ജില്ലാ ലീഗ് കമ്മിറ്റിയിലെ ഒഴിവ്; പുതിയ ഭാരവാഹികളെ ഇന്നു പ്രഖ്യാപിക്കും
കോഴിക്കോട്: ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയിലെ ഒഴിവുവന്ന സ്ഥാനത്തേക്കുള്ള പുതിയ ഭാരവാഹികളെ തീരുമാനിച്ചു. നിലവിലെ ജോയിന്റ് സെക്രട്ടറിയായ എന്‍.സി അബൂബക്കറിനു ജില്ലാ ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കും. ഒ.സി മുഹമ്മദ് കോയയുടെ നിര്യാണത്തോടെ ഒഴിവുവന്ന വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്ററെയാണ് തീരുമാനിച്ചിരിക്കുന്നത്. മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ ജില്ലാ യു.ഡി.എഫ് കണ്‍വീറാകും. കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി പൂര്‍ണമായും മാറ്റിയും തിരുവമ്പാടി മണ്ഡലം കമ്മിറ്റിയെ മാറ്റങ്ങളൊന്നുമില്ലാതെ നിലിനിര്‍ത്തിയുമാണ് പുനഃസംഘടന നടത്തിയിട്ടുള്ളത്. പുതിയ കമ്മിറ്റികളെ ഇന്നു സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കും.
കൊടുവള്ളി മണ്ഡലത്തില്‍ പി.ഡി അബ്ദുറഹ്മാന്‍ പ്രസിഡന്റും, അഡ്വ. വേളാട്ട് അഹമ്മദ് മാസ്റ്റര്‍ ജനറല്‍ സെക്രട്ടറിയും പി.സി അഹമ്മദ് ഹാജി ട്രഷററുമായുള്ള കമ്മിറ്റിയാണ് നിലവില്‍ വരിക. സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, കെ.പി മുഹമ്മദന്‍സ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും. അഷ്‌റഫ് മാസ്റ്റര്‍ താമരശ്ശേരി, വി. ഇല്യാസ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. കമ്മിറ്റി പുനഃസംഘടനയുമായി ബന്ധപ്പെട്ട അന്തിമമായ യോഗം ഇന്നലെയാണ് പാണക്കാട്ട് നടന്നത്. ജില്ലാ മണ്ഡലം കമ്മിറ്റിയിലെ മാറ്റങ്ങള്‍ ഇന്നു സംസ്ഥാന കമ്മിറ്റി പ്രഖ്യാപിക്കുമെന്ന് ജില്ലാ ലീഗ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല സുപ്രഭാതത്തോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് തിരുവമ്പാടി, കൊടുവള്ളി മണ്ഡലം കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കണമെന്നായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ രണ്ടു മണ്ഡലങ്ങളിലേയും പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും ഭാരവാഹികളുമായും സംസ്ഥാന കമ്മിയുടെ പ്രതിനിധിസംഘം ചര്‍ച്ച നടത്തിയിരുന്നു. തിരുവമ്പാടിയില്‍ നിലിവിലെ കമ്മിറ്റിയിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി പാര്‍ട്ടി പുനഃസംഘടിപ്പിക്കാനും ആലോചനയുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ കമ്മിറ്റിയിലുള്ളവര്‍ക്കു സ്ഥാനക്കയറ്റം നല്‍കരുതെന്ന് പറഞ്ഞ് മണ്ഡലം കമ്മിറ്റിയിലെ 25 പേര്‍ ഒപ്പിട്ട നിവേദനം കഴിഞ്ഞ ദിവസം പാണക്കാട് നടന്ന സെക്രട്ടേറിയറ്റില്‍ എത്തിയിരുന്നു. ഇതുകൂടി അടിസ്ഥാനമാക്കിയാണ് നിലവിലെ കമ്മിറ്റി തന്നെ തുടരാന്‍ തീരുമാനിച്ചതെന്നാണ് വിവരം.
പുതിയ ജില്ലാ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തുന്നതിന്റെ ഭാഗമായി മാസങ്ങള്‍ക്ക് മുന്‍പ് അഖിലേന്ത്യാ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും കോഴിക്കോട്ട് ലീഗ് ഹൗസില്‍ ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങളുമായി കൂടിയാലോചന നടത്തിയിരുന്നു. വി.എം ഉമ്മര്‍ മാസ്റ്ററോ എം.എ റസാഖ് മാസ്റ്ററോ ജനറല്‍ സെക്രട്ടറിയായി വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഈ രണ്ടുപേരേയും ജനറല്‍ സെക്രട്ടറിയാക്കാതെ ജോയിന്റ് സെക്രട്ടറിക്കു ജനറല്‍ സെക്രട്ടറിയുടെ ചുമതല നല്‍കുകയായിരുന്നു. നിലവില്‍ ജെ.ഡി.യുവിനാണ് ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം. ഈ സ്ഥാനം ലീഗിനു നല്‍കുന്നതിനു പകരമായി വയനാട് ജില്ലയുടെയും മറ്റൊരു ജില്ലയുടെയും ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ജെ.ഡി.യുവിന് നല്‍കാനും ധാരണായിയിട്ടുണ്ട്.
ജില്ലാ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴികെയുള്ള എല്ലാ സ്ഥാനവും പാര്‍ട്ടി മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതിയ കമ്മിറ്റി വരുന്നതു വരെ ഉണ്ടാവുകയുള്ളൂ. ഒക്ടോബര്‍ മാസത്തോടെ മെമ്പര്‍ഷിപ്പ് കാംപയിന്‍ ആരംഭിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ മാറും. കഴിഞ്ഞ ആറുമാസമായി കൊടുവള്ളി, തിരുമ്പാടി മണ്ഡങ്ങളില്‍ കമ്മിറ്റിയില്ലാത്തത് ഇവിടെയുള്ള പാര്‍ട്ടി സംവിധാനത്തെ കാര്യമായി തന്നെ ബാധിച്ചിരുന്നു. പുതിയ കമ്മിറ്റി വരുന്നതെടെ ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. എന്നാല്‍ കൊടുവള്ളിയില്‍ കമ്മിറ്റിയെ മാറ്റിയും തിരുവമ്പാടിയില്‍ നിലിവിലെ കമ്മിറ്റിയെ തന്നെ നിലനിര്‍ത്തുകയും ചെയ്തത് പ്രതിഷേധത്തിന് ഇടയാക്കുമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."