എന്തിന് ഭാരത ധരേ കരയുന്നു?
'എന്തിന് ഭാരത ധരേ കരയുന്നു; പാരതന്ത്ര്യം നിനക്ക് വിധി കൽപിതമാണ് തായേ' എന്നതിലേക്കാണ് നമ്മൾതന്നെ ഈ രാജ്യത്തെ കൊണ്ടുപോവുന്നത്. സ്വാതന്ത്ര്യത്തിൻ്റെ മറ്റൊരു വാർഷികം ആഘോഷിക്കുമ്പോഴും മതവും ജാതിയും പള്ളിയും അമ്പലവും പറഞ്ഞ് നമ്മളിപ്പോഴും പാരതന്ത്ര്യത്തെ താലോലിക്കുകയാണ്. സർക്കാരും കോടതികളും കരുതിക്കൂട്ടിയും അല്ലാതെയും രാജ്യത്തെ കൊളോണിയൽ കാലത്തേക്ക് തിരിച്ചുവിടുകയാണ്. ഇന്നലെ ബാബരിയാണെങ്കിൽ ഇന്ന് ജ്ഞാൻവാപി. ജീവനില്ലാത്ത ഈ വസ്തുക്കൾക്ക് അറിയുമോ വിവാദങ്ങൾക്ക് പിന്നിലെ രാഷ്ട്രീയ വ്യാമോഹങ്ങൾ? അതിനു ശക്തിപകരാൻ ഭരണകൂടവും. ബ്രിട്ടിഷ് ഭരണകാലത്ത് എത്രയോ കലാപങ്ങൾ നടന്നു. നിരവധി പേർ മരണം പുൽകി. എന്നാൽ സ്വാതന്ത്ര്യം കിട്ടിയിട്ടും നമുക്ക് നേരം വെളുത്തിട്ടില്ല. അല്ല; നമുക്ക് സ്വാതന്ത്ര്യം കിട്ടിയോ? ബ്രിട്ടിഷ് ചൂഷകർക്ക് പകരം ഇന്ത്യൻ ചൂഷകരെ പ്രതിഷ്ഠിച്ചതിനാണ് നാം സ്വാതന്ത്ര്യമെന്ന് പറഞ്ഞുവന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ച് അത്രയേ വിവരമുണ്ടായിരുന്നുള്ളൂ. ബ്രിട്ടിഷ് കാലത്ത് സ്വത്ത് ബ്രിട്ടിഷുകാർ കവർന്നുപോയെങ്കിൽ ഇപ്പോൾ നമ്മുടെ ആളുകൾതന്നെ കവരുകയാണ്. ഇതിനെയാണ് നാം സ്വാതന്ത്ര്യം എന്ന് വിളിച്ചത്.
പഴയതൊക്കെ മറക്കാം. പള്ളികളും അമ്പലങ്ങളും പൊളിച്ചതും ജാതി-മതാന്ധർ തമ്മിൽ സംഘർഷമുണ്ടാക്കിയതും മറക്കാം എന്ന് തീരുമാനിച്ചാണ് സ്വാതന്ത്ര്യത്തെ പുണർന്നത്. പള്ളിയായാലും അമ്പലമായാലും 1947ലെ സ്ഥിതി നിലനിർത്തണമെന്ന നിയമവും ഉണ്ടാക്കി. എന്നിട്ടെന്തായി? കള്ളക്കഥകൾ മെനഞ്ഞ് പാരതന്ത്ര്യത്തിലേക്ക് തിരിച്ചുപോവുന്നു. പഴയ തർക്കങ്ങളൊക്കെ പൊടി തട്ടി തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. ജാതിവ്യവസ്ഥയും മനുസ്മൃതിയും കൂടി തിരിച്ചുവന്നാൽ എല്ലാം കുശാലായി. കോരന് കഞ്ഞി കുമ്പിളിൽ തന്നെയാവും. ഡൽഹിയെ അഗ്‌നിക്കിരയാക്കിയവർ, മണിപ്പൂരിനെ ചാരമാക്കുന്നു. ഹരിയാനയിൽ മുസ്‌ലിംകൾക്കുനേരെ ബുൾഡോസർ രാജ്. നമ്മളിപ്പോഴും ഇന്ത്യക്കാരായിട്ടില്ല. പരസ്പരം കടിച്ചുകീറുന്ന നമുക്ക് ഇനി എന്നാണൊരു സ്വാതന്ത്ര്യം ലഭിക്കുക? അമൃതോത്സവം ആഘോഷിച്ചത് എന്തിനായിരുന്നു? ഈ രാജ്യം മതവെറിയൻമാരുടെ നാടായി മാറി.
