പ്രചാരണത്തിനായി മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തും; ജെയ്ക്ക് സി തോമസ് 17ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
പ്രചാരണത്തിനായി മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തും
തിരുവനന്തപുരം: പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് 17ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും പുതുപ്പള്ളിയില്‍ പ്രചാരണത്തിനിറങ്ങും. രണ്ട് ഘട്ടങ്ങളിലായാണ് മുഖ്യമന്ത്രി പ്രചാരണത്തിനെത്തുക. തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നിര്‍വ്വഹിക്കും.
2016 ലും 2021 ലും ഉമ്മന്‍ചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച ജെയ്ക്ക് ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ എതിരാളിയാകും. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക്ക നിലവില്‍ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്രകമ്മിറ്റിയിലും ഉണ്ട്. മണര്‍കാട് സ്വദേശിയായ ജെയ്ക് സി തോമസിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തല്‍.
അതേസമയം പുതുപ്പള്ളിയില്‍ രാഷ്ട്രീയം പറഞ്ഞുതന്നെ വോട്ടു പിടിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വിലയിരുത്തല്‍ തന്നെയാകും ഈ തെരഞ്ഞെടുപ്പിന്റേയും ഫലം. തൃക്കാക്കരയില്‍ കണ്ടത് പുതുപ്പള്ളിയിലും ആവര്‍ത്തിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. 'പ്രധാനപ്പെട്ട ആളുകളെ പോയി കാണുന്നുണ്ട്. ചര്‍ച്ചകളും യോഗങ്ങളുമൊക്കെയായി മുന്നോട്ട് പോകുന്നു. അപ്പയുടെ മരണാനന്തര ചടങ്ങുകള്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിനിടെ പ്രചാരണം ചെറിയ ബുദ്ധിമുട്ടാണ്. പക്ഷേ അപ്പ പ്രവര്‍ത്തിച്ചത് പാര്‍ട്ടിക്ക് വേണ്ടിയാണ്. അത് നിര്‍വഹിക്കാന്‍ എനിക്കും കടമയുണ്ട്' ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."