ഓണത്തിന് ഒരു ട്രിപ്പായാലോ? മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ നേരിട്ട് പോയി വരാന്‍ സാധിക്കുന്ന രാജ്യങ്ങളെ പരിചയപ്പെടാം
ഓണത്തിന് ഒരു ട്രിപ്പായാലോ? മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ നേരിട്ട് പോയി വരാന്‍ സാധിക്കുന്ന രാജ്യങ്ങളെ പരിചയപ്പെടാം
ഓണമെത്തിയതോടെ അവധിക്കാല ആഘോഷത്തിമിര്‍പ്പിലേക്ക് കടക്കുകയാണ് കേരളം. ഓണാഘോഷങ്ങളും യാത്രകളുമൊക്കെയായി കേരളത്തിലെ കുടുംബങ്ങള്‍ അവധിക്കാലം എങ്ങനെ ചെലവഴിക്കാമെന്ന ചിന്തയിലാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണ് യാത്രകള്‍. അതും കുറഞ്ഞ ചെലവില്‍ വളരെ പെട്ടെന്ന് പോയി വരാന്‍ സാധിക്കുമെങ്കില്‍ അതിലും മികച്ച ഓപ്ഷന്‍ വേറെയുണ്ടോ? പക്ഷെ എവിടെ പോകും?
എന്നാല്‍ ഇനിമുതല്‍ ആ ചോദ്യം ചോദിച്ച് സമയം കളയണ്ട. ഇത്തവണ നമുക്കൊരു വിമാന യാത്ര തന്നെ അങ്ങ് പ്ലാന്‍ ചെയ്ത് കളയാം. ഇന്ത്യയില്‍ നിന്ന് നേരിട്ട് ഫ്‌ളൈറ്റ് കിട്ടുന്ന രാജ്യങ്ങള്‍ തെരഞ്ഞെടുത്ത് ഒരു യാത്ര പോയിക്കളയാം.
മാലിദ്വീപ്
ഇന്ത്യയില്‍ നിന്ന് നേരിട്ട് ഫ്‌ളൈറ്റ് പിടിച്ച് പോയി വരാന്‍ സാധിക്കുന്ന സഞ്ചാരികളുടെ പറുദീസയാണ് മാലിദ്വീപ്. കുറഞ്ഞ ചെലവിലും കുറഞ്ഞ സമയത്തിലും ഇവിടെ പോയി വരാന്‍ സാധിക്കും. മനോഹരമായ ബീച്ചുകളും റിസോര്‍ട്ടുകളും സ്ട്രീറ്റുകളും കൊണ്ട് സമ്പന്നമാണ് ഇവിടം. ടൂറിസം പ്രധാന വരുമാന മാര്‍ഗമായത് കൊണ്ടുതന്നെ നിരവധി കാഴ്ച്ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത.് വളരെ കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ കഴിയുന്ന അതിഥി മന്ദിരങ്ങളും അത്യാഢംബരം നിറഞ്ഞ മുന്തിയ റിസോര്‍ട്ടുകളും നിങ്ങള്‍ക്കായി ഇവിടെയുണ്ട്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഡൈവിങ് സ്‌പോട്ടാണ് മാലിദ്വീപിലുള്ളത്.
സിങ്കപ്പൂര്‍
ഏഷ്യയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് സിങ്കപ്പൂര്‍. ഇന്ത്യയോട് ഏറ്റവും അടുത്ത് കിടക്കുന്ന ഈ കുഞ്ഞന്‍ രാജ്യത്തേക്ക് കുറഞ്ഞ ചെലവില്‍ സുരക്ഷിതമായൊരു യാത്ര നമുക്ക് പ്ലാന്‍ ചെയ്യാം. ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള രാജ്യമായി പരിഗണിക്കുന്ന സ്ഥലമാണിവിടം. മനോഹരമായ സ്ട്രീറ്റുകളും റിസോര്‍ട്ടുകളും അത്യാധുനിക മാളുകളും നിങ്ങള്‍ക്കിവിടെ കാണാം. കൂട്ടത്തില്‍ രുചികരമായ ഭക്ഷണവും സ്‌നേഹമുള്ള മനുഷ്യരും. നിരവധി ഇന്ത്യന്‍ വംശജര്‍ സിങ്കപ്പൂരിലുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന രാജ്യമെന്ന പദവിയും സിങ്കപ്പൂരിനുണ്ട്. വളരെ പെട്ടെന്ന് പോയി വരാന്‍ സാധിക്കുന്ന രാജ്യത്ത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നത് സിങ്കപ്പൂരിന്റെ രാത്രി ജീവിതമായിരിക്കും. അപ്പോള്‍ ഇന്ന് തന്നെ പ്ലാനിട്ടോളൂ.
തായ്‌ലാന്റ്
പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തില്‍ കേരളവുമായി ഏറ്റവും സാമ്യമുള്ള ഏഷ്യന്‍ രാജ്യമാണ് തായ്‌ലാന്റ്. ബീച്ചുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും രാത്രി ജീവിതത്തിനും പേര് കേട്ട രാജ്യമാണ് തായ്‌ലാന്റ്. ലോക പ്രശസ്ത ഹണിമൂണ്‍ ഡെസ്റ്റിനേഷനായി പരിഗണിക്കുമ്പോഴും പല കുപ്രസിദ്ധ കാര്യങ്ങള്‍ക്കും തായ്‌ലാന്റ് പ്രസിദ്ധമാണ്. എങ്കിലും നല്ലൊരു ടൂര്‍ പാക്കേജിലൂടെ കുടുംബവുമായി പോയി വരാന്‍ സാധിക്കുന്ന രാജ്യം തന്നെയാണിത്. ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വ്വീസിലൂടെ നിങ്ങള്‍ക്ക് തായ്‌ലാന്റിലെത്താം. ടിക്കറ്റ് നിരക്കും താരതമ്യേന കുറവാണ്.
ശ്രീലങ്ക
ഇന്ത്യയുമായി ഭൂമിശാസ്ത്ര പരമായും സാംസ്‌കാരിക പരമായും അടുത്തു നില്‍ക്കുന്ന രാജ്യമാണ് ശ്രീലങ്ക. സമുദ്രാതിര്‍ത്തി പങ്കിടുന്ന പ്രദേശം ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള കോട്ടകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും പുരാവസ്തു സ്മാരകങ്ങള്‍ക്കും പേരുകേട്ട ഇടമാണ്. മാത്രമല്ല ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ തമിഴ് വംശജരുളള നാടു കൂടിയാണിത്. കേരളത്തിലെ തേയിലക്കുന്നുകളോട് സമാനമായ പ്രദേശങ്ങള്‍ ശ്രീലങ്കയില്‍ ധാരാളമുണ്ട്. സ്‌കൂബാ ഡൈവിങ്, സ്‌നോര്‍ക്കലിങ് തുടങ്ങിയവക്ക് പ്രസിദ്ധമാണിവിടം. നമുക്ക് ഏറ്റവും അടുത്ത പ്രദേശമായത് കൊണ്ടുതന്നെ കുറഞ്ഞ ചെലവിലും വളരെ വേഗത്തിലും പോയി വരാവുന്ന വിമാന സര്‍വ്വീസുകള്‍ ശ്രീലങ്കയിലേക്കുണ്ട്.
ബംഗ്ലാദേശ്
സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് ഇന്ത്യയുടെയും പിന്നീട് പാക്കിസ്ഥാന്റെയും ഭാഗമായിരുന്ന രാജ്യമാണ് ബംഗ്ലാദേശ്. പിന്നീട് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷവും ഇന്ത്യയുമായി വളരെ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന നാടാണിത്. അതുകൊണ്ട് തന്നെ ഇന്ത്യക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പോയി വരാവുന്ന രാജ്യമാണിത്. പശ്ചിമ ബംഗാളിനോട് അതിര്‍ത്തി പങ്കിടുന്നത് കൊണ്ട് തന്നെ സാസ്‌കാരികമായും ഭൂമി ശാസ്ത്ര പരമായും ഇന്ത്യയുമായി സാമ്യത പുലര്‍ത്തുന്ന നാടാണിത്. പക്ഷെ മലയാളികളെ സംബന്ധിച്ച് ടൂറിസത്തില്‍ ഇതുവരെ പരീക്ഷിച്ച് നോക്കാത്ത നാട് കൂടിയാണിത്. എന്നാല്‍ നിരവധി ചരിത്ര സ്മാരകങ്ങളും പ്രകൃതി രമണീയമായ സ്ഥലങ്ങളും ഫുഡ് കോര്‍ട്ടുകളും നിറഞ്ഞ പ്രദേശമാണിവിടം. തലസ്ഥാനമായ ധാക്കയാണ് രാജ്യത്തെ ഏറ്റവും വലിയ നഗരം. ഏറ്റവും കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടവും ഇതുതന്നെയാണ്. രണ്ട് മൂന്ന് ദിവസത്തെ യാത്ര പ്ലാന്‍ ചെയ്ത് കുറഞ്ഞ ചെലവില്‍ പോയി വരാന്‍ സാധിക്കുന്ന രാജ്യമാണിത്. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ നിന്നും ധാക്കയിലേക്കും മറ്റ് പ്രദേശങ്ങളിലേക്കും വിമാന സര്‍വ്വീസും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."