സമൂലമാറ്റവും സംഘ്പരിവാറിന്റെ സാംസ്കാരിക ദേശീയതാവാദവും
അഡ്വ. വി.ആർ. അനൂപ്
കഴിഞ്ഞ ദിവസം അതിനാടകീയവും അത്ഭുതകരവുമായ ഒരു അവതരണത്തിലൂടെയാണ് ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യത്തെ പുതിയ ക്രിമിനൽ നിയമങ്ങളെപ്പറ്റി പാർലമെന്റിൽ പ്രഖ്യാപനം നടത്തിയത്. അതുവരെ അധികം പാർലമെന്റ് അംഗങ്ങൾക്ക് പോലും അറിയാത്ത കാര്യം പൊടുന്നനെ അജൻഡയിൽ ഉൾപ്പെടുത്തുകയായിരുന്നു. അത് കേവലം യാദൃശ്ചികമെല്ലെന്ന് അമിത് ഷായുടേയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റേയും ചരിത്രം അറിയുന്ന ആർക്കും എളുപ്പത്തിൽ മനസിലാക്കാവുന്നതേയുള്ളൂ. ഇന്ത്യൻ പീനൽ കോഡും ക്രിമിനൽ പ്രൊസീഡിയർ കോഡും എവിഡൻസ് ആക്റ്റും ആണ് യഥാക്രമം ഭാരതീയ ന്യായ സംഹിതയും ഭാരതീയ നാഗരിക സുരക്ഷാ സംഹിതയും ഭാരതീയ സാക്ഷ്യ ബില്ലും ആയി രൂപം മാറുന്നത്.
ഇതിനെ കേവലം പേരുമാറ്റമായി കാണാനാവില്ലെന്ന് പറയാൻ കാരണം സംഘ്പരിവാർ ഭരണകൂടങ്ങൾ കേന്ദ്രത്തിലും സംസ്ഥാനത്തിലുമായി രാജ്യത്തുടനീളം നടത്തിയിട്ടുള്ള പേരുമാറ്റങ്ങളുടെ സുദീർഘമായ ചരിത്രം നമ്മുക്ക് മുന്നിലുള്ളത് കൊണ്ടുതന്നെയാണ്. മുഗൾ-മുസ്ലിം ഭരണകാലത്തെ നിരവധി നഗരങ്ങളുടെ പുനർ നാമകരണത്തിലൂടെ അക്കാലത്തെ സാംസ്കാരിക മുദ്രണങ്ങളുടെ സമ്പൂർണ തമസ്കരണമാണ് സംഘ്പരിവാർ ഉദ്ദേശിച്ചതെങ്കിൽ നെഹ്റുവിയൻ ഭാവനയായ പ്ലാനിങ് കമ്മിഷനെ നീതി ആയോഗ് ആക്കി അവതരിപ്പിച്ചവരുടെ ഉദ്ദേശം ആ ആശയമണ്ഡലത്തിന്റെ അനിവാര്യമായ തിരോധാനം തന്നെയാണ്. ആ അർഥത്തിൽ "കോഡിൽ" നിന്നും "സംഹിത"യിലേക്കുള്ള സംഘ്പരിവാർ പദ്ധതി വിലയിരുത്തപ്പെടേണ്ടതുണ്ട്.
അടുത്തകാലത്താണ് "അത്രി സംഹിത" ഉദ്ധരിച്ച് കൊണ്ട് ഒരു ന്യായാധിപൻ പ്രശസ്തമായ കേസിൽ വിധിന്യായം പുറപ്പെടുവിച്ചത്. സമീപകാലത്ത് പലസന്ദർഭങ്ങളിലും നിയമത്തിനും ചട്ടങ്ങൾക്കും മുകളിൽ ഹിന്ദു ധർമശാസ്ത്ര ഗ്രന്ഥങ്ങൾക്ക് വിധിന്യായങ്ങളിൽ മുൻഗണന കിട്ടുന്ന അപകടകരമായ അവസ്ഥയെക്കുറിച്ച് പ്രഗൽഭരായ പല ജൂറിസ്റ്റുകളും ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഇത്തരം മതശാസനകൾ മതനിരപേക്ഷമാണ് എന്നാണ് ചില ന്യായാധിപൻമാർ ഉൾപ്പെടെയുള്ളവരുടെ മറുവാദം. ഹിന്ദു ധർമശാസ്ത്രങ്ങൾ ഏതെങ്കിലും മതവിശ്വാസത്തിന്റെ ഭാഗമല്ലെന്നും ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും മത ഭേദമന്യേ പിന്തുടരേണ്ട നിർബന്ധിത ജീവിതചര്യയാണെന്നും തന്നെയാണ് സംഘ്പരിവാറിന്റെ സാംസ്കാരിക ദേശീയ വാദവും പറയുന്നത്.
അതിനാൽ തന്നെയാണ് ഹിന്ദുധർമശാസ്ത്ര ഗ്രന്ഥസൂചകമായ "സംഹിത" പേരിൽ അടിച്ചേൽപ്പിക്കുന്ന പരിഷ്കാരം നിഷ്കളങ്കമല്ലാതാവുന്നത്.
ഈസാഹചര്യത്തിൽ തന്നെയാണ് ഇന്ത്യൻ പീനൽ കോഡ് അടക്കമുള്ളവ അവതരിപ്പിക്കപ്പെട്ട ചരിത്രസാഹചര്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ പ്രസക്തമാവുന്നത്. കുറ്റവും ശിക്ഷയും അതിന്റെ കാഠിന്യവും ജാതി-മതപരിഗണനകൾക്ക് അനുസരിച്ച് വ്യത്യസ്തമായി കണക്കാക്കപ്പെടുകയും അതേ വ്യത്യസ്തയോട് കൂടി പരിചരിക്കപ്പെടുകയും ചെയ്തിരുന്ന ഒരു സാമൂഹിക പരിസരത്തിൽ പുതിയ പൗരത്വ നിർമിതി സാധ്യമാക്കി, എല്ലാ പരിമിതികളും ഉള്ളപ്പോൾ തന്നെ പുതിയ കോഡ് ബില്ലുകൾ ഉദയം ചെയ്തതെന്ന് കാണാതിരുന്ന് കൂടാ.
എന്ന സങ്കൽപം തന്നെ അന്യമായിരുന്ന ഒരു പരിസരത്തെ തന്നെ റൂൾ ഓഫ് ലോ പോലുള്ള പാശ്ചാത്യ സങ്കൽപനങ്ങൾ പുതുക്കിപ്പണിയുകയായിരുന്നുവെന്ന യാഥാർഥ്യത്തെ ബോധപൂർവം മറന്നുകൊണ്ടാണ് പുതിയ മാറ്റത്തെ കൊളോണിയൽ കാലത്തെ വിടുതലായി അമിത് ഷാ തന്നെ വിശേഷിപ്പിക്കുന്നത്. അതേസമയം, കൊളോണിയൽ കാലങ്ങളുടെ ശേഷിപ്പായി പലതവണ കോടതികൾ വിശേഷിപ്പിച്ചിട്ടുള്ള രാജ്യദ്രോഹനിയമങ്ങളുടെ കാര്യത്തിൽ പുനർചിന്തനം ഉണ്ടായിട്ടില്ലാ എന്നുമാത്രമല്ല, അത് പുതിയ നിയമത്തിൽ കൂടുതൽ ശക്തമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൊളോണിയൽ ഹാങ് ഒാവറിനെ മറികടക്കുന്ന നിയമമെന്ന് മന്ത്രി തന്നെ വിശേഷിപ്പിക്കുമ്പോഴും നിയമനിർമാണത്തിലെ ഹിന്ദുത്വ ഹാങ് ഓവർ കൂടുതൽ വ്യക്തമാവുന്നു എന്നതാണ് സത്യം.
എന്നാൽ, ഏകീകൃത സിവിൽ കോഡിന് വേണ്ടി ശബ്ദമുയർത്തുന്ന പുരോഗമനവാദികളിൽ പലരും ക്രിമിനൽ കോഡുകളുടെ പേരുമാറ്റത്തെപ്പറ്റി പ്രതികരിക്കാൻ പോലും തയാറായിട്ടില്ലാ എന്നത് ചിന്തോദ്ദീപകമാണ്. വ്യക്തികൾ തമ്മിലുള്ള വിവാഹം, സ്വത്ത് പിന്തുടർച്ച എന്നീ കാര്യങ്ങളിൽ വിശ്വാസപരവും സാംസ്കാരികവുമായ വ്യത്യസ്തതകളുടെ അടിസ്ഥാനത്തിലാണ് വ്യത്യസ്ത സിവിൽ കോഡുകൾ അനുവദിക്കപ്പെട്ടതെങ്കിൽ സ്റ്റേറ്റും പൗരനും നേർക്കുനേർ വ്യവഹരിക്കുന്ന ക്രിമിനൽ നടപടി ക്രമങ്ങൾ സംഹിതകളായി അവതരിപ്പക്കപ്പെടുത്തുന്നത് സംഘ്പരിവാറിന്റെ ചരിത്രം മുന്നിലുണ്ടായിട്ടും അധികം ആരേയും ഭയപ്പെടുത്തുന്നില്ലാ എന്നതാണ് ഏറ്റവും ഭീതിതസാഹചര്യം.
ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി എന്നത് സംഘ്പരിവാറിന്റെ സൈദ്ധാന്തികാചാര്യൻമാർക്ക് എക്കാലത്തും പ്രിയപ്പെട്ട ഒരാശയമായിരുന്നുവെന്ന് എല്ലാവർക്കും അറിയാം.പാർലമെന്റ് പുതുക്കിപ്പണിതവരുടെ അടുത്ത ആഗ്രഹം ഭരണഘടന പുതുക്കാൻ തന്നെയാണ്. അതിലേക്കുള്ള നാന്ദിയായി തന്നെ വേണം പുതിയ നിയമ പരിഷ്കാരങ്ങളെ കാണാൻ
Content Highlights:Today's Article aug 13 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."