അരി ഭക്ഷണം കുട്ടികള്‍ക്കും വയോധികര്‍ക്കും; ബാക്കിയുള്ളവര്‍ ഇലകള്‍ ഭക്ഷിക്കും; ഇത് നൂഹിലെ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ അവസ്ഥ
ന്യൂഡല്‍ഹി: ഹരിനായിലെ നൂഹിലുണ്ടായ വര്‍ഗീയ കലാപം പ്രദേശത്തെ മുസ്ലിംകളുടെ മാത്രമല്ല, മ്യാന്‍മറിലെ ബുദ്ധിസ്റ്റ് തീവ്രവാദികളില്‍നിന്നും പട്ടാളക്കാരില്‍നിന്നും രക്ഷതേടിയെത്തിയ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ ജീവിതവും നരകതുല്യമാക്കി. ഇന്ത്യയില്‍ പ്രധാനമായും രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ വസിക്കുന്ന നാലഞ്ചു ക്യാംപുകളിലൊന്ന് സ്ഥിതിചെയ്യുന്നത് ഡല്‍ഹിക്കടുത്തുള്ള ഹരിയാനയിലെ നൂഹിലാണ്. ഇവിടെ വിജനമായി കിടന്ന ഭൂമിയില്‍ പ്ലാസ്റ്റിക് സീറ്റുകളും മരക്കമ്പുകളും ഉപയോഗിച്ച് കെട്ടിയുണ്ടാക്കിയ ടെന്റുകളില്‍ നൂറോളം രോഹിന്‍ഗ്യന്‍ കുടുംബങ്ങളാണ് കഴിയുന്നത്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി പദവിയോടെ ഇവിടെ താമസിക്കുന്ന രോഹിന്‍ഗ്യന്‍ വംശജര്‍ കൂലിവേലചെയ്താണ് നിത്യവൃത്തിക്കുള്ളത് കണ്ടെത്തുന്നത്.
എന്നാല്‍, നൂഹിലെ മുസ്ലിം ഭൂരിപക്ഷപ്രദേശത്തിലൂടെയുള്ള വി.എച്ച്.പിയുടെ യാത്ര വര്‍ഗീയസംഘര്‍ഷത്തില്‍ മുങ്ങിയതോടെ രോഹിന്‍ഗ്യന്‍ വംശജരുടെ ജീവിതം വഴിമുട്ടുകയായിരുന്നു. കഴിഞ്ഞമാസം 31നാണ് വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കലാപം തടയാനായി പ്രദേശത്ത് നിരോധനാജ്ഞ നിലവില്‍വന്നതോടെ രോഹിന്‍ഗ്യന്‍ വംശജര്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ വന്നതിനാല്‍ കുടുംബം പട്ടിണിയിലായി.
രൂക്ഷമായ ഭക്ഷ്യക്ഷാമത്തെത്തുടര്‍ന്ന് ഇലകള്‍ പുഴുങ്ങിത്തിന്നാണ് രോഹിന്‍ഗ്യന്‍ വംശജര്‍ വിശപ്പടക്കിയത്. ആകെയുള്ള ചോറ് കുട്ടികളും പ്രായമുള്ളവരും കഴിക്കും. യുവതീയുവാക്കള്‍ ഇല പുഴുങ്ങിത്തിന്നാണ് വിശപ്പടക്കുക. രോഹിന്‍ഗ്യന്‍ വംശജര്‍ ഇലകളും തണ്ടുകളും തിളപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
റിക്ഷ ഓടിച്ചും കൂലിപ്പണിയെടുത്തുമാണ് ഇവിടെയുള്ളവര്‍ പണം കണ്ടെത്തുന്നത്. ഐഡി കാര്‍ഡോ പൗരന്‍മാര്‍ക്കുള്ള പദവിയോ ഇല്ലാത്തതിനാല്‍ കൂലിവേലക്ക് പോകുകയല്ലാതെ മറ്റുനിര്‍വാഹമില്ല. 200- മുതല്‍ 300 രൂപവരെയാണ് മിക്കവരുടെയും വരുമാനം. ഇതാവട്ടെ അവരുടെ ഓരോദിവസത്തെയും ജീവിതചെലവിനുള്ള തുകയാണ്. മാത്രമല്ല എല്ലാദിവസവും ജോലി ലഭിക്കുകയുമില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ പത്തുദിവസത്തിലേറെ ജോലിക്ക് പോകാന്‍ കഴിയാതിരുന്നതാണ് ക്യാംപില്‍ കടുത്ത ഭക്ഷ്യക്ഷാമം അനുഭവപ്പെട്ടത്.
At Rohingya camp rice for children boiled leaves for others
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."