HOME
DETAILS

ഭാഷ അടിച്ചേൽപ്പിക്കൽ ദുരന്തപാഠമായി മുന്നിലുണ്ട് ലങ്ക

  
backup
August 11 2023 | 18:08 PM

todays-article-about-hindi-imperialism

റജിമോൻ കുട്ടപ്പൻ

ജൂലൈ മുപ്പത്തിയൊന്നിന് ഒരു വാഹനാപകട കേസിൽ വിധി പറയവേ സുപ്രിംകോടതി ജസ്റ്റിസ് ദീപാങ്കർ ദത്തയിൽനിന്ന് തെറ്റായ പരാമർശമുണ്ടായി. ഹിന്ദി ദേശീയ ഭാഷയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഉത്തരവിങ്ങനെയാണ്; 'ഇന്ത്യയോളം വൈവിധ്യമുള്ള രാജ്യത്തിൽ ജനങ്ങൾ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നു എന്നത് വാസ്തവമാണ്. ഇവിടെ ഏകദേശം 22 ഔദ്യോഗിക ഭാഷകളുണ്ട്. എന്നാൽ, ഹിന്ദി ദേശീയ ഭാഷയായിരിക്കെ ഹരജിക്കാരന്റെ സാക്ഷികൾ ഉത്തർപ്രദേശ്, ഫത്തഹ്ഗഢിലെ വാഹനാപകട ട്രൈബ്യൂണലിനു മുമ്പാകെ അവരുടെ ഭാഗം ഹിന്ദിയിൽ വിശദമാക്കണ'മെന്നായിരുന്നു വിധിയിൽ പറഞ്ഞത്.

എന്നാൽ, ഭരണഘടനാപ്രകാരം ഇന്ത്യക്ക് ദേശീയഭാഷയില്ല. അതേസമയം, ഭരണഘടനയുടെ എട്ടാം പട്ടിക പ്രകാരം ഇരുപത്തിരണ്ടു ഭാഷകൾക്ക് ഔദ്യോഗിക ഭാഷാപദവിയുണ്ട്. 1950ലാണ് അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, കശ്മിരി, മലയാളം, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉർദു തുടങ്ങി പതിനാലോളം ഭാഷകളെ ഭരണഘടന പ്രകാരം അംഗീകരിച്ചത്. പിന്നീട് ഈ പട്ടിക മൂന്നുതവണ പരിഷ്‌കരിച്ച് വിവിധ ഭാഷകളെ ഉൾപ്പെടുത്തി ഇരുപത്തിരണ്ട് ഭാഷകൾക്ക് ഭരണഘടന അംഗീകാരം ലഭിച്ചു. ഈ സവിശേഷ സ്ഥിതി നിലനിൽക്കെ, സുപ്രിംകോടതി ജസ്റ്റിസിന്റെ തെറ്റായ പരാമർശം ആരെയും ചൊടിപ്പിച്ചില്ല എന്നത് അത്ഭുതകരമാണ്.


ഹിന്ദി ദേശീയ ഭാഷയല്ല, ഇന്ത്യക്ക് ദേശീയ ഭാഷയുമില്ല. ഭരണഘടനാ അനുച്ഛേദം 343(1) പ്രകാരം ദേവനാഗരി ലിപിയിലെഴുതുന്ന ഹിന്ദിയും ഇംഗ്ലീഷുമാണ് രാജ്യത്തെ ഔദ്യോഗിക ഭാഷകൾ. അഥവാ ദേശീയ ഭാഷയും ഔദ്യോഗിക ഭാഷയും തമ്മിൽ വലിയ അന്തരമുണ്ട്. രാജ്യത്തിന്റെ സമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ് ദേശീയ ഭാഷ. എന്നാൽ ഔദ്യോഗിക ഭാഷയ്ക്ക് കൂടുതൽ ബന്ധം ഭരണകൂടത്തിനോടും അതിന്റെ പ്രവർത്തനങ്ങളോടുമാണ്. അഥവാ, ഔദ്യോഗിക ഭാഷ എന്നാൽ ഒരു രാജ്യത്തെ ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു എന്നതിനേക്കാൾ അവിടുത്തെ ഭരണകൂട വ്യവഹാരങ്ങളിലെ ഭാഷ എന്നാണ് അർഥം.

