ഹിമാചലില്‍ മേഘവിസ്‌ഫോടനം; 7 മരണം, വീടുകള്‍ ഒഴുകിപ്പോയി
ഹിമാചലില്‍ മേഘവിസ്‌ഫോടനം; 7 മരണം, വീടുകള്‍ ഒഴുകിപ്പോയി
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. സോളനിലെ കാണ്ഡഘട്ട് സബ്ഡിവിഷനിലെ മാലിംഗ് ഗ്രാമത്തിലാണ് സംഭവം. ആറുപേരെ രക്ഷപ്പെടുത്തി. രണ്ട് വീടുകളും ഒരു പശുത്തൊഴുത്തും ഒഴുകിപ്പോയതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാന്‍ അധികാരികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം പറഞ്ഞു.
'സോളന്‍ ജില്ലയിലെ ധാവ്‌ല സബ്തഹ്‌സിലിലെ വില്ലേജ് ജാഡോണില്‍ നടന്ന മേഘവിസ്‌ഫോടനത്തില്‍ 7 വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടതിനെ കുറിച്ച് കേട്ടപ്പോള്‍ തകര്‍ന്നുപോയി. കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് നിങ്ങളുടെ വേദനയിലും ദുഃഖത്തിലും പങ്കുചേരുന്നു. ' മുഖ്യമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു.
മഴ കനക്കുന്ന പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിലെ ആറു ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."