണിച്ചത്. അബുദാബിയിലെ എംബസിയും ദുബൈയിലെ കോണ്‍സുലേറ്റും ചെയ്യുന്ന സേവനങ്ങളും കരാര്‍ ലഭിക്കുന്ന ഏജന്‍സിയാകും ചെയ്യുക. അതിവേഗത്തിലും സുതാര്യതയിലും പ്രവാസികൾക്ക് സേവനങ്ങള്‍ ഉറപ്പാക്കണം. അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറക്കണം, കാര്യക്ഷമത വർധിപ്പിക്കണം തുടങ്ങിയ നിബന്ധനകളാണ് ഏജൻസി മുൻപാകെ എംബസി വെക്കുന്ന നിബന്ധന.
ഐ.സി.എ.സി സെന്ററുകൾ വരുന്നതോടെ പ്രവാസികൾക്ക് കാര്യങ്ങൾ ഇനി എളുപ്പത്തിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. എല്ലാ എമിറേറ്റിലും വരുന്നത് പ്രവാസികൾക്ക് സമയ ലാഭം നൽകും. പ്രവാസികൾക്ക് പെട്ടെന്ന് എത്താൻ പറ്റുന്ന സ്ഥലത്താകും കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ഒരു പ്രവൃത്തി ദിവസം 1600 സേവനങ്ങളാണ് പുതിയ കേന്ദ്രം വഴി ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."