അതേസമയം, ദേശീയ ഭാഷ എന്നാൽ ഒരു രാജ്യത്തെ വലിയൊരു വിഭാഗം സംസാരിക്കുന്നതായിരിക്കണം. അതൊരുപക്ഷേ ഔദ്യോഗിക ഭാഷയാവുകയോ ആവാതിരിക്കുകയോ ചെയ്യാം.ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും ഹിന്ദി സംസാരിക്കുന്നുവെന്നും അതിനാൽ ഹിന്ദിയെ ദേശീയ ഭാഷയാക്കണമെന്നും ഉത്തരേന്ത്യയിൽ ഹിന്ദി മാതൃഭാഷയായുള്ള സംസ്ഥാനങ്ങളും വലതുപക്ഷ പാർലമെന്റേറിയൻമാരും നിരന്തരം ഉന്നയിക്കുന്ന വാദമാണ്. എന്നാൽ 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ 43.63 ശതമാനം ജനങ്ങൾക്ക് മാത്രമാണ് ഹിന്ദി മാതൃഭാഷയാവുന്നത്.

മറ്റൊരർഥത്തിൽ പറഞ്ഞാൽ, 57 ശതമാനത്തോളം ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരല്ല. 8.03 ശതമാനം പേർ സംസാരിക്കുന്ന ബംഗാളി ഭാഷയാണ് ഈ കണക്കിൽ രണ്ടാം സ്ഥാനത്തുള്ളത്. ഭരണഘടനാംഗീകാരമുള്ള 22 ഭാഷകളിൽ പതിമൂന്നു ഭാഷകളും കുറഞ്ഞത് ഒരു ശതമാനം വരുന്ന ജനസമൂഹത്തിന്റെ മാതൃഭാഷകളാണ്. കൂടാതെ, ഹിന്ദിയിൽനിന്ന് വളരെ വ്യത്യസ്തമായതും എന്നാൽ ഹിന്ദിയുടെ മേൽവിലാസത്തിനു കീഴിൽ വരുന്ന അൻപത്തി മൂന്നോളം പ്രാദേശിക ഭാഷകളുണ്ട്. ഇവയോരോന്നും ലക്ഷക്കണക്കിനാളുകൾ സംസാരിക്കുന്നുണ്ട്.

ഹിന്ദിയുടെ കീഴിൽ വരുന്ന പ്രാദേശിക ഭാഷകളെ മാറ്റിനിർത്തി ഹിന്ദി സംസാരിക്കുന്ന ആളുകളുടെ കണക്കെടുമ്പോൾ 27 ശതമാനം പേർ മാത്രമേ ഹിന്ദി സംസാരിക്കുന്നുവരായുള്ളൂ. ഇതിനർഥം കണക്കുകളുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ പോലും ഹിന്ദിക്ക് ഇന്ത്യയുടെ ദേശീയ ഭാഷയാവൻ സാധിക്കില്ല.
എന്നാൽ ഒാഗസ്റ്റ് നാലിന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് എതിർപ്പുകളൊന്നും കൂടാതെ ഹിന്ദിയെ ദേശീയഭാഷയായി അംഗീകരിക്കണം എന്നാണ്.

എന്നാൽ അമിത് ഷായുടെ ഈ പ്രസ്താവന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പ്രകോപിതനാക്കി. അമിത് ഷായുടെ ആവശ്യം ധിക്കാരപൂർവമുള്ള സമ്മർദമാണെന്നാണ് സ്റ്റാലിന്റെ നിരീക്ഷണം. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരേയുള്ള പ്രതിഷേധങ്ങളിൽനിന്ന് പാഠമുൾക്കൊള്ളണമെന്നും അല്ലാതെ 1965ലെ പ്രതിഷേധ ജ്വാല വീണ്ടും കൊളുത്താൻ ശ്രമിക്കരുതെന്നും സ്റ്റാലിൻ കേന്ദ്രഭരണകൂടത്തോട് പ്രതികരിച്ചു.


തമിഴ്‌നാടിനു ഹിന്ദിയോടുള്ള പ്രതികൂല മനോഭാവത്തിനു 1937 മുതലുള്ള ചരിത്രമുണ്ട്. 1930ന്റെ അവസാനങ്ങളിൽ സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് മദ്രാസ് പ്രസിഡൻസിയിലെ സ്‌കൂളുകളിൽ ഹിന്ദി പാഠ്യവിഷയമാക്കാൻ ശ്രമിച്ചപ്പോഴായിരുന്നു വൻ പ്രതിഷേധങ്ങൾ നടന്നത്. ഇ.വി രാമസാമിയുടെ നേതൃത്വത്തിലുള്ള ജസ്റ്റിസ് പാർട്ടിയാണ് ഈ പ്രതിഷേധത്തിനു നേതൃത്വം നൽകിയത്. ഏകദേശം മൂന്നു വർഷത്തോളം ഇതു നീണ്ടുനിന്നു. രണ്ടുപേർ മരണപ്പെടുകയും ആയിരത്തോളം പേർ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

എന്നാൽ, ജർമനിക്കെതിരേയുള്ള ബ്രിട്ടന്റെ യുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കുന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സർക്കാർ രാജിവച്ചു. അടുത്ത വർഷത്തോടെ ഹിന്ദി പഠിപ്പിക്കണമെന്ന ഉത്തരവ് ബ്രിട്ടിഷ് സർക്കാർ പിൻവലിക്കുകയും ചെയ്തു. ഹിന്ദി വിരുദ്ധ പ്രതിഷേധം പിന്നെ നടക്കുന്നത് 1946-1950 കാലഘട്ടങ്ങളിലാണ്. സ്‌കൂളിൽ ഹിന്ദി പാഠ്യവിഷയമാക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ഈ പ്രതിഷേധം. ഇതു പിന്നീട് പരിഹരിച്ചത് ഹിന്ദിയെ ഐച്ഛിക വിഷയമാക്കിക്കൊണ്ടാണ്. തമിഴ്‌നാട്ടിലെ കല്ലകുടി എന്ന സ്ഥലം ഡാൽമിയാപുരം എന്നാക്കുന്നതിനെതിരേ 1953ൽ ഡി.എം.കെ പ്രതിഷേധം നടത്തിയിരുന്നു. 1959ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പാർലമെന്റിൽ ഒരു ഉറപ്പു നൽകി.

ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഇംഗ്ലീഷ് എത്രകാലം ഔദ്യോഗിക ഭാഷയായി തുടരാമെന്നത് ആ സംസ്ഥാനത്തിനു തീരുമാനിക്കാമെന്നും രാജ്യത്തുടനീളം ഇംഗ്ലീഷും ഹിന്ദിയും ഭരണഭാഷയായി തുടരും എന്നുമായിരുന്നു ആ ഉറപ്പ്.


1963ൽ ഔദ്യോഗിക ഭാഷാ നിയമം പാസായതിനെതിരേ നടന്ന പ്രതിഷേധം ആരംഭിച്ചത് അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ വിഭാഗമായിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി എ.ഡി.എം.കെ പ്രവർത്തകൻ ചിന്നസാമി തൃച്ചിയിൽവച്ച് തീകൊളുത്തി ആത്മാഹുതി വരിച്ചു. കേന്ദ്രസർക്കാർ ജോലികൾക്ക് ഹിന്ദി പരിജ്ഞാനം മാനദണ്ഡമാക്കുമോ എന്ന ആശങ്കമൂലം വിദ്യാർഥികളെ ഒരുമിച്ചു കൂട്ടി വൻ പ്രതിഷേധങ്ങൾ ഡി.എം.കെയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. ഇതിൽ ഭയപ്പെട്ട കോൺഗ്രസ് മുഖ്യമന്ത്രി ഭക്തവചലം ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നിങ്ങനെ ത്രിഭാഷാ സമവാക്യം പരിചയപ്പെടുത്തി.

ഹിന്ദി മാത്രം ഔദ്യോഗിക ഭാഷയാവുന്നതിനെതിരേ മാറ്റൊരു പ്രതിഷേധം കൂടി 1965ൽ തമിഴ്നാട്ടിൽ നടന്നു. 1965 ജനുവരി 25 വിലാപദിനമായി ആചരിക്കാൻ സി.എൻ അണ്ണാദുരൈ ആവശ്യപ്പെട്ടു. മധുരയിൽ കോൺഗ്രസ് പ്രവർത്തകരും ഹിന്ദിവിരുദ്ധ പ്രക്ഷോഭകരും ഏറ്റുമുട്ടുകയും കലാപവും തീവയ്പ്പും നടന്നു. പൊലിസിനെ ഉപയോഗിച്ച് പ്രതിഷേധത്തെ വളരെ ക്രൂരമായി അടിച്ചമർത്തുകയും ഏകദേശം എഴുപതോളം പേർ കൊല്ലപ്പെടുകയും ചെയ്തു. പ്രതിഷേധത്തിന്റെ അലകൾ അങ്ങ് കേന്ദ്രഭരണകൂടത്തിലും എത്തി. പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മന്ത്രിസഭയിൽനിന്ന് രണ്ട് മന്ത്രിമാർ- സി. സുബ്രഹ്മണ്യവും ഒ.വി അളകേശനും രാജിവച്ചു.

രാജി സ്വീകരിച്ച ശാസ്ത്രി ഇത് രാഷ്ട്രപതി എസ്. രാധാകൃഷ്ണന് അയക്കുകയും അദ്ദേഹം രാജി സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. കൂടാതെ, ഈ വിഷയം കൂടുതൽ വഷളാക്കരുതെന്നും ഉപദേശിച്ചു. അതോടെ ശാസ്ത്രിയും ജവഹർലാൽ നെഹ്റുവിന്റെ ഉറപ്പിന്മേലേക്കുതന്നെ എത്തി.


ഏതെങ്കിലും തമിഴനോട് ഹിന്ദിയുടെ ചരിത്രത്തെക്കുറിച്ച് ചോദിച്ചാൽ ഹിന്ദി പ്രായം കുറഞ്ഞ ഭാഷയാണെന്നും തമിഴ് ഏറ്റവും പഴക്കമുള്ള പൗരാണിക ഭാഷയാണെന്നുമുള്ള മറുപടിയായിരിക്കും ലഭിക്കുക. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഏകേശം 66 മില്യൻ ആളുകൾ തമിഴ് സംസാരിക്കുന്നവരാണ്.

ഏകദേശം 2500 വർഷം പഴക്കമുള്ള, ബി.സി.ഇ അഞ്ചാം നൂറ്റാണ്ടിൽനിന്നു ലഭിച്ച ലിഖിതങ്ങളാണ് തമിഴ് ഭാഷയുടെ കണ്ടുകിട്ടിയതിൽ ഏറ്റവും പഴക്കമുള്ള രൂപം. എന്നാൽ മറ്റനേകം ആധുനിക ഇന്ത്യൻ ഭാഷകളെപ്പോലെ ഹിന്ദിയുടെ ഉത്ഭവം പന്ത്രണ്ടാം നൂറ്റാണ്ടിലാണ്. ഈ സമയത്തുതന്നെയാണ് ആധുനിക ഭാഷകളായ മറാത്തി, ബംഗള, ആവാധി, ബ്രജ് തുടങ്ങിയവയുടെ ലിഖിത രൂപങ്ങളും ഉണ്ടാകുന്നത്. ഡൽഹിയിലെ പ്രാദേശിക വകഭേദമായ ഹിന്ദിക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടുമില്ല. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ആമിർ ഖുസ്രുവിന്റെ എഴുത്തുകളിൽ പോലും വളരെ പരിചിതമായൊരു ഭാഷയെ നമുക്ക് കണ്ടെത്താനാവും.


ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയാണെന്ന ആശയത്തിന്റെ വേരുകൾ ആരംഭിക്കുന്നത് ഹിന്ദുത്വ ദേശീയവാദി വി.ഡി സവർക്കറുടെ എഴുത്തുകളിൽ നിന്നാണ്. ആർ.എസ്.എസ് ആചാര്യനായ ഇദ്ദേഹമാണ് ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന മുദ്രാവാക്യം ആദ്യം ഉയർത്തുന്നത്. ദേശീയതയെ ഭാഷയും മതവുമായി ബന്ധപ്പെടുത്തിയ ആ മുദ്രാവാക്യം ഇന്നും വലതുപക്ഷ ഹിന്ദുത്വ സംഘടനകൾക്ക് പ്രിയങ്കരമാണ്. ഇന്ത്യയിൽ എഴുന്നൂറോളം ഭാഷകളുണ്ട്. എന്നാൽ ഹിന്ദുത്വ വലതുപക്ഷത്തിന്റെ നേത്വത്തിലുള്ള ഭരണകൂടം ഹിന്ദി എന്ന ഭാഷയെ ഈ വൈവിധ്യ രാഷ്ട്രത്തിനുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്.

എന്നാൽ ഭാഷകൾ അടിച്ചേൽപ്പിക്കുന്നതിലൂടെ ചരിത്രം നൽകിയ ചില പാഠങ്ങൾ മുമ്പിലുണ്ട്. സിംഹള ദേശീയവാദികൾ സിംഹള ഭാഷ തമിഴ് ന്യൂനപക്ഷത്തിനുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതാണ് ശ്രീലങ്കയെ വർഷങ്ങൾ നീണ്ട ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിട്ടത്. പാകിസ്താനിൽ ബംഗാളി ഭാഷയെ അടിച്ചമർത്തിയതാണ് കിഴക്കൻ പാകിസ്താനെ 1971ലെ യുദ്ധത്തിലേക്കും ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ രൂപീകരണത്തിലേക്കും കൊണ്ടെത്തിച്ചത്. അഥവാ, ഹിന്ദിയെ ഇന്ത്യയിലെ എല്ലാവരിലും അടിച്ചേൽപ്പിക്കുന്നത് രാജ്യത്തെ തകർക്കുമെന്നത് തീർച്ച.

Content Highlights:Today's Article About Hindi imperialism



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ 10 വിക്കറ്റ് വീഴ്ത്തി അൻഷുൽ കംബോജ്

Kerala
  •  a month ago
No Image

'ബി.ജെ.പി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറി, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു: സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

യു.പിയില്‍ മെഡി.കോളജില്‍ തീപിടിത്തം; 10 നവജാത ശിശുക്കള്‍ വെന്തുമരിച്ചു, 16 കുഞ്ഞുങ്ങള്‍ക്ക് പൊള്ളലേറ്റു

National
  •  a month ago
No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  a month ago
No Image

സി.പി.എമ്മിലേക്കല്ല, സന്ദീപ് വാര്യര്‍ എത്തിയത് കോണ്‍ഗ്രസില്‍; സുധാകരനും സതീശനും ചേര്‍ന്ന് സ്വീകരിച്ചു

Kerala
  •  a month ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  a month ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  a month ago