ആകാശപ്പൂരം കാത്തിരുന്നവരെ നിരാശപ്പെടുത്തിയ അര്‍ധരാത്രി; കേരളത്തില്‍ ഇന്നലെ വില്ലനായത് എന്ത്?.. ഇന്നും പ്രതീക്ഷിക്കണോ?
കേരളത്തില്‍ ഇന്നലെ വില്ലനായത് എന്ത്?.. ഇന്നും പ്രതീക്ഷിക്കണോ?
തലങ്ങും വിലങ്ങും ചീറിപ്പായുന്ന കൊള്ളിമീനുകള്‍.. ആകാശം നിറയെ പൂരം കണക്കെ വെളിച്ചം... ഇന്നലെ രാത്രി 12 മണി വരെ മലയാളികളുടെ മനസില്‍ ഇങ്ങനെയൊക്കെയായിരുന്നു... പക്ഷേ സമയം 12 കഴിഞ്ഞു,ഒരുമണിയായി,2 മണിയായി... അങ്ങനെ നേരം വെളുത്തിട്ടും പൂരം പോയിട്ട് ഒരു ഉല്‍ക്ക പോലും കാണാനാവാതെ വിഷമിച്ച മലയാളികള്‍.
ആകാശം പൂരം കാണാന്‍ റെഡിയായി അലാറം വെച്ച് എണീച്ചവരും കൂട്ടത്തിലുണ്ട്. ഇനി ബീച്ചില്‍ പോയാല്‍ നേരിട്ട് കാണാമെന്ന് കരുതി നേരെ അവിടേക്ക് വണ്ടിവിട്ടവരും ആകാശത്തേക്ക് നോക്കി കഴുത്ത് ഉളുക്കിയവരും അങ്ങനെ ആകാശപ്പൂരം കാണാന്‍വേണ്ടി പല അടവും പ്രതീക്ഷിച്ച മലയാളികള്‍.
ഒടുക്കം മഴക്കാറ് മൂടിയതുകൊണ്ടാണ് ഇവിടെ കാണാത്തതെന്ന് ചിന്തിച്ച് സോഷ്യല്‍ മീഡിയ നോക്കിയപ്പോഴാണ് ഭാഗ്യത്തിന് ആരും കണ്ടില്ലെന്ന് മനസിലായത് ശുഭം.
എന്നിട്ടും സമാധാനം കിട്ടാതെ ന്യൂസ് ലൈവ് കണ്ടു, അവസാനം തോറ്റ് പിന്മാറി.. മലപ്പുറം കത്തി, അമ്പും വില്ലും,നാടന്‍ ബോംബ് ഒടുക്കം ഹുതാ ഹവ…
യഥാര്‍ഥത്തില്‍ ഇന്നലെ സംഭവിച്ചതെന്താണ്?
സ്വിഫ്റ്റ് ടട്ടില്‍ എന്നൊരു വാല്‍ നക്ഷത്രമുണ്ട്, 133 വര്‍ഷം കൊണ്ടാണിത് സൂര്യനെ ചുറ്റുന്നത്. ആ ചുറ്റലിനിടെ വാല്‍നക്ഷത്രത്തില്‍ നിന്ന് തെറിച്ചുപോകുന്ന പൊടിപ!ടലങ്ങളും മഞ്ഞും ചെറു കഷ്ണങ്ങളുമൊക്കെ അതിന്റെ സഞ്ചാര പാതയില്‍ തങ്ങി നില്‍ക്കും. നമ്മുടെ ഭൂമി ആ വഴി കടന്നു പോകുമ്പോള്‍ ഈ അവശിഷ്ടങ്ങള്‍ നമ്മുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തി തീരും. ഇതാണ് എല്ലാ ആഗസ്റ്റ് മാസത്തിലും കാണുന്ന പെഴ്‌സീഡ്‌സ് ഉല്‍ക്കമഴ.
ഉല്‍ക്കമഴ എന്ന് പറയുമെങ്കിലും തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ടൊ ആകാശത്തെ തീ മഴയോ ഒന്നും പ്രതീക്ഷിക്കരുത്. വിരലിലെണ്ണാവുന്ന അത്ര കൊള്ളിമീന്‍ പാച്ചിലുകള്‍ മാത്രമാണ് പ്രതീക്ഷിക്കേണ്ടത്. നല്ല ക്ഷമയോടെ കാത്തിരുന്നാല്‍ ഒന്നോ രണ്ടോ പാച്ചിലുകള്‍ കാണാനായാല്‍ ഭാഗ്യം. അതും ആകാശം തെളിഞ്ഞിരുന്നാല്‍ മാത്രം.
കേരളത്തില്‍ ഇന്നലെ വില്ലനായത് കാലാവസ്ഥയും ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ സൃഷ്ടിച്ച അമിത പ്രതീക്ഷയുമാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ ഹൈപ്പ് കൊടുത്തായിരുന്നു ഉല്‍ക്കാവര്‍ഷ വാര്‍ത്തകള്‍. കൃത്യമായ ധാരണയില്ലാതെ വന്ന വാട്‌സ്ആപ്പ് മെസേജുകളും മറ്റും വലിയ തോതില്‍ ഷെയര്‍ചെയ്യപ്പെട്ടു.
വടക്കന്‍ ജില്ലകളിലും, മധ്യ കേരളത്തിലും പൊതു മേഘാവൃതമായ ആകാശമായിരുന്നു. ഇതിന് പുറമേയാണ് അന്തരീക്ഷ മലിനീകരണവും പ്രകാശ മലിനീകരണവും, നമ്മുടെ പ്രധാന നഗരങ്ങളില്‍ മാനം തെളിഞ്ഞു നിന്നാല്‍ ആകാശത്ത് നക്ഷത്രങ്ങള്‍ പോലും കാണാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും ചിലര്‍ക്ക് ചിത്രങ്ങളെടുക്കാന്‍ കഴിഞ്ഞു.
കൊല്ലത്തെ ആസ്‌ട്രോ ഫോട്ടോഗ്രാഫറായ ശരത്ത് പ്രഭാവ് മണിക്കൂറുകളുടെ ശ്രമമായി എടുത്ത ഫോട്ടോയാണ് ഇന്നലത്തെ ഉല്‍ക്കാവര്‍ഷത്തിന്റെ തെളിവായുള്ളത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഫോട്ടോ പങ്കുവച്ചത്
ഇന്നും കാത്തിരിക്കണോ?
ഇന്ന് രാത്രിയും കൂടി ഈ ആകാശക്കാഴ്ച കാണാന്‍ അവസരവുമുണ്ട്.പക്ഷേ പൂരത്തിന്റെ വെടിക്കെട്ട് പ്രതീക്ഷിക്കരുത് ….ഇനി ഇന്നും പറ്റിയില്ലെങ്കില്‍ അടുത്ത വര്‍ഷം നോക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."