നീറ്റ് പരീക്ഷയിൽ തോറ്റു; മകന് പിന്നാലെ അച്ഛനും ആത്മഹത്യ ചെയ്തു, തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം
നീറ്റ് പരീക്ഷയിൽ തോറ്റു; മകന് പിന്നാലെ അച്ഛനും ആത്മഹത്യ ചെയ്തു, തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം
ചെന്നൈ: നീറ്റ് പരീക്ഷയിൽ തോറ്റതിന് മകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ അച്ഛനും ആത്മഹത്യ ചെയ്തു. ഫോട്ടോഗ്രാഫറും ചെന്നൈയിലെ ക്രോംപേട്ടിൽ താമസക്കാരനുമായ പി. സെൽവശേഖർ ആണ് മരിച്ചത്. 19 കാരനായ മകൻ ജഗദീശ്വരന്റെ വേർപാട് താങ്ങാനാവാതെയാണ് ഞായറാഴ്ച പിതാവും ആത്മഹത്യ ചെയ്തത്. മകന്റെ മരണത്തെ തുടർന്ന് വിഷാദത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയിൽ വിജയിക്കാത്തതിനെ തുടർന്ന് ഒരു ദിവസം മുൻപാണ് മകൻ മരിച്ചത്.
നീറ്റിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രണ്ട് മരണം സംഭവിച്ചത്. സംഭവത്തിൽ ഗവർണർ ആർ.എൻ. രവിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തി. ഗവർണറുടെ ഹൃദയം കരിങ്കല്ല് പോലെയാണെന്നും, എത്ര ജീവൻ നഷ്ടമായാലും ഉരുകില്ല എന്നും സ്റ്റാലിൻ വിമർശിച്ചു. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ 2021-ൽ തമിഴ്നാട് സർക്കാർ നിയമസഭയിൽ പാസാക്കിയിരുന്നു. എന്നാൽ ഇതിൽ ഒപ്പിടാൻ ഗവർണർ തയ്യാറായിരുന്നില്ല. ഒരിക്കലും നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് ഗവർണർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന്റെ വിമർശനം.
ഭാര്യയിൽ നിന്ന് വേർപിരിഞ്ഞ ശേഷം മകനെ ഒറ്റയ്‌ക്ക് വളർത്തി വരികയായിരുന്നു സെൽവശേഖർ. അദ്ദേഹം ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോ നടത്തിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ നീറ്റ് യോഗ്യത നേടാൻ സാധിക്കാതെ വന്നതോടെ മകൻ എസ്. ജഗദീശ്വരൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ഉച്ചക്ക് മകനെ വിളിച്ച സമയത്ത് ഫോൺ എടുക്കാത്തതിന് തുടർന്ന് സ്റ്റുഡിയോയിൽ നിന്ന് വന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ജഗദീശ്വരൻ 2022-ൽ ഒരു സിബിഎസ്ഇ സ്കൂളിൽ നിന്ന് 12-ാം ക്ലാസ് പൂർത്തിയാക്കിയിരുന്നു. രണ്ട് തവണ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും പരീക്ഷയിൽ വിജയിക്കാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മകന്റെ മരണത്തെത്തുടർന്ന്, തന്റെ മകൻ ശരിയായി ഭക്ഷണം കഴിക്കുന്നില്ലെന്നും നീറ്റ് പാസാകാത്തതിന്റെ പേരിൽ വിഷാദത്തിലായിരുന്നുവെന്നും സെൽവശേഖർ പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."