സാമ്രാജ്യത്വകാലത്ത് അമ്പലങ്ങളും പള്ളികളും തകർക്കപ്പെട്ടിട്ടുണ്ട്. എതിരാളികളുടെ കോട്ടകളും ക്ഷേത്രങ്ങളും തകർക്കുക സാമ്രാജ്യത്വ യുദ്ധങ്ങളുടെ ഭാഗമായിരുന്നു. തകർക്കുന്നിടത്ത് ജയിക്കുന്ന വിഭാഗം അവരുടെ ആരാധനാലയങ്ങൾ പണിയുകയും ചെയ്യും. അല്ലാതെ ഇത് മുഗളൻമാരുടെ വകയല്ല. പള്ളികളും ക്ഷേത്രങ്ങളും യുദ്ധവേളയിൽ തകർക്കപ്പെട്ടിട്ടുണ്ട്. ശത്രുവിന്റെ പ്രതാപത്തിന്റെ ചിഹ്‌നങ്ങളായതിനാലാണ് ഇവ തകർക്കപ്പെട്ടത്. ഇതുപോലെ ശത്രുവിന്റെ കോട്ട കൊത്തളങ്ങളും ഇടിച്ചു നിരപ്പാക്കുമായിരുന്നു. ശത്രുരാജ്യത്തെ ജനങ്ങളെ കൊല്ലുകയും കൊള്ള ചെയ്യുകയും ചെയ്യുമായിരുന്നു. ഇതിനെയൊന്നും മതപരമായി വ്യാഖ്യാനിക്കേണ്ട ഒരു കാര്യവുമില്ല. മുഗൾ സൈന്യത്തിൽ വലിയൊരു പങ്ക് ഹിന്ദുക്കളായ രജപുത്രൻമാരാണെന്നതുകൂടി ഓർക്കണം. അതിനാൽ ക്ഷേത്രം തകർക്കുന്നതിലോ തകർത്തിടത്ത് പള്ളി പണിയുന്നതിലോ തങ്ങളുടെ ചക്രവർത്തിയുടെ പ്രൗഢി എന്നതിലുപരി മതപരമായ ഒരു പ്രാധാന്യവും ഈ തമസ്‌കരണത്തിന് അവർ നൽകിയിട്ടില്ല. ക്ഷേത്രങ്ങളിൽ സാധാരണക്കാർക്ക് പ്രവേശനം വിലക്കിയ കാലമാണത്. ഇതേ ചക്രവർത്തിമാർ തന്നെ തങ്ങളുടെ അധീന പ്രദേശങ്ങളിൽ ക്ഷേത്രങ്ങളെയും ബ്രാഹ്മണരെയും സംരക്ഷിക്കുകയും ക്ഷേത്ര നടത്തിപ്പിന് ഗ്രാന്റ് നൽകുകയും ചെയ്തിരുന്നു. അമ്പതുവർഷം ഇന്ത്യ ഭരിച്ച ഒൗറംഗസേബ് ചക്രവർത്തി ഇതിന് ഏറ്റവും നല്ല മാതൃകയാണ്. പള്ളികൾ നിർമിച്ചതിനേക്കാളധികം ക്ഷേത്രങ്ങൾക്ക് അദ്ദേഹം ഗ്രാന്റ ്നൽകി. പൗരാണിക ക്ഷേത്രങ്ങൾ സംരക്ഷിക്കാനേർപ്പാട് ചെയ്തു.
വിജയ നഗര രാജാവ് അഹ്മദ് നഗർ അക്രമിച്ചപ്പോൾ അവിടെയുള്ള പള്ളികൾ നശിപ്പിച്ചു. പള്ളിയുടെ മുറ്റത്ത് നൃത്തം സംഘടിപ്പിക്കുകയും ചെയ്തു. മുഗളരുമായി യുദ്ധം ചെയ്തപ്പോൾ രജപുത്രരും മറാത്തക്കാരും ജാട്ടുകളും പള്ളികൾ തകർത്ത് ക്ഷേത്രം പണിതിരുന്നു. മുഗളരോടുള്ള രോഷം തീർക്കാൻ സമീന്ദാർമാരും റായിമാരും പള്ളികളും മക്തബ(മദ്റസ)കളും തകർത്തു. ഇതേക്കുറിച്ച് ചരിത്രകാരൻ ഹർബൻസ് മുഖിയ വിവരിക്കുന്നുണ്ട്. ഹുമയൂണും ഷേർഷയും തമ്മിൽ വഴക്കിട്ട കാലത്ത് കലാപത്തിനു വന്ന സമീന്ദാർമാർ പല പള്ളികളും പൊളിച്ച് അവിടെ ക്ഷേത്രങ്ങൾ നിർമിച്ചു. അധികാരത്തിൽ വന്ന ഷേർഷ ഇവർക്കെതിരേ ശക്തമായ നടപടിയെടുത്തു. അക്ബറുടെ കാലത്ത് പലയിടത്തും ഹിന്ദുക്കൾ പള്ളി പൊളിച്ച് ക്ഷേത്രം പണിത കാര്യം ശൈഖ് അഹ്മദ് സർഹിന്ദി പറയുന്നു. പഞ്ചാബ് പ്രവിശ്യയിൽ പള്ളികൾ പിടിച്ചെടുത്ത് സ്വന്തമാക്കിയ ബ്രാഹ്മണരിൽനിന്ന് ഷാജഹാൻ ചക്രവർത്തി അവ തിരിച്ചുവാങ്ങി.
1658-59 കാലത്ത് ഒൗറംഗസേബിന്റെ ഏറ്റവും ഉയർന്ന പദവിയുള്ള രജപുത്രനായ ജസ്‌വന്ത് സിങ് ജോധ്പൂരിൽ പല പള്ളികളും പൊളിച്ച് ക്ഷേത്രം പണിതു. ജാട്ടുകൾ കലാപമുണ്ടാക്കിയ കാലത്ത് അവധിലും മഥുരയിലും ഒൗറംഗസേബ് ചില ക്ഷേത്രങ്ങൾ തകർത്തത് അവ യുദ്ധ കേന്ദ്രമാക്കിയതിനാലാണ്. ജാട്ടുകൾ സെക്കന്ദറാബാദിലെ അക്ബറുടെ ശവകുടീരം വരെ പൊളിച്ചുനീക്കി. ഡക്കാനിലെ ഗവർണർ പണം അപഹരിച്ച് അത് ഒരിടത്ത് കുഴിച്ചുമൂടി, അതിന്റെ മുകളിൽ പള്ളി പണിതു. വിവരമറിഞ്ഞ ഒൗറംഗസേബ് ആ പള്ളി പൊളിച്ച് പണം പുറത്തെടുക്കാൻ പറഞ്ഞു. ബ്രിട്ടിഷ് ഭരണകാലത്ത് പല പള്ളികളും സൈനിക ക്യംപുകളായി ഉപയോഗിച്ചു. ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ഡൽഹിയിലെ ജുമാ മസ്ജിദ് പൊളിച്ചു നീക്കാനായിരുന്നു ബ്രിട്ടിഷ് പ്ലാൻ. അത് പിന്നീട് വേണ്ടെന്നുവച്ചു. ഏറെ വർഷങ്ങൾ ജുമാമസ്ജിദ് സൈനിക ക്യാംപാക്കി മാറ്റി. ഇങ്ങനെയുള്ള സംഭവങ്ങൾ ചരിത്രത്തിൽ എമ്പാടും കാണും. സാമ്രാജ്യത്വ കാലത്തെ സംഭവങ്ങൾ വർത്തമാനത്തിലേക്ക് നീട്ടിവലിച്ചു ഹിന്ദുത്വ ശക്തികൾ രാജ്യത്ത് അരാജകത്വം വിതയ്ക്കുകയാണ്. ഇവർക്ക് സ്വാതന്ത്ര്യത്തോട് ഒരു മമതയുമില്ല. കാരണം ഇവർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ല.
അരനൂറ്റാണ്ട് ഇന്ത്യയുടെ ഭരണം കൈയാളിയ ഒൗറംഗസേബിനെ എഴുതിത്തള്ളാനാണ് എന്നും ദേശീയ ചരിത്രം ശ്രമിച്ചത്. ഒൗറംഗസേബ് ഭരണത്തിൽ മതം പ്രശ്‌നമാക്കിയിട്ടേ ഇല്ല. കഴിവുള്ളവരെയാണ് അതത് ജോലികൾക്ക് നിയമിക്കുക. അക്കാര്യത്തിൽ മതം നോക്കേണ്ടതില്ല എന്നാണ് ചക്രവർത്തി പറഞ്ഞത്. തന്റെ കണക്കപ്പിള്ളമാർ അധികവും ബ്രാഹ്മണരോ മുസ്‌ലിമേതരരോ ആണ്. സൈനിക രംഗം രജപുത്രരാണ് കൈകാര്യം ചെയ്തത്. ഏറ്റവും കൂടുതൽ രജപുത്രരെ സൈനിക സേവനത്തിന് നിയോഗിച്ച മുഗൾ ചക്രവർത്തിയും ഒൗറംഗസേബുതന്നെ. അദ്ദേഹം ക്ഷേത്രങ്ങൾക്കും മഠങ്ങൾക്കും സംരക്ഷണം നൽകിയതിനും ഗ്രാന്റ് നൽകിയതിനും രേഖകൾ നിരവധിയാണ് (േജർണൽ ഓഫ് ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ, 1911,689).
ജ്ഞാൻവാപി മസ്ജിദിനടുത്തുള്ള ക്ഷേത്രം അക്ബർ ചക്രവർത്തിയുടെ അനുഗ്രഹം വാങ്ങി മന്ത്രി രാജാ ടോഡർ മാൾ നിർമിച്ചതാണ്. അത് തകർന്നുകിടക്കുകയായിരുന്നു. പലയിടത്തും ക്ഷേത്രങ്ങൾ ജീർണിച്ചുപോയിട്ടുണ്ട്. അവയൊക്കെ ഏതെങ്കിലും മുഗൾ ചക്രവർത്തിയുടെ പേരിൽ ചരിത്രകാരൻമാർ വച്ചുകെട്ടുകയും ചെയ്യും. ഈ ക്ഷേത്രത്തിന്റെ സമീപമാണ് ജ്ഞാൻവാപി മസ്ജിദ് പണിതത്. ഇങ്ങനെ ക്ഷേത്രങ്ങൾക്കു സമീപം പള്ളിയും തിരിച്ചും പലയിടത്തുമുണ്ട്. സൗഹൃദത്തിൽ കഴിയുന്ന ജനങ്ങൾക്ക് അതൊരു പ്രശ്‌നമായിട്ടില്ല.
1937ൽ തന്നെ അന്നത്തെ അലഹബാദ് ഹൈക്കോടതി ജ്ഞാവാപി പള്ളി മുസ്‌ലിംകൾക്കാണെന്ന് വിധിച്ചതാണ്. സ്വാതന്ത്ര്യം കിട്ടിയ 1947 ഒാഗസ്റ്റ് 15ന് ആരാധനാലയങ്ങൾ എങ്ങനെയണോ അതേ പടി നിലനിർത്താനാണ് കേന്ദ്ര സർക്കാർ നേരത്തെ തീരുമാനിച്ചത്. 1991ൽ നരസിംഹ റാവു സർക്കാർ പ്രത്യേക നിയമത്തിലൂടെ മേൽ നിയമം ഊട്ടിയുറപ്പിച്ചു. 2019ൽ ഈ നിയമം സുപ്രിംകോടതിയിലെ അഞ്ചംഗ ബെഞ്ച് ഒന്നുകൂടി ആവർത്തിക്കുകയും കഴിഞ്ഞ കാല സംഭവങ്ങൾ വച്ചുകൊണ്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ഭംഗമുണ്ടാക്കുന്ന വിധം ആരും പ്രവർത്തിക്കരുതെന്ന് അടിവരയിടുകയും ചെയ്തു. ഈ നിയമങ്ങളെല്ലാം അവഗണിച്ച് ബാബരി പള്ളി വെട്ടിപ്പൊളിച്ച് അവിടെ രാമക്ഷേത്രം പണിതു. മറ്റൊരു പള്ളിയുടെ മേലും അവകാശവാദം സ്ഥാപിക്കില്ല എന്ന് ഹിന്ദു സംഘടനകൾ പറഞ്ഞെങ്കിലും ഇപ്പോൾ ജ്ഞാൻവാപി പള്ളിയുടെ മേൽ അവകാശം ഉന്നയിച്ചിരിക്കുന്നു. ഇവരെ സഹായിക്കുംവിധമാണ് ഭരണകൂടങ്ങളും നീതിപീഠങ്ങളും പ്രവർത്തിക്കുന്നത്. സ്ഥിതി ഇതാണെങ്കിൽ പാരതന്ത്ര്യം തന്നെയാണ് രാജ്യത്തിന്റെ വിധി. മതനിരപേക്ഷതയും ജനാധിപത്യവും ഇന്ത്യാ രാജ്യത്തിന്റെ മുഖമുദ്രയാകണമെങ്കിൽ വിധ്വംസക പ്രവർത്തനങ്ങളിൽ നിന്ന് ഉത്തരവാദപ്പെട്ടവർ മാറി നിൽക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."