സ്വാതന്ത്ര്യദിനം ഗ്രോ വാസു ജയിലില്‍ ആഘോഷിക്കും
സ്വാതന്ത്ര്യദിനം ഗ്രോ വാസു ജയിലില്‍ ആഘോഷിക്കും
കോഴിക്കോട്: ഇത്തവണ കോഴിക്കോട് ജില്ലാ ജയിലിലെ സ്വാതന്ത്ര്യദിനാഘോഷവും ഓണാഘോഷവും വേറിട്ടതാകും. കാരണം മനുഷ്യാവകാശ പോരാട്ടത്തിലൂടെ പ്രശസ്തനായ ഗ്രോ വാസു റിമാന്‍ഡിലായി ഇവിടെയുണ്ട്. തിരുനെല്ലി നക്സലൈറ്റ് ആക്രമണ കേസിനു ശേഷം വാസു ജയിലിലാകുന്നത് ഇപ്പോഴാണ്. അതും ആയിരം രൂപ പിഴയടച്ചാല്‍ തീരുന്ന നിസാര കേസില്‍. എന്നാല്‍ കുറ്റം ചെയ്തിട്ടില്ലാത്തതിനാല്‍ അഞ്ചു പൈസയും പിഴയടക്കില്ലെന്ന അദ്ദേഹത്തിന്റെ നിലപാടിനു മുന്നില്‍ നീതിപീഠം പോലും അമ്പരന്നുനിന്നു.
കേസില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരെല്ലാം ജാമ്യമെടുത്തു. എന്തുകൊണ്ട് താങ്കള്‍ ജാമ്യമെടുക്കുന്നില്ലെന്ന് കോടതി ആവര്‍ത്തിച്ചു ചോദിക്കുന്ന അവസ്ഥ മറ്റൊരു കേസിലും ഉണ്ടായിക്കാണില്ല. നീതിക്കുവേണ്ടി പോരാടിയതിന്റെ പേരില്‍ ഈ സ്വാതന്ത്ര്യദിനത്തില്‍ ഗ്രോ വാസു ജയിലിലായിരിക്കും. സ്വാതന്ത്ര്യം, പാരതന്ത്ര്യം, നീതി എന്നീ വിഷയങ്ങളുയര്‍ത്തിയാണ് വാസുവാസുവിന്റെ ഒറ്റയാള്‍ പോരാട്ടം.
നിലമ്പൂര്‍ കരുളായി വനമേഖലയില്‍ കുപ്പു ദേവരാജ്, അജിത എന്നിവരെ പൊലിസ് വെടിവച്ചു കൊന്നതാണ് തുടക്കം. ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാത്തതില്‍ പ്രതിഷേധിച്ചതിനാണ് എ.വാസു ഉള്‍പ്പെടെയുള്ള ഏതാനും പേര്‍ക്കെതിരേ മെഡിക്കല്‍ കോളജ് പൊലിസ് കേസെടുത്തത്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വധിക്കപ്പെട്ട എട്ട് മാവോയിസ്റ്റുകളുടെ ഓര്‍മയിലേക്ക് മലയാളികളെ ഒരിക്കല്‍ കൂടി എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു എ.വാസു. മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അജിത, കുപ്പു ദേവരാജ് എന്നിവരെ കൂടാതെ എട്ടുപേരെ പശ്ചിമഘട്ടത്തില്‍ വെടിവെച്ചു കൊന്നതു സംബന്ധിച്ചും അന്വേഷണം നടക്കുകയോ കേസെടുക്കുകയോ ചെയ്യാത്തതില്‍ എ.വാസു പ്രതിഷേധം അